മേക്ക് ഓവറുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്നത് എങ്ങനെ? ഇതാ സിദ്ദിഖിന്റെ മറുപടി

Interview with Siddique

മേക്ക് ഓവറുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. ഓരോ സിനിമകളിലും വ്യത്യസ്‍ത ലുക്ക്. ഇപ്പോള്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും കിടിലന്‍ ഗെറ്റപ്പ് ആണ് സിദ്ദിഖിന്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ പ്രതിനായക സ്വഭാവത്തിലുള്ള തരകന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ധിഖ് അവതരിപ്പിക്കുന്നത്.

വ്യത്യസ്ത വേഷങ്ങളെ കുറിച്ചും മേയ്ക്ക് ഓവറിനെ കുറിച്ചും സിദ്ദിഖ് സംസാരിക്കുന്നു. asianetnews.tvയ്‍ക്കു മുമ്പ് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.

ടൈപ് കാസ്റ്റ് ചെയ്യുകയാണോ എന്നു തോന്നിത്തുടങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നു കുതറിമാറുന്ന നടനാണ് സിദ്ദിഖ്. എങ്ങനെയാണ് വ്യത്യസ്ത വേഷങ്ങളിലേക്ക് എത്തുന്നത്?

ടൈപ് കാസ്റ്റ് ആകാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഒരു റോളിനായി എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ അത് ഞാന്‍ മുമ്പ് അവതരിപ്പിച്ചതാണെങ്കില്‍ അത് സംവിധായകരോട് പറയാറുണ്ട്. ആ വേഷം വേണ്ടെന്നു വയ്ക്കാറുമുണ്ട്.  നമ്മള്‍ അവതരിപ്പിച്ച അതേരീതിയിലുള്ള ഒരു പൊലീസുകാരനെ വീണ്ടും അവതരിപ്പിക്കുന്നതു കൊണ്ട് എന്ത് പ്രയോജനം? നമുക്ക് വളര്‍ച്ചയല്ലേ വേണ്ടത്.

സിദ്ദിഖ് എന്ന നടന്റെ മറ്റൊരു വലിയ പ്രത്യേകത മേയ്ക്ക് ഓവറാണ്. കരിയറിന്റെ ഒരു വഴിമാറ്റത്തിനു ശേഷമുള്ള കഥാപാത്രങ്ങള്‍ എടുത്താല്‍ എല്ലാവര്‍ക്കും വ്യത്യസ്ത രൂപങ്ങള്‍. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാറുണ്ടോ? അതോ കഥാപാത്രത്തിന്റെ രൂപം സ്വയം കണ്ടെത്തുന്നതാണോ?

സംവിധായകര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണെങ്കില്‍ എല്ലാ നടന്‍മാര്‍ക്കും എല്ലാ കഥാപാത്രങ്ങള്‍ക്കും മേയ്ക്ക് ഓവര്‍ ഉണ്ടാകേണ്ടേ? അങ്ങനെയല്ല സംഭവിക്കുന്നത്.ഒരു സിനിമയിലേക്ക് നമ്മള്‍ എത്തിപ്പെടുന്നത് ഒരു ചര്‍ച്ചകളൊക്കെ കഴിഞ്ഞാണ്. നമ്മുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകഴിഞ്ഞാല്‍ നമ്മള്‍ അതിനു ഒരു രൂപം മനസ്സില്‍ കാണാം. അയാള്‍ വയസ്സനാണ്, അല്ലെങ്കില്‍ കഷണ്ടി ഉള്ള ആളാണ് കുറേ മുടി ഉള്ള ആളാണ്, അല്ലെങ്കില്‍ മറ്റ് പ്രത്യേകതകള്‍ ഉള്ള ആളാണ് എന്നൊക്കെ മനസ്സിലാക്കുമല്ലോ. അതിനു അനുസരിച്ചുള്ള ഒരു രൂപം നമ്മുടെ സങ്കല്‍പ്പത്തില്‍ ഉള്ളതും ഫോട്ടോകളിലുള്ളതും  ഒക്കെ നോക്കി ആ കഥാപാത്രത്തിലേക്ക് ചേര്‍ക്കുകയാണ്. അത് സംവിധായകരെ കാണിക്കുമ്പോള്‍ അവര്‍ക്കും തൃപ്തിയാകാറുണ്ട്.

ചില സംവിധായകര്‍ പറയും, സിദ്ദിഖ് ഇക്കയെ ഇതേ രൂപത്തില്‍ മതിയെന്ന്. പക്ഷേ ഞാന്‍  പറയും നിങ്ങള്‍ എന്റെ മനസ്സിലുള്ള രൂപം ഒന്നു കണ്ടുനോക്കൂ എന്ന്. അത് അവര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ സ്വീകരിച്ചാല്‍ മതിയല്ലേോ? അല്ലെങ്കില്‍ ഒഴിവാക്കാമല്ലോ? നല്ലതാണെങ്കില്‍ ആരും ഒഴിവാക്കുകയും ഇല്ലല്ലോ?

Latest Videos
Follow Us:
Download App:
  • android
  • ios