ആത്മഭാഷണങ്ങളുടെ ഈണക്കാരന്‍
ദേവരാജനെ നെഞ്ചിലേറ്റിയ പഴയ തലമുറയിലേയും എണ്‍പതുകള്‍ക്കൊടുവില്‍ ജനിച്ച് തൊണ്ണൂറുകളില്‍ ബാല്യം കളിച്ചു നടന്നവരുമായ മലയാളികളുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന എഴുന്നൂറോളം ചലച്ചിത്രഗാനങ്ങള്‍. ദേവരാജനു ശേഷം പരമ്പരാഗത മെലഡിയുടെ ശക്തി മലയാളിയെ അനുഭവിപ്പിച്ച സംഗീതപ്രതിഭ. പക്ഷേ ജോണ്‍സന്‍റെ ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു.
തൃശൂരിലെ നെല്ലിക്കുന്നിൽ 1953 മാർച്ച് 26 ന് ജനനം. പള്ളിക്കു മുമ്പിലെ ഇരുമ്പു ഗേയിറ്റില്‍ താളം പിടിച്ചു പാടിയിരുന്ന പതിനൊന്നുകാരനെ ഹാര്‍മോണിയവും ഓടക്കുഴലും പഠിപ്പിക്കാന്‍ കൂട്ടിക്കൊണ്ടു പോയത് വി സി ജോര്‍ജ്ജ് എന്ന അദ്ധ്യാപകന്‍. അങ്ങനെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ചായിരുന്നു ആദ്യ ഗുരുകുലം.
ഹാര്‍മോണിയത്തില്‍ അദ്‌ഭുതങ്ങള്‍ തീര്‍ക്കുന്ന ആ കുട്ടി പഠിച്ചതും പാടിയതുമൊക്കെ ലളിതഗാനങ്ങളാണ്.
പില്‍ക്കാലത്ത് സാധാരണക്കാരന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഒട്ടനവധി ഈണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിനു പിന്നില്‍ ലളിതസംഗീതത്തോടുള്ള ഈ അഭിനിവേശമാകാം.
ദേവരാജന്റെ സഹായിയായി സിനിമയിലേക്ക് വഴി തുറക്കുന്നത് ഗായകന്‍ ജയചന്ദ്രന്‍. ആരവം എന്ന ഭരതന്‍ ചിത്രത്തിനു പശ്ചാത്തല സംഗീതമൊരുക്കി സ്വതന്ത്രനായിതിനു ശേഷം ഇണയെ തേടിയിലൂടെ സംഗീത സംവിധായകനായി. പദ്‌മരാജന്റെ കൂടെവിടെയിലെ "ആടിവാകാറ്റേ" എന്ന ഗാനത്തോടെ ഒഎന്‍വി ജോണ്‍സണ്‍ കൂട്ടുകെട്ട് മലയാളക്കരയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളായും മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായും കുന്നിമണി ചെപ്പു തുറന്ന് എത്ര എണ്ണിയാലും മതിവരാത്ത 62 ഗാനങ്ങള്‍. 2008ല്‍ ഗുല്‍മോഹര്‍ വരെ നീണ്ട കൂട്ടുകെട്ട്.
1989ല്‍ സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പിലൂടെയാണ് പ്രസിദ്ധമായ ജോണ്‍സണ്‍-കൈതപ്രം കൂട്ടുകെട്ടിന്റെ പിറവി. മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ സുവര്‍ണകാലമായിരുന്നു അത്. കിരീടം നഷ്ടപ്പെട്ടവന്റെ കവിളില്‍ തലോടിയ കണ്ണീര്‍പൂവും മുച്ചൂടും തകര്‍ന്ന് മൂക്കോളം ചുഴിയില്‍പ്പെട്ടു പോയവന്റെ ആത്മനൊമ്പരങ്ങള്‍ നിറഞ്ഞ മധുരംജീവാമൃതബിന്ദുവും ഹര്‍ഷോന്മാദത്തിന്‍റെ തങ്കത്തോണിയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സ്വപ്‌നങ്ങള്‍ ചാലിച്ചെടുത്ത തലചായ്‌ക്കാനൊരു താഴ്‌വാരവും ഉള്‍പ്പെടെ 214 ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. 1991ല്‍ മാത്രം ജോണ്‍സണ്‍ ഈണമിട്ട 31 സിനിമകളില്‍ 29 എണ്ണത്തിനും വരികളെഴുതിയത് കൈതപ്രമായിരുന്നു. ഇടക്കാലത്തെ ഇടവേളയ്‌ക്കു ശേഷം 2006ല്‍ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മടങ്ങി വന്നതും കൈതപ്രത്തിനൊപ്പം.
ബിച്ചു തിരുമലയ്‌ക്കും ഗിരീഷ് പൂത്തഞ്ചേരിക്കും ഷിബുചക്രവര്‍ത്തിക്കുമൊപ്പം നൂറിലധികം ഗാനങ്ങള്‍. കൊല്ലംകോട്ട് തൂക്കം (കുടുംബവിശേഷം), മാനസം (ദ സിറ്റി) തുടങ്ങിയവ ബിച്ചു തിരുമലയുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍. ഗിരീഷ് പുത്തഞ്ചേരിയുമൊത്ത് മേലേപ്പറമ്പില്‍ ആണ്‍വീട്, ഈ പുഴയും കടന്ന്, ചിന്താവിഷ്ടയായ ശ്യമാള തുടങ്ങിയ സിനിമകള്‍.
പൂവച്ചില്‍ ഖാദര്‍ തൂലിക ചലിപ്പിച്ച 75 ജോണ്‍സണ്‍ ഗാനങ്ങളില്‍ ഒരു കുടക്കീഴിലെ അനുരാഗിണിയും ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ എന്ന ഗാനവും ഇന്നും മലയാളിയെ ആര്‍ദ്രനാക്കുന്നു
പത്മരാജൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജോൺസൺ. പത്മരാജന്‍റെ പതിനേഴോളം ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നത്. ഒപ്പം ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയില്‍ തുടങ്ങിയ അക്കാലത്തെ മുൻനിര സംവിധായകര്‍ക്കൊപ്പം മുന്നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.
സിനിമകള്‍ക്ക് ജോണ്‍സനൊരുക്കിയ പശ്ചാത്തല സംഗീതവും വിസ്‌മയകരമായിരുന്നു.
മണിച്ചിത്രത്താഴില്‍ വീണയുടെ ഒരോറ്റ ശബ്ദം കൊണ്ടു മാത്രം പ്രേക്ഷകനെ ഭയപ്പെടുത്തിയ ആ പ്രതിഭ കിരീടത്തിന്റെ ക്ലൈമാക്‌സില്‍ നിശബ്ദതയെയാണ് പശ്ചാത്തലമാക്കിയത്. പൊന്തന്‍മാടയും സുകൃതവും ഉള്‍പ്പെടെ ഇനിയും എത്രയെത്ര ഉദാഹരണങ്ങള്‍. രണ്ട് ദേശീയ പുരസ്ക്കാരമടക്കം നിരവധി അവാർഡുകൾ ജോൺസനെ തേടിയെത്തി.
ജോണ്‍സന്റെ ഈണങ്ങള്‍ക്ക് വ്യത്യസ്‌തയില്ലെന്നും കാലഘട്ടങ്ങളെ അതിജീവിക്കുന്നവയല്ലെന്നുമൊക്കെ പഴിപറയുന്നവരുണ്ട്. പക്ഷേ ശാസ്‌ത്രീയ സഗീതത്തിന്റെ സങ്കീര്‍ണതകളില്ലാതെ സാധാരണക്കാരന്റെ ആത്മനൊമ്പരങ്ങളും ആത്മഹര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന ജോണ്‍സനൊരുക്കിയ ഈണങ്ങള്‍ക്ക് മരണമില്ല.
ഒരു നാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ എന്ന ഗാനം ആത്മാവില്‍ നൊമ്പരം കലര്‍ന്ന ഭീതി അവശേഷിപ്പിക്കുന്നത് അതുകൊണ്ടാവാം.