നിയമനടപടിയിലേക്ക് നീങ്ങിയതിന് കാരണമെന്ത്?; അങ്കിള്‍ മോഷണാരോപണത്തില്‍ ജോയ് മാത്യുവിന്‍റെ മറുപടി

  • വാട്ട്സ്ആപില്‍ സന്ദേശമെത്തിയത് റിലീസിന് മൂന്ന് ദിവസം മുന്‍പെന്ന് ജോയ് മാത്യു
  • ആരോപണവുമായി എത്തിയത് കുഞ്ഞിനാരായണന്‍ എന്നയാള്‍
Joy Mathew on Uncle controversy

താന്‍ രചന നിര്‍വ്വഹിച്ച മമ്മൂട്ടി ചിത്രം 'അങ്കിളി'ന്റെ ആശയം മോഷ്ടിക്കപ്പെട്ടതാണെന്ന ആരോപണത്തില്‍ ജോയ് മാത്യുവിന്റെ മറുപടി. ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനുള്ള ചിത്രത്തിന് സമാനമായി തങ്ങള്‍ ഒരു ചിത്രം ആലോചിച്ചിരുന്നുവെന്നും അതില്‍ ജോയ് മാത്യുവിനെത്തന്നെയാണ് നായകനായി തീരുമാനിച്ചിരുന്നതെന്നും കുഞ്ഞിനാരായണന്‍ എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'അങ്കിളി'ന്റെ റിലീസ് ദിനത്തില്‍ ജോയ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനി 'അഭ്ര ഫിലിംസി'ല്‍നിന്നും തനിക്ക് കവിയറ്റ് ഹര്‍ജി ലഭിച്ചെന്നും പിറ്റേന്ന് വക്കീല്‍ നോട്ടീസ് ലഭിച്ചെന്നും കുറിക്കുന്നു കുഞ്ഞിനാരായണന്‍. എന്നാല്‍ നിയമപരമായി നീങ്ങി എന്നത് വാസ്തവമാണെന്നും ആരോപണം ഉന്നയിക്കുന്ന ആള്‍ക്കെതിരേ 14 ജില്ലകളില്‍നിന്നും കവിയറ്റ് ഹര്‍ജി അയച്ചുവെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ജോയ് മാത്യു പ്രതികരിച്ചു. അത്തരത്തില്‍ നിയമനടപടികളിലേക്ക് നീങ്ങാനുണ്ടായ സാഹചര്യം വിശദീകരിക്കുന്നു ജോയ് മാത്യു.

"പ്രവാസി ടെലിവിഷന്‍ എന്ന കമ്പനി ഏത് സിനിമയാണ് ഇതിനുമുന്‍പ് നിര്‍മ്മിച്ചിട്ടുള്ളത്? ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജീവിക്കുന്ന ആളുകളില്ലേ? സിനിമ എടുക്കാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞ് ചിലര്‍ ജീവിക്കും. ആരോപണം ഉന്നയിച്ചിരിക്കുന്ന കുഞ്ഞിനാരായണന്‍ എന്നയാളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്‍റെ ഫേസ്ബുക്ക് സുഹൃത്ത് പോലുമല്ല. ഇയാള്‍ വാട്ട്‌സ്ആപില്‍ ഒരുദിവസം എനിക്ക് മെസേജ് അയയ്ക്കുകയായിരുന്നു. 'അങ്കിള്‍' സിനിമയുടെ റിലീസിന് മൂന്ന് ദിവസം മുന്‍പാണ് ആദ്യമായി മെസേജ് വന്നത്. ഇതേ സിനിമ എന്നെ നായകനാക്കി അവര്‍ ആലോചിച്ചിരുന്നു എന്നുംപറഞ്ഞ്. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ വില്ലന്‍ പരിവേഷമുള്ള കഥാപാത്രമായി നിങ്ങളെ ഞങ്ങള്‍ കാസ്റ്റ് ചെയ്തിരുന്നുവെന്നായിരുന്നു സന്ദേശം. നായികയെ കിട്ടിയില്ലെന്നും രഞ്ജിത്തിനെയും ശ്രീനിവാസനെയും കുട്ടിയുടെ അച്ഛന്റെ വേഷത്തിലേക്ക് ആലോചിച്ചിരുന്നുവെന്നും.

കഥയുടെ ഉടമയായി ജയലാല്‍ എന്നൊരാളുടെ പേരാണ് എനിക്ക് ലഭിച്ച വാട്ട്‌സ്ആപ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്. ജയലാലിനോട് എന്നെ വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ ജയലാല്‍ അതിന് തയ്യാറല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. സ്വന്തം കഥ മറ്റൊരാള്‍ സിനിമയാക്കുന്നതായി അറിയുമ്പോള്‍ എഴുതിയയാള്‍ ഇത്തരത്തിലാണോ പ്രതികരിക്കുക? പിന്നീടയാള്‍ ഇക്കാര്യവുമായി കോഴിക്കോടുള്ള ഒരു വക്കീലിനെ സമീപിച്ചു. പക്ഷേ അത് ഏറെക്കാലമായി എനിക്ക് പരിചയമുള്ള സുഹൃത്തായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് കാര്യം പറഞ്ഞു. നിയമപരമായ സാധ്യതകളുടെ പരിമിതികളെപ്പറ്റി ബോധ്യപ്പെട്ടതുകൊണ്ടായിരിക്കാം കുഞ്ഞിനാരായണന്‍ എന്നയാള്‍ വീണ്ടും എനിക്ക് മെസേജ് അയച്ചു. 'ഹു ആര്‍ യു?' എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് കാണിച്ചുതരാമെന്നായിരുന്നു അയാളുടെ പ്രതികരണം. 

ഒരു പരിചയവുമില്ലാത്ത ഒരാള്‍ അപ്രതീക്ഷിതമായി ഇത്തരമൊരു ആരോപണവുമായി വന്നപ്പോള്‍ സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാള്‍ ഇല്ലാത്ത ഒരു കഥയും പറഞ്ഞ് കോടതിയെ സമീപിച്ചാല്‍ തല്‍ക്കാലത്തേക്ക് ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഞാന്‍ ആലോചിച്ചു. ആരോപണം ശരിയാണോ എന്ന് പരിശോധിക്കാന്‍ കോടതി മിക്കവാറും സമയം ആവശ്യപ്പെടും. റിലീസിംഗ് ചിലപ്പോള്‍ പ്രശ്‌നമാവും. അടിസ്ഥാനരഹിതമായ ഒരു ആരോപണം മൂലം അത് സംഭവിക്കാതിരിക്കാന്‍ നിയമകാര്യങ്ങളില്‍ അവഗാഹമുള്ള സുഹൃത്തുക്കളോട് ആലോചിച്ച് 14 ജില്ലകളില്‍നിന്നും അയാള്‍ക്കെതിരേ ഞങ്ങള്‍ കവിയറ്റ് അയച്ചു. അയാള്‍ക്ക് വേണ്ടത് ചുളുവില്‍ ഒരു പ്രശസ്തിയാണ്. ഈ വിഷയത്തില്‍ വാര്‍ത്താസമ്മേളനമൊക്കെ നടത്തി വിവാദമുണ്ടാക്കി.. അങ്ങനെ."

 

'മഴ പറയാന്‍ മറന്നത്' എന്ന പേരില്‍ 2011 മുതല്‍ തങ്ങളുടെ ആലോചനയിലുള്ള സിനിമയ്ക്ക് സമാനമാണ് 'അങ്കിളി'ന്റെ കഥ എന്നാണ് കുഞ്ഞിനാരായണന്‍ എന്നയാളുടെ ആരോപണം. 2014ല്‍ പ്രോജക്ട് തയ്യാറാക്കിയെന്നും പിന്നാലെ നെഗറ്റീവ് ഷെയ്ഡുള്ള നായകകഥാപാത്രമാവാന്‍ ജോയ് മാത്യുവിനെ ക്ഷണിച്ചുവെന്നും സന്തോഷത്തോടെ അദ്ദേഹം സമ്മതിച്ചുവെന്നും പറയുന്നു കുഞ്ഞിനാരായണന്‍. താന്‍ മാനേജിംഗ് ഡയറക്ടര്‍ ആയ പ്രവാസി ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചിത്രം നിര്‍മ്മിക്കാനിരുന്നതെന്നും ജയലാല്‍ വിശ്വനാഥ് എന്നയാളുടേതായിരുന്നു കഥയെന്നും സുരേഷ് ഇരിങ്ങല്ലൂരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കാനിരുന്നതെന്നും പറയുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം. നായികയെ കണ്ടെത്താനാവാത്തതിനാലാണ് പ്രോജക്ട് നീണ്ടുപോയതെന്നും ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ നായികയെ കണ്ടെത്തിയെന്നും പ്രോജക്ട് പുനരാരംഭിക്കാന്‍ തീരുമാനിച്ചുവെന്നും കുഞ്ഞിനാരായണന്‍. ഈ മാസം ചിത്രത്തിന്‍റെ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനായി ഫിലിം ചേംബറിനെ സമീപിച്ച സമയത്താണ് തങ്ങളുടെ കഥ മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞതെന്നുമാണ് ആരോപണം.

Latest Videos
Follow Us:
Download App:
  • android
  • ios