തിരുവാതിരക്കളിയും ഒപ്പനയും മാർഗ്ഗംകളിയും ചേർത്തൊരു ജിമിക്കി കമ്മൽ
ജിമിക്കി കമ്മല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്ര ഗാനത്തിന്‍റെ പലവിധ വേര്‍ഷനുകള്‍ കഴിഞ്ഞ കുറച്ചുനാളുകളായി നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ തിരുവാതിരകളിയും ഒപ്പനയും മാർഗ്ഗംകളിയും ചേർത്തൊരു ജിമിക്കി കമ്മൽ കണ്ടിട്ടുണ്ടോ? 61 ആം കേരളപിറവി ദിനത്തില്‍ നാടിന്‍റെ സാമുദായിക സൗഹാർദ്ദത്തിനൊരു നൃത്തസമർപ്പണമാണ് ജിമിക്കി കമ്മലിന്‍റെ ഈ ആദ്യ ഫീമെയില്‍ വേര്‍ഷന്‍.
കഴിഞ്ഞ ദിവസം നിലവിൽ വന്ന യൂട്യൂബ് ചാനലായ 'ബൂഗി ബട്ടർഫ്‌ളൈസിന്റെ' പ്രഥമ നൃത്തപരീക്ഷണമാണ് ഈ 'ജിമിക്കി കേരളം'. ഹിന്ദുസ്ഥാനി ഗായിക ഐശ്വര്യ കല്ല്യാണിയുടെ മനോഹരമായ ആലാപനം ഈ ജിമിക്കിയെ വേറിട്ടതാക്കുന്നു. ഡപ്പാന്‍കുത്തുകള്‍ക്കു പകരം തിരുവാതിരകളിയുടെയും ഒപ്പനയുയുടെയും മാർഗ്ഗംകളിയുടെയും പരമ്പരാഗത ചുവടുകൾ മാത്രമായി ഗാനം കൊറിയോഗ്രാഫി ചെയ്തത് സൈക്കോളജിസ്റ്റായ അശ്വതി വെള്ളൂറാണ്. രേഖ, ജിത, അനീഷ എന്നിവരോടൊപ്പം അശ്വതിയും 'ജിമിക്കി കേരള'ത്തിനൊത്ത് ചുവടുവക്കുന്നുണ്ട്.
പാട്ടിന്റെ താളത്തിൽ, ഗൃഹാതുരത തുളുമ്പുന്ന ഒരു പഴയ തറവാട്ടിന്റെ മുറ്റത്തും നടുത്തളത്തും മുറിയിലുമായി അരങ്ങേറുന്ന തിരുവാതിരകളിയും മാർഗ്ഗംകളിയും ഒപ്പനയും ഓടിനടന്നു കാണുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കൗതുകത്തിലൂടെയാണ് ഗാനചിത്രീകരണം. ഉമ്മറ കോലായിൽ ഇരിക്കുന്ന മൂന്ന് മതങ്ങളിൽപെട്ട മുത്തശ്ശിമാരുടെ സൗഹാർദ്ദവും 'ജിമിക്കി കേരളം' അടയാളപ്പെടുത്തുന്നു. അനൂപ് ഗംഗാധരന്റേതാണ് ആശയവും സംവിധാനവും. സ്മൈലി ക്രിയേറ്റേഴ്‌സ് വീഡിയോ പ്രൊഡക്ഷൻ ടീമാണ് ചിത്രീകരണം.