അക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിച്ചതിനാൽ അവസരങ്ങൾ നഷ്ടമായെന്ന് ജോയ് മാത്യു
നേരിട്ട് ഒന്നും ഉണ്ടാകിലല്ലോ, പ്രത്യക്ഷത്തിൽ നമുക്കൊന്നും കാണാനാകില്ല. പക്ഷേ രഹസ്യമായി അങ്ങനെ ചിലതുണ്ടെന്ന് ഞാൻ ധരിക്കുന്നു. കാരണം പലർക്കും ഇഷ്ടമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്നു. അപ്രിയ സത്യങ്ങൾ പറയുന്നു. എനിക്കാണേൽ അത് പറയാതിരിക്കാനും പറ്റില്ല. ഞാൻ ജനിച്ചുവീണത് സിനിമക്കാരനായി അല്ലല്ലോ... അപ്പോ നമ്മൾ പ്രതികരിച്ചുപോകും.
നടി അക്രമിക്കപ്പെട്ട കേസിൽ സംഘടനയ്ക്കുള്ളിൽ പ്രതികരിച്ചതടക്കമുള്ള സംഭവങ്ങളുടെ പേരിൽ തനിക്ക് സിനിമകൾ നഷ്ടപ്പെടുന്നുണ്ടെന്ന് നടൻ ജോയ് മാത്യു. പ്രത്യക്ഷത്തിൽ അങ്ങനെയൊരു നീക്കമില്ലെങ്കിലും തനിക്കെതിരെ രഹസ്യനീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് തന്റെ ധാരണയെന്നും അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നത് തന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതിനിയും തുടരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞങ്ങളുടെ പ്രതിനിധി നരേന്ദ്രനാഥുമായി ജോയ് മാത്യു നടത്തിയ സംഭാഷണത്തിൽ നിന്ന്.
ലൈംഗിക പീഡനത്തെ അതിജീവിച്ച നടിക്കുവേണ്ടി പ്രതികരിച്ചു എന്നതടക്കമുള്ള ഇടപെടലുകൾ കൊണ്ട് അടുത്ത കാലത്ത് സിനിമയിൽ താങ്കൾക്കെന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ....?
നേരിട്ട് ഒന്നും ഉണ്ടാകിലല്ലോ, പ്രത്യക്ഷത്തിൽ നമുക്കൊന്നും കാണാനാകില്ല. പക്ഷേ രഹസ്യമായി അങ്ങനെ ചിലതുണ്ടെന്ന് ഞാൻ ധരിക്കുന്നു. കാരണം പലർക്കും ഇഷ്ടമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്നു. അപ്രിയ സത്യങ്ങൾ പറയുന്നു. എനിക്കാണേൽ അത് പറയാതിരിക്കാനും പറ്റില്ല. ഞാൻ ജനിച്ചുവീണത് സിനിമക്കാരനായി അല്ലല്ലോ... അപ്പോ നമ്മൾ പ്രതികരിച്ചുപോകും. അപ്പോൾ ചില ആൾക്കാർക്ക് ഇഷ്ടമാകില്ല. ആ ഇഷ്ടക്കേട് അവർ കാണിക്കുമല്ലോ. പക്ഷേ അതൊന്നും എന്നെ എന്‍റെ സാമൂഹ്യവിമർശനങ്ങളിൽ നിന്നോ എന്‍റെ കലാപരമായ പ്രവർത്തനങ്ങളിൽ നിന്നോ മാറ്റി നിർത്തുന്നില്ല, മാറ്റി നിർത്താൻ പറ്റില്ല.
അവസരങ്ങളെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ?
ഒന്നുരണ്ട് അവസരം നഷ്ടപ്പെട്ടു എന്നുതോന്നുന്നു. ഞാനതിന്‍റെ പിന്നാലെ പോയിട്ടൊന്നുമില്ല, ആദ്യം ബുക് ചെയ്തിരുന്നു, പിന്നീട് വിളിച്ചില്ല. അല്ലാതെ തന്നെ എനിക്ക് പടങ്ങളുണ്ട്. അതുകൊണ്ട് പ്രശ്നമൊന്നുമില്ല.
അമ്മ വിഷയത്തിൽ മോഹൻലാലിന് രണ്ടുപ്രാവശ്യം കത്തയച്ചു. അതല്ലാതെ പുറത്തേക്ക് പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലല്ലോ, പ്രതികരണം അങ്ങനെ ചുരുക്കിയത് എന്തുകൊണ്ടാണ്?
നമ്മൾ ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ ആ സംഘടനയുടേതായ ഒരു ബൈലോ അനുസരിച്ചേ പ്രവർത്തിക്കാൻ പറ്റുകയുള്ളൂ. എനിക്ക് വേണമെങ്കിൽ രാജിവച്ച് പുറത്തു വന്നിട്ട് വിളിച്ചുപറയാം. അതിനേക്കാൾ നല്ലത് സംഘടനയിൽ നിന്നുകൊണ്ടുതന്നെ അതിനെ നേരെയാക്കുന്നതല്ലേ? നിങ്ങൾക്കൊരു സംഘടന എളുപ്പത്തിൽ പൊളിക്കാം. ഒരു സംഘടന ഉണ്ടാക്കിയെടുത്ത് അത് നടത്തിക്കൊണ്ടു പോകുന്നത് ഭാരിച്ച ഒരു ഉത്തരവാദിത്തവും പ്രവർത്തനവുമാണ്. അങ്ങനെയൊന്നിനെ നമ്മൾ കണ്ടില്ല എന്ന് നടിക്കരുത്.
ബഹളമുണ്ടാക്കിയിട്ട് ഞാൻ എതിർക്കുന്നു എന്നൊക്കെപ്പറയുന്നത് പഴയൊരു രീതിയാണ്. പുതിയ രീതി സംഘടനക്കുള്ളിൽത്തന്നെ ജനാധിപത്യ രീതിയിൽ നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും അവർ നമ്മളെ കേൾക്കാൻ തയ്യാറാവുകയും ചെയ്യുന്ന തരത്തിൽ പോവുക എന്നുള്ളതാണ്. അതുകൊണ്ടാണ് അവിടെ എന്താണ് ഞാൻ പറഞ്ഞതെന്നോ ഇനി പറയാൻ പോകുന്നതെന്നോ മാധ്യമങ്ങളോട് പറയാത്തത്.
അമ്മ എന്ന സംഘടനയുടെ ഭരണസംവിധാനത്തിലടക്കം ഒരു പൊളിച്ചെഴുത്ത് ആവശ്യമുണ്ടെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?
സ്വാഭാവികമായും കാലത്തിനനുസരിച്ച് മാറണമല്ലോ. ഇപ്പോഴുള്ളത് പത്തിരുപത്തഞ്ച് കൊല്ലം മുൻപുള്ള ബൈലോയാണ്. അതിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. അത് ഏത് സംഘടനയായായലും. അംഗങ്ങളുടെ അനുമതിയോടെ കാലോചിതമായ മാറ്റങ്ങൾ വരുത്താത്തതുകൊണ്ടാണ് പല രാഷ്ട്രീയ പാർട്ടികളും തുടങ്ങിയിടത്തുതന്നെ നിൽക്കുന്നതും നശിച്ചുപോകുന്നതും.
അങ്കിൾ എന്ന സിനിമ താങ്കളെ സംബന്ധിച്ച് എങ്ങനെയുണ്ടായിരുന്നു?
അങ്കിൾ എന്നെ സംബന്ധിച്ചിടത്തോളം എല്ലാ അർത്ഥത്തിലും വിജയമാണ്. വാണിജ്യവിജയമായിരുന്നു, തീയേറ്ററിൽ 75 ദിവസത്തോളം ഓടി. അതിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ പകർപ്പവകാശങ്ങൾ വിറ്റുകൊണ്ടിരിക്കുന്നു. സാറ്റലൈറ്റ് റൈറ്റും വിറ്റുപോയി. മാത്രമല്ല, കേരളം ഇന്ന് നേരിടുന്ന ഒരു സാമൂഹ്യപ്രശ്നത്തിലേക്കാണ് അത് വിരൽ ചൂണ്ടിയത്. സദാചാര ഗുണ്ടകളെപ്പറ്റിയാണ് ആ സിനിമ. അതുമാത്രമല്ല, സ്ത്രീപുരുഷ ബന്ധം, നമ്മുടെ മക്കളും സുഹൃത്തുക്കളും തമ്മിലുള്ള ബന്ധം. അങ്ങനെ ഒരുപാട് തലങ്ങളിൽ സഞ്ചരിക്കുന്ന ഒരു സിനിമയാണത്. നടൻ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും ഇത് മോശമായാൽ ഞാൻ ഈ പരിപാടി നിർത്തും എന്നൊക്കെ പറഞ്ഞിരുന്നു. സത്യത്തിൽ ഞാൻ ടെൻഷനടിച്ചിരുന്നു. പക്ഷേ അതിന്‍റെ റിസൽട്ട് കണ്ടപ്പോൾ ഈ പണി നിർത്തേണ്ട ആവശ്യമില്ല എന്ന് തോന്നി.
പുതിയ പ്രൊജക്ടുകൾ? നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും?
നടൻ എന്ന നിലയിൽ അഞ്ചെട്ടു സിനിമകൾ വരാനുണ്ട്. വിനയന്‍റെ ചാലക്കുടിക്കാരൻ ചങ്ങാതി, ബാലചന്ദ്രമേനോന്‍റെ എങ്കിലും ശരത് കളിച്ചുകൊണ്ടിരിക്കുന്നു. ഒരു ചെറുകാറ്റിൽ ഒരു കപ്പൽ എന്ന വിജയകുമാറിന്‍റെ പടം, പിന്നൊരു തമിഴ് സിനിമ, മനോജ് കാനയുടെ കാഞ്ചീര, കൂദാശ എന്ന് വേറൊരു പടം, ഉടലാഴം... അങ്ങനെ. പിന്നെ പ്രധാന വേഷത്തിൽ വരുന്ന ഒരു സിനിമയുടെ ചർച്ചകൾ നടക്കുന്നു.
പിന്നെ ഒരു പടം സംവിധാനം ചെയ്യാൻ പോകുന്നു. മൂന്നാർ എന്നായിരിക്കും അതിന്‍റെ പേര്. നായികാപ്രാധാന്യമുള്ള സിനിമയാകും അത്. ആ കഥാപാത്രത്തിന് ചേരുന്ന ഒരു അഭിനേതാവിനെ ഇനിയും കിട്ടിയിട്ടില്ല, തിരക്കിക്കൊണ്ടിരിക്കുന്നു. അഞ്ചു മാസത്തിനുള്ളിൽ അത് തുടങ്ങും.