പ്രതീക്ഷ കാത്തോ പ്രണവ്? 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' റിവ്യൂ
കഥപറച്ചിലില്‍ നവീനതയൊന്നും പരീക്ഷിക്കാതെ നായകനില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്ന നരേറ്റീവ് ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേത്. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ ഉള്‍വലിവ് അനുഭവപ്പെടുത്തുന്ന പ്രണവിന്റെ തോളില്‍ ആ പ്രതീക്ഷ അമിതഭാരമാവുന്നു.
പ്രണവ് മോഹന്‍ലാലിന്റെ ഓഫ് സ്‌ക്രീന്‍ ഇമേജിനെച്ചൊല്ലിയുള്ള തമാശകളായിരുന്നു അദ്ദേഹത്തിന്റെ രണ്ടാംചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ട്രോള്‍ പേജുകള്‍ നിറയെ. ലൊക്കേഷനിലെ അസൗകര്യങ്ങളോട് മടിയൊന്നും കൂടാതെ സഹകരിക്കുന്നയാളെന്നും സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ മികച്ചതാക്കുന്ന താരമെന്നുമൊക്കെയുള്ള സഹപ്രവര്‍ത്തകരുടെ അഭിപ്രായപ്രകടനങ്ങളാണ് സൂപ്പര്‍ലേറ്റീവുകളായി ട്രോള്‍ പേജുകളില്‍ ഇടംപിടിച്ചത്. എന്നാല്‍ പ്രണവ് മോഹന്‍ലാല്‍ എന്ന യുവതാരം ഒരു നടന്‍ എന്ന നിലയില്‍ മലയാളത്തില്‍ ചുവടുറപ്പിക്കുമോ എന്നായിരുന്നു ഇന്‍ഡസ്ട്രിയെ സംബന്ധിച്ചും സിനിമാപ്രേമികളെ സംബന്ധിച്ചും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഉയര്‍ത്തിയ ചോദ്യവും കൗതുകവും. പാര്‍ക്കൗര്‍ പ്രകടനങ്ങളാല്‍, മലയാളസിനിമയില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള ആക്ഷന്‍ രംഗങ്ങളിലെ മികവ് അരങ്ങേറ്റചിത്രമായ 'ആദി'യില്‍ത്തന്നെ കാഴ്ചവച്ചിരുന്നു പ്രണവ് മോഹന്‍ലാല്‍.
യഥാര്‍ഥ ജീവിതത്തിലെ വിളിപ്പേരായ 'അപ്പു' എന്നുതന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. ഗോവന്‍ അധോലോകത്തിന്റെ ഭാഗമെന്നൊക്കെ ആദ്യകാഴ്ചയില്‍ തോന്നലുളവാക്കുന്ന, എന്നാല്‍ യഥാര്‍ഥത്തില്‍ നിരുപദ്രവകാരിയായ 'ബാബ'യുടെ (മനോജ് കെ ജയന്‍) മകനാണ് അപ്പു. ഒരു സര്‍ഫറും ജെറ്റ് സ്‌കി റൈഡറുമൊക്കെയായ അപ്പുവിന് അവ ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാന മാര്‍ഗ്ഗം കൂടിയാണ്. ഗോവയിലെ പുതുവര്‍ഷ ആഘോഷരാവില്‍ പരിചയപ്പെടേണ്ടിവരുന്ന സയ (സയ ഡേവിഡ്) എന്ന പെണ്‍കുട്ടി അപ്പുവിന്റെ തുടര്‍ദിവസങ്ങളെ അപ്രതീക്ഷിതത്വങ്ങളുടേതുകൂടി ആക്കുകയാണ്. മുന്നില്‍ വന്നുചേരുന്ന പ്രതിസന്ധികളെ തരണം ചെയ്തുള്ള നായകന്റെ മുന്നേറ്റത്തില്‍ നിന്ന് ഒരു ആക്ഷന്‍ ത്രില്ലര്‍ നിര്‍മ്മിച്ചെടുക്കാനാണ് രണ്ട് മണിക്കൂര്‍ 43 മിനിറ്റ് ദൈര്‍ഘ്യത്തില്‍ അരുണ്‍ ഗോപിയുടെ ശ്രമം.
ഒരു അഭിനേതാവ് എന്ന നിലയിലെ മേല്‍വിലാസത്തിന് പ്രണവ് മോഹന്‍ലാലിന് ഇനിയും സിനിമകള്‍ വേണ്ടിവരുമെന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാഴ്ചാനുഭവം. സര്‍ഫിംഗ്, ജെറ്റ് സ്‌കി റൈഡിംഗ് രംഗങ്ങളിലും നൃത്തരംഗങ്ങളിലും ഊര്‍ജ്ജസ്വലതയോടെയും അനായാസതയോടെയും സ്‌ക്രീനിലെത്തുന്ന പ്രണവിന് അതല്ലാതെയുള്ള രംഗങ്ങളില്‍ കഥാപാത്രത്തിന് സമാന ഊര്‍ജ്ജം പകരാനാവുന്നില്ല. കഥാപാത്രമാവാന്‍ തയ്യാറാവാതെ, പ്രണവ് പാതിമനസ്സോടെ മറ്റ് അഭിനേതാക്കള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതായാണ് പലപ്പോഴും അനുഭവപ്പെടുന്നത്. മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ റിയാക്ഷന്‍ കൊടുക്കേണ്ട രംഗങ്ങളിലാണ് ഒരു 'റിലക്റ്റന്റ് ആക്ടറെ' ശരിക്കും അനുഭവപ്പെടുക. സ്വന്തം കഥാപാത്രത്തിന്റെ സംഭാഷണങ്ങളുടെ ഇടവേളകളില്‍, എതിരേ നില്‍ക്കുന്നവര്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും അഭിനേതാവ് എന്ന നിലയില്‍ 'ബ്ലാങ്ക്' ആണ് പ്രണവ്.
കഥപറച്ചിലില്‍ നവീനതയൊന്നും പരീക്ഷിക്കാതെ നായകനില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്ന നരേറ്റീവ് ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേത്. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയില്‍ ഉള്‍വലിവ് അനുഭവപ്പെടുത്തുന്ന പ്രണവിന്റെ തോളില്‍ ആ പ്രതീക്ഷ അമിതഭാരമാവുന്നു. ചടുലതയുള്ള ഒരു എന്റര്‍ടെയ്‌നര്‍ നിര്‍മ്മിച്ചെടുക്കാനായി കെട്ടുറപ്പിന് പകരം നായകന്റെ സ്‌ക്രീന്‍ പ്രസന്‍സിനെ ആശ്രയിക്കുന്ന തിരക്കഥയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേത്. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി ചെറുവേഷങ്ങളില്‍ പോലും അറിയപ്പെടുന്ന താരങ്ങളാണ് ചിത്രത്തില്‍. പക്ഷേ വേണ്ടത്ര വികാസം പ്രാപിക്കാത്ത കഥാപാത്രങ്ങളില്‍ പ്രകടനംകൊണ്ട് മികച്ചുനില്‍ക്കുന്നത് നായികയെ അവതരിപ്പിച്ച സയ ഡേവിഡ് ആണ്. പ്രത്യേക ജീവിത സാഹചര്യങ്ങളാല്‍ ആഗ്രഹിക്കാത്ത ജീവിതം ജീവിക്കേണ്ടിവരുന്ന 'സയ' എന്ന കഥാപാത്രത്തിന്റെ ആശങ്കകളും ഭയവുമൊക്കെ ഈ പുതുമുഖം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ നായകകഥാപാത്രത്തേക്കാള്‍ തിരക്കഥയില്‍ നന്നായി എഴുതപ്പെട്ടിരിക്കുന്നതും ഈ നായികാ കഥാപാത്രമാണ്.
ഭേദപ്പെട്ട സാങ്കേതിക നിലവാരമുണ്ട് ചിത്രത്തിന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനും ഡബിള്‍ ബാരലുമൊക്കെ പകര്‍ത്തിയ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രഫര്‍. വിശേഷിച്ചും ഗോവയിലെ ആദ്യപകുതി, സിനിമ ആവശ്യപ്പെടുന്നവിധം കളര്‍ഫുള്‍ ആയി ഒപ്പിയെടുത്തിട്ടുണ്ട് അഭിനന്ദന്‍. പീറ്റര്‍ ഹെയ്‌നിലെ ആക്ഷന്‍ ഡയറക്ടര്‍ക്ക് പുലിമുരുകനിലൂടെ മോളിവുഡില്‍ ലഭിച്ച മേല്‍വിലാസം നിലനിര്‍ത്താനായിട്ടില്ല. ക്ലൈമാക്‌സില്‍ ദൈര്‍ഘ്യമേറിയ, ട്രെയ്‌നിന് മുകളിലുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ കൃത്രിമത്വം അനുഭവപ്പെടുത്തുന്നുണ്ട്. ഗോപി സുന്ദറിന്റെ സംഗീതത്തിലും എടുത്തുപറയത്തക്കതൊന്നുമില്ല.
പ്രണവ് മോഹന്‍ലാലിന്റെ രണ്ടാംചിത്രം എന്നതുതന്നെയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യുഎസ്പി. പക്ഷേ നായകനടന്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാത്തതിനാല്‍ തൃപ്തികരമായ കാഴ്ചാനുഭവം നല്‍കാനാവുന്നില്ല ചിത്രത്തിന്. ആക്ഷന്‍ രംഗങ്ങളിലെ മികവ് അതല്ലാതെയുള്ള രംഗങ്ങളിലും ആവര്‍ത്തിക്കുന്ന ഒരു പ്രണവിനുവേണ്ടി ഇനിയും കാത്തിരിക്കേണ്ടിവരും.