കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ഒരുവയസ്സ്
മലയാളസിനിമയ്ക്കും കലാസാംസ്കകാരിക മേഖലയേ്ക്കും നികത്താനാവാത്ത നഷ്ടമായി കലാഭവൻ മണി വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. തന്മയത്വമാർന്ന കഥാപാത്രങ്ങളിലൂടെയും മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെയും മലയാളി ഹൃദയങ്ങളിൽ നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മണി ഇന്നും ജീവിക്കുന്നു.
ചാലക്കുടിയിൽ രാമൻ - അമ്മിണി ദന്പതികളുടെമകനായി 1971ൽ ജനനം. ദരിദ്രകുടുംബാംഗമായിരുന്ന മണി ഓട്ടോറിക്ഷ ഓടിച്ച് ജീവിത വൃത്തിയ്ക്ക് വക കണ്ടെത്തി. മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാഭവനിലെത്തി. അങ്ങനെ മണി കലാഭവൻ മണിയായി. അക്ഷരം എന്ന ചിത്രത്തിൽ ഒരു ഓട്ടോ റിക്ഷ ഡ്രൈവറുടെവേഷത്തിൽ മണി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സുന്ദർദാസ് ചിത്രം സല്ലാപത്തിലൂടെ കലാഭവൻ മണി ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീടങ്ങോട്ട് ഹാസ്യലോകത്ത് മണിതന്റേതായ സിംഹാസനമുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ സാക്ഷിയായത്. 1999ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന വിനയൻ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തിയ മണിയുടെ അഭിനയമികവിനെ സിനിമാപ്രേമികൾ ഒന്നടങ്കം വാഴ്ത്തി.
അന്ധനായ രാമുവായി മണി പകർന്നാടിയപ്പോൾഅത് മികച്ച നടനുള്ള ദേശീയ അവാർഡിനരികിൽ വരെ മണിയെ എത്തിച്ചു. പുരസ്ക്കാരം പ്രത്യേക ജൂറി പുരസ്ക്കാരത്തിലൊതുങ്ങിയപ്പോൾ കുഴഞ്ഞു വീണും മണി അന്ന് വാർത്തകളിൽ ഇടംനേടി. കരുമാടിക്കുട്ടൻ, ബെൻജോൺസൺ, ആയിരത്തിൽ ഒരുവൻ, ലോകനാഥൻ IAS,കേരള പൊലീസ്, റെഡ് സല്യൂട്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പരമ്പരാഗത നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി.
കൂടാതെ വില്ലൻ വേഷങ്ങളിലും മണിയുടെ അഭിനയ പ്രതിഭ കയ്യൊപ്പ് ചാർത്തി. മലയാളത്തിനപ്പുറവും വളർന്നു മണിപ്പെരുമ. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം മണി തന്റേതായ ഇടം നേടി. സിനിമയിൽ താരപദവി അലങ്കരിക്കുമ്പോഴുംചെറുപ്പം മുതൽ കൈമുതലായിരുന്ന നാടൻ പാട്ടിനെ കൈവിടാൻ മണി തയ്യാറായിരുന്നില്ല. കാസറ്റുകളിലൂടെയും ആൽബങ്ങളിലൂടെയും നാടൻ പാട്ടിനെ മണി കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തിച്ചു. അങ്ങനെ പുതിയ തലമുറയ്ക്കുമുന്നിൽ കലാഭവൻ മണിയെന്ന് പേര് നാടൻ പാട്ടിന്‍റെ പര്യായമായും മാറി.
കലാലോകത്ത് തലഉയർത്തി നിൽക്കുമ്പോഴും വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു മണി. അതിരപപ്പള്ളിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ മണിക്കെതിരെ കേസെടുത്തു. എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വാക്കേറ്റം നടത്തിയും മണി വിവാദ കോളങ്ങളിൽ ഇടം നേടി. ഏറ്റവും ഒടുവിൽ ചാലക്കുടിയിലെ പാടിയെന്ന സ്വാകര്യവിശ്രമകേന്ദ്രത്തിലെ മദ്യപാനസദസ് കഴിഞ്ഞ് മാർച്ച് 5 ന് അബോധാവസ്ഥയിൽ മണി കൊച്ചിയിലെ ആശുപത്രിക്കിടക്കയിലെത്തി. തൊട്ടു പിറ്റേന്നാൾ മാച്ച് 6 ന് ഒരു ദുരന്തചിത്രത്തിന്റെ ക്ലൈമാക്സ് പോലെ മണിയാത്രയായി; ഒരുപാടു ചോദ്യങ്ങൾഅവശേഷിപ്പിച്ച് കൊണ്ട്.