അങ്ങനെ ഞാന്‍ സംഗീത സംവിധായികയായി: 'ചക്കപ്പാട്ട്' ഹിറ്റാക്കിയ സയനോര

Interview with singer Sayanora

സയനോര ഇപ്പോള്‍ പാട്ടുകാരി മാത്രമല്ല, സംഗീത സംവിധായിക കൂടിയാണ്. സയനോര ഈണം നല്‍കിയ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‍തു. ചക്ക മാഹാത്‍മ്യം വിവരിക്കുന്ന പാട്ട് ഇപ്പോള്‍ വൈറലാണ്. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെയാണ് സയനോര സംഗീത സംവിധായികയായത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നതും സയനോര തന്നെയാണ്. ആദ്യമായി ഒരു സിനിമയുടെ സംഗീത സംവിധായികയാകുന്നതിന്റെ വിശേഷങ്ങള്‍ സയനോര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

ചക്കപ്പാട്ട് ചലഞ്ചായിരുന്നു

ആദ്യം കംപോസ് ചെയ്‍തത് നാട്ടൊട്ടുക്ക് പാറി നടക്കണേ എന്ന പാട്ടാണ്. പക്ഷേ ആദ്യം റിലീസ് ചെയ്‍തത് ചക്കപ്പാട്ട് ആണെന്ന് മാത്രം. വലിയ ചലഞ്ചായിരുന്നു എനിക്ക് അത്. കാരണം എല്ലാവരും കേട്ട പാട്ട് പോലെ തോന്നിക്കുന്നത് ആകണം എന്നുണ്ടായിരുന്നു. പക്ഷേ അത് വ്യത്യസ്‍തവുമാകണം. തീര്‍ത്തും പുതിയ ഒരു പാട്ട് ഉണ്ടാക്കുന്നതിനെക്കാളും വിഷമമുള്ള കാര്യമാണ് അത്. തോറ്റം പാട്ടിന്റെ ഈണത്തിലായിരുന്നു അത് ചെയ്‍തത്. ലൈവായി ശിങ്കാരി മേളം റെക്കോര്‍ഡ് ചെയ്‍തായിരുന്നു കംപോസ് ചെയ്‍തത്. സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാട്ടുമായിരുന്നു അത്.

അടുത്തത് സുരാജേട്ടന്‍ പാടുന്ന 'ശിവനേ'

പാട്ട് കംപോസ് ചെയ്യുമ്പോള്‍ റെഫറന്‍സിനായി വരികള്‍ എഴുതാറുണ്ട്. അങ്ങനെ എഴുതിയ വരികള്‍ കണ്ടപ്പോള്‍ സംവിധായകനാണ് പറഞ്ഞത് കൊള്ളാമെന്ന്. മുഴുവന്‍‌ എഴുതാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഗാനരചയിതാവുമായി. സുരാജേട്ടന്‍ പാടിയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു. സുരാജേട്ടനോട് പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചില്ല. ശരിയാകുമോയെന്നായിരുന്നു സംശയം. പക്ഷേ സുരാജേട്ടന്‍ അസലായി പാടി. ഓരോ ഘട്ടമായി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു പാട്ട്. അടുത്തതായി റിലീസ് ചെയ്യുന്നത് ശിവനേ എന്ന പാട്ട് ആണ്.

പാട്ടിന്റെ ഈണം പോലല്ല പശ്ചാത്തല സംഗീതം

എനിക്ക് തോന്നുന്നു ആദ്യമായിട്ടായിരിക്കും മലയാളത്തില്‍ ഒരു സ്‍ത്രീ പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. പാട്ടിന് സംഗീതം നല്‍കുന്നതിനേക്കാളും ബുദ്ധിമുട്ടുള്ളതാണ് അത്. നമ്മള്‍ പാടുന്നതുപോലെയോ പാടിപ്പിക്കുന്നതു പോലെയോ അല്ലല്ലോ? ഒരു സീനിനും ഭാവത്തിനും എല്ലാം ശ്രദ്ധ കൊടുക്കണം. കഥാപാത്രങ്ങളെ ശ്രദ്ധിക്കണം. അങ്ങനെ ടെന്‍ഷനുള്ള പണി തന്നെയാണ്. അതിന്റെ ഒരു പ്രഷറില്‍ ആണ്.

Interview with singer Sayanora

ഇനി സ്‍ത്രീകളും വരും

പശ്ചാത്തല സംഗീതത്തില്‍ സ്‍ത്രീകള്‍ക്കും അവസരം എന്ന തരത്തില്‍ സംസാരം പോലും ഉണ്ടാകാറില്ലല്ലോ? ഒരു പക്ഷേ അങ്ങനെ ഇന്‍സ്‍ട്രുമെന്റ് ഒക്കെ ഉപയോഗിച്ച് പാടുന്നവര്‍ കുറവായതു കൊണ്ടാകും. ഇപ്പോള്‍ ഒരുപാട് കോഴ്‍സൊക്കെ ഉണ്ടല്ലോ? ഞാന്‍ ഗിത്താര്‍ വായിച്ചു പാടുന്നത് ഒക്കെ കൊണ്ടാകും എന്നിലേക്ക് ആലോചന വന്നത്. ഇനിയെന്തായാലും സ്‍ത്രീകളും ഈ രംഗത്ത് ഉണ്ടാകും.

ക്ലൈമാക്സില്‍ ഇന്ദ്രജിത്തിന്റെ മകളുടെ പാട്ട്

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന പാടുന്ന ഒരു പാട്ടും സിനിമയിലുണ്ട്. നാട്ടൊട്ടുക്ക് പാറനടക്കണേ എന്ന പാട്ട്. അത് സിനിമയുടെ ക്ലൈമാക്സില്‍ വരുന്ന പാട്ടാണ്. ജോബ് കുര്യനാണ് പ്രാര്‍ഥനയ്‍ക്കൊപ്പം പാടുന്നത്.  നാലു പാട്ടുകളാണ് സിനിമയില്‍ ഉള്ളത്.

 

Latest Videos
Follow Us:
Download App:
  • android
  • ios