ബിരിയാണി കഴിച്ചുകൊണ്ട് ചെയ്‍ത സിനിമ! സുനില്‍ സുഗത പറയുന്നു
ഒരു വിശേഷപ്പെട്ട ബിരിയാണി നാളെ മുതല്‍ തീയേറ്ററില്‍ ലഭ്യമാകും. അതിന്റെ കിസ്സയും. കിരണ്‍ നാരായണന്‍ സംവിധാനം ചെയ്‍ത ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ തീയേറ്ററിലേക്ക് എത്തുകയാണ്. സിനിമയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച സുനില്‍ സുഗത വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. അലീന നടത്തിയ അഭിമുഖം
ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ നാളെ തിയേറ്ററുകളിലെത്തുകയാണ്. ബിരായാണിക്കിസ്സയെക്കുറിച്ചുള്ള പ്രതീക്ഷകളെന്താണ്?
വളരെ വ്യത്യസ്തമായ സിനിമയാണിത്. ഒരു ഫാന്‍റസി ചിത്രം എന്ന് പറയാം. ഫാന്‍റസി ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ ഇതിന് മുമ്പ് സ്വീകരിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗവും ഭൂമിയും ഒക്കെ സിനിമയില്‍ കടന്നു വരുന്നുണ്ട്. സിനിമയെക്കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത്.
സുനില്‍ സുഗത എന്ന നടന് സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ബിരിയാണിക്കിസ്സ എത്രമാത്രം വിശേഷപ്പെട്ടതാണ് ?
ടെയ്‌ലര്‍ മത്തായി എന്നാണ് കഥാപാത്രത്തിന്‍റെ പേര്. നെടുമുടി വേണു, ശ്രീരാമന്‍, മാമുക്കോയ തുടങ്ങിയവരുടെ കൂട്ടത്തില്‍ വരുന്ന ഒരു കഥാപാത്രമാണ് എന്‍റെതും. വളരെ വിശേഷപ്പെട്ട ചിത്രം തന്നെയാണിത്.
വെളളിമൂങ്ങയിലെ പള്ളിയിലെ അച്ചനെയും ആമേനിലെ കൊച്ചൗസേപ്പിനെയും ആളുകള്‍ വളരെയധികം സ്വീകരിച്ചിരുന്നു. ബിരിയാണിക്കിസ്സയിലെ മത്തായി ഇവരെ പോലെ പ്രേക്ഷകരെ രസിപ്പിക്കുന്ന കഥാപാത്രമാണോ?
വെള്ളിമൂങ്ങയിലെ പള്ളിയില്‍ അച്ചനെ പോലെയോ ആമേനിലെ കൊച്ചൗസേപ്പിനെ പോലെയൊ ഉള്ള ഒരു കഥാപാത്രമല്ല ബിരിയാണിക്കിസ്സയില്‍. ഇതില്‍ പ്രാധാന്യം കൂടുതല്‍ ലെനയുടെ കഥാപാത്രത്തിനാണ്. ഒരു ഫീമെയല്‍ ലീഡ് ചിത്രം എന്ന് പറയാം. എങ്കിലും മറ്റ് കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ വരുന്ന നല്ല സന്ദര്‍ഭങ്ങളും ഇതില്‍ ഉണ്ട്.
ഒരു ബിരിയാണി കഴിച്ചിറങ്ങിയ സന്തോഷമാണോ ഇപ്പോള്‍ തോന്നുന്നത് ?
ചെയ്യുന്ന സിനിമകളെല്ലാം പ്രിയപ്പെട്ടതാണ്. അവ സന്തോഷിപ്പിക്കുകയും ചെയ്യും. ഈയാഴ്ച്ച തന്നെ എന്‍റെ നാല് സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഇവയെല്ലാം പ്രിയപ്പെട്ടതാണ്. അതുകൊണ്ട് നല്ല സന്തോഷത്തിലാണ് എന്ന് പറയാം.
കിരണ്‍ നാരായണന്‍ പുതുമുഖ സംവിധായകനാണ്. എന്നാല്‍ വലിയ അനുഭവ സമ്പത്തുള്ള നടന്മാരും സിനിമയില്‍ ഉണ്ട്. നെടുമുടി വേണു, ശ്രീരാമന്‍, മാമുക്കോയ തുടങ്ങിയവര്‍. ഈയൊരു അനുഭവത്തെക്കുറിച്ച് പറയാമോ ?
പണ്ടൊക്കെയാണെങ്കില്‍ വര്‍ഷങ്ങളോളം ഏതെങ്കിലും സംവിധായകനെ അസിസ്റ്റ് ചെയ്തിട്ടാണ് സ്വന്തമായി സിനിമ എടുക്കാറ്. ഇപ്പോള്‍ അങ്ങനെയല്ല. പുതിയതായി സിനിമയിലേക്ക് വരുന്നവര്‍ക്ക് ഗ്രാഹ്യമുണ്ട്. കിരണിന് നല്ല പക്വതയുണ്ട്. സിനിമയെക്കുറിച്ച് നല്ല അറിവും ഉണ്ട്. പിന്നെ ഇത് കിരണിന്‍റെ ആദ്യ സിനിമയുമല്ല. ഇതിന് മുമ്പ് മറ്റൊരു സിനിമ കിരണ്‍ ചെയ്തിട്ടുണ്ട്.
സിനിമ ബിരിയാണിയെക്കുറിച്ചാണ്, സെറ്റിലും ദിവസവും ബിരിയാണിയായിരുന്നോ?
സെറ്റില്‍ അധികവും ബിരിയാണി തന്നെയായിരുന്നു. സിനിമയ്ക്ക് വേണ്ടി ബിരിയാണി കൊണ്ടുവരും. ബിരിയാണി കഴിച്ച് കൊണ്ട് ചെയ്ത സിനിമയെന്ന് പറയാം.
ബിരിയാണി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുമ്പോള്‍ എന്താണിതിന്‍റെ ചേരുവകള്‍?
ആദ്യം പറഞ്ഞത് പോലെ ഇതൊരു ഫാന്‍റസി സിനിമയാണ്. സ്വര്‍ഗ്ഗവും ഭൂമിയും ഇതില്‍ കടന്ന് വരുന്നു.ഒരു പോസിറ്റീവ് മെസേജ് തരുന്ന സിനിമ എന്ന് പറയാം.