നമ്മുടെ സിദ്ദിഖ്, ഇപ്പോൾ തെലുങ്കരുടെയും!

Interview with Siddique

മലയാളത്തിലെ എണ്ണംപറഞ്ഞ നടനാണ് സിദ്ദിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടന്‍. ആ അഭിനയത്തികവിന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റേയും അംഗീകാരം ലഭിച്ചിരിക്കുന്നു. 2013ലെ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് സിദ്ദിഖിന് ലഭിച്ചിരിക്കുന്നത്.  രാജേഷ് ടച്ച്റിവര്‍ സംവിധാനം ചെയ്‍ത നാ ബംഗാരു തല്ലി എന്ന സിനിമയിലെ അഭിനയത്തിനാണ് സിദ്ധിഖിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് തിളക്കത്തില്‍ സിദ്ദിഖ് asianetnews.tvയോട് മനസ്സു തുറക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

Interview with Siddique

എന്താണ് നാ ബംഗാരു തല്ലി?

അച്ഛന്റെ പൊന്നുമോള്‍ എന്നാണ് സിനിമയുടെ പേരിന്റെ മലയാളം. ഒരു അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. പക്ഷേ അതില്‍ ഒരു ഇരുണ്ട വശവുമുണ്ട്.  വേശ്യാലയത്തില്‍ അകപ്പെട്ട മകളെ കണ്ടെത്താനുള്ള അച്ഛന്റെ ശ്രമമാണ് സിനിമയില്‍ പറയുന്നത്. തെലുങ്കിലെ മികച്ച സിനിമയ്‍ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സിനിമയാണ് നാ ബംഗാരു തല്ലി. ആന്ധ്രാ വിഭജനം മൂലമാണ് സംസ്ഥാന അവാർഡ് പ്രഖ്യാപനം നീണ്ടുപോയത്.

കഥാപാത്രത്തെ കുറിച്ച്?

ശ്രീനിവാസന്‍ എന്ന ബിസിനസുകാരനായാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. മകളോട് വലിയ സ്നേഹമുള്ള ഒരു അച്ഛന്‍ കഥാപാത്രം. പക്ഷേ ഒരു ഡാര്‍ക് ഷേയ്‍ഡും ആ കഥാപാത്രത്തിനുണ്ട്. അത് അത്രത്തോളം സിനിമയില്‍ പറയുന്നില്ല. നല്ലവനായ ഒരു അച്ഛനായിട്ടാണ് ശ്രീനിവാസനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. മകള്‍ വേശ്യാലയത്തില്‍ എത്തപ്പെട്ടപ്പോള്‍ തന്റെ അച്ഛനും ആ ഗ്രൂപ്പില്‍ കണ്ണിയാണ് എന്ന് അറിയുന്നു. അപ്പോള്‍ അവളുടെ ഒരു കരച്ചില്‍ ഉണ്ട്. അവിടെ അയാള്‍ തളരുന്നു. അയാള്‍ ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത്.

Interview with Siddique

തെലുങ്കില്‍ ഡബ്ബ് ചെയ്‍തപ്പോഴുളള അനുഭവം?

വലിയ പ്രയാസമായിരുന്നു ഡബ്ബിംഗ്.  കുറച്ചു പ്രയാസമുള്ളതാണല്ലോ അവരുടെ ഭാഷ. പക്ഷേ ഭാഷയറിയാവുന്നവര്‍ കൂടെയിരുന്നു പറഞ്ഞും തിരുത്തുകയും ഒക്കെ ചെയ്‍തതിനാല്‍ അത് ഭംഗിയാക്കാന്‍ കഴിഞ്ഞു.

തെലുങ്കു നാട്ടില്‍ നിന്നാണ് ഇപ്പോള്‍ വലിയ അംഗീകാരം ലഭിച്ചിരിക്കുന്നത്. മികച്ച നടനെന്ന പേരെടുത്തിട്ടും മലയാളത്തില്‍ അത്രത്തോളം അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്നു തോന്നുന്നുണ്ടോ?

അങ്ങനെയൊന്നും ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പ്രായമുള്ള എത്രയോ അഭിനേതാക്കളുണ്ട്.  ടൈപ് കാസ്റ്റ്  ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടവര്‍. അല്ലെങ്കില്‍ ചെറിയ റോളുകളില്‍ ഒതുങ്ങിപ്പോയവര്‍. ഞാന്‍ ചെറിയ ചെറിയ റോളില്‍ അഭിനയിച്ചു വന്ന ആളാണ്. പക്ഷേ നല്ല നടന്‍ ആണ് എന്ന് എല്ലാവരും പറയുന്നില്ലേ. അതുതന്നെ വലിയ അംഗീകാരമാണ്. എന്റെ കൂടെ അഭിനയിച്ചുതുടങ്ങിയ എത്രയോ പേരുണ്ട്. ചിലരെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ഏതോ ഒരു പൊലീസുകാരനായി അഭിനയിച്ച ആ നടനല്ലേ എന്നായിരിക്കും ചോദിക്കുക. ആ അവസ്ഥ ഇല്ലല്ലോ?. അവരാരും ഒട്ടും മോശക്കാര്‍ അല്ലതാനും. നല്ല അഭിനേതാക്കളാണ്. പക്ഷേ തെളിയിക്കപ്പെടാന്‍ അവസരം കിട്ടിയില്ല. ഒരു അഭിനേതാവ് തിളങ്ങണമെങ്കില്‍ നല്ല കഥാപാത്രങ്ങളും വേണം. എനിക്ക്  അങ്ങനെ കിട്ടി. 1999ലാണ് ഞാന്‍ സത്യമേവ ജയതേയില്‍ അഭിനയിക്കുന്നത്. അതിലെ കഥാപാത്രത്തിനാണ് എനിക്ക് ആദ്യം അവാര്‍ഡ് കിട്ടുന്നത്. അതിനുശേഷം 2017 വരെ പല അവാര്‍ഡുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.

പണ്ട് മോഹന്‍ലാലിന്റെ വീട്ടില്‍ പോയപ്പോള്‍ ഷെല്‍ഫില്‍ വച്ചിരിക്കുന്ന അവാര്‍ഡുകളും മെമന്റോകളും കണ്ട് ഞാന്‍ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. എന്റെ വീട്ടിലും ഇങ്ങനെ അവാര്‍ഡുകള്‍ വയ്ക്കാന്‍ അവസരമുണ്ടാകുമോ എന്ന് ഞാന്‍ അന്ന് ആലോചിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ വീട്ടിലും കുറേ അവാര്‍ഡുകളൊക്കെ ഇല്ലേ. ഏഷ്യാനെറ്റിന്റെ അവാര്‍ഡ് എനിക്ക് തന്നത് അശോകനാണ്. എന്നെക്കാളും എത്ര സീനിയറായ നടനാണ്. നല്ല നടനുമാണ്. അവാര്‍ഡ് കൊടുക്കാന്‍ മാത്രമേ അവസരമുണ്ടായിട്ടുള്ളൂ, അവാര്‍ഡ് വാങ്ങിക്കാന്‍ അവസരം ഉണ്ടായിട്ടില്ലെന്ന് അന്ന് അശോകന്‍ പറഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്ക് സങ്കടം വരികയാണ് ഉണ്ടായത്.

എന്റെ കാര്യത്തില്‍ അവഗണിക്കപ്പെട്ടു എന്ന തോന്നലൊന്നും ഉണ്ടായിട്ടില്ല. ഒരു അവാര്‍ഡ് കിട്ടുന്നതിലൊന്നുമല്ല കാര്യം. സിനിമയില്‍ സ്വപ്‍നം കണ്ട സ്ഥാനത്തേക്കാള്‍ വലിയ ഉയരത്തിലാണ് ഞാന്‍ നില്‍ക്കുന്നത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

 

ടൈപ് കാസ്റ്റ് ചെയ്യുകയാണോ എന്നു തോന്നിത്തുടങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നു കുതറിമാറുന്ന നടനാണ് സിദ്ദിഖ്. എങ്ങനെയാണ് വ്യത്യസ്ത വേഷങ്ങളിലേക്ക് എത്തുന്നത്?

ടൈപ് കാസ്റ്റ് ആകാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഒരു റോളിനായി എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ അത് ഞാന്‍ മുമ്പ് അവതരിപ്പിച്ചതാണെങ്കില്‍ അത് സംവിധായകരോട് പറയാറുണ്ട്. ആ വേഷം വേണ്ടെന്നു വയ്ക്കാറുമുണ്ട്.  നമ്മള്‍ അവതരിപ്പിച്ച അതേരീതിയിലുള്ള ഒരു പൊലീസുകാരനെ വീണ്ടും അവതരിപ്പിക്കുന്നതു കൊണ്ട് എന്ത് പ്രയോജനം? നമുക്ക് വളര്‍ച്ചയല്ലേ വേണ്ടത്.

Interview with Siddique

ചിലപ്പോള്‍ ചില വേഷങ്ങള്‍ നമ്മള്‍ അഭിനയിച്ചാല്‍ ശരിയാകുമോ എന്നും തോന്നാറുണ്ട്.  അങ്ങനെ വിചാരിച്ചിട്ടും ഒരുപാട് അംഗീകാരം കിട്ടിയ വേഷങ്ങളുമുണ്ട്. സോപാനം എന്ന സിനിമയിലെ നമ്പൂതിരിയെ അവതരിപ്പിക്കാന്‍ ഷാജി എന്‍ കരുണ്‍ വിളിച്ചപ്പോള്‍ അത് ശരിയാകുമോ എന്ന് എനിക്ക് തോന്നിയിരുന്നു. നമ്പൂതിരി വേഷം ഞാന്‍ അവതരിപ്പിച്ചാല്‍ എങ്ങനെയാകും എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ ഷാജി എന്‍ കരുണ്‍ നിര്‍ബന്ധം പിടിച്ചു. ആ സിനിമ കണ്ടവര്‍ക്ക് ഒക്കെ ആ വേഷം ഇഷ്ടപ്പെടുകയാണ് ചെയ്‍തത്. വളരെ വ്യത്യസ്തമായി ശബ്‍ദമൊക്കെ മാറ്റിയാണ് ഞാന്‍ ഡബ്ബ് ചെയ്‍തതും. ഞാന്‍ തന്നെയാണോ ഡബ്ബ് ചെയ്തത് എന്ന് പലരും സംശയവും പ്രകടിപ്പിച്ചു.

സിദ്ദിഖ് എന്ന നടന്റെ മറ്റൊരു വലിയ പ്രത്യേകത മേയ്ക്ക് ഓവറാണ്. കരിയറിന്റെ ഒരു വഴിമാറ്റത്തിനു ശേഷമുള്ള കഥാപാത്രങ്ങള്‍ എടുത്താല്‍ എല്ലാവര്‍ക്കും വ്യത്യസ്ത രൂപങ്ങള്‍. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാറുണ്ടോ? അതോ കഥാപാത്രത്തിന്റെ രൂപം സ്വയം കണ്ടെത്തുന്നതാണോ?

സംവിധായകര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണെങ്കില്‍ എല്ലാ നടന്‍മാര്‍ക്കും എല്ലാ കഥാപാത്രങ്ങള്‍ക്കും മേയ്ക്ക് ഓവര്‍ ഉണ്ടാകേണ്ടേ? അങ്ങനെയല്ല സംഭവിക്കുന്നത്.ഒരു സിനിമയിലേക്ക് നമ്മള്‍ എത്തിപ്പെടുന്നത് ഒരു ചര്‍ച്ചകളൊക്കെ കഴിഞ്ഞാണ്. നമ്മുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകഴിഞ്ഞാല്‍ നമ്മള്‍ അതിനു ഒരു രൂപം മനസ്സില്‍ കാണാം. അയാള്‍ വയസ്സനാണ്, അല്ലെങ്കില്‍ കഷണ്ടി ഉള്ള ആളാണ് കുറേ മുടി ഉള്ള ആളാണ്, അല്ലെങ്കില്‍ മറ്റ് പ്രത്യേകതകള്‍ ഉള്ള ആളാണ് എന്നൊക്കെ മനസ്സിലാക്കുമല്ലോ. അതിനു അനുസരിച്ചുള്ള ഒരു രൂപം നമ്മുടെ സങ്കല്‍പ്പത്തില്‍ ഉള്ളതും ഫോട്ടോകളിലുള്ളതും  ഒക്കെ നോക്കി ആ കഥാപാത്രത്തിലേക്ക് ചേര്‍ക്കുകയാണ്. അത് സംവിധായകരെ കാണിക്കുമ്പോള്‍ അവര്‍ക്കും തൃപ്തിയാകാറുണ്ട്.

ചില സംവിധായകര്‍ പറയും, സിദ്ദിഖ് ഇക്കയെ ഇതേ രൂപത്തില്‍ മതിയെന്ന്. പക്ഷേ ഞാന്‍  പറയും നിങ്ങള്‍ എന്റെ മനസ്സിലുള്ള രൂപം ഒന്നു കണ്ടുനോക്കൂ എന്ന്. അത് അവര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ സ്വീകരിച്ചാല്‍ മതിയല്ലേോ? അല്ലെങ്കില്‍ ഒഴിവാക്കാമല്ലോ? നല്ലതാണെങ്കില്‍ ആരും ഒഴിവാക്കുകയും ഇല്ലല്ലോ?

നിഷ്കളങ്കരായ ഒരുപാട് തമാശകഥാപാത്രങ്ങള്‍ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. പല നായകനടന്‍മാരെയും അതുപോലെയുള്ള ആ പഴയ മാനറിസങ്ങളില്‍ കാണാന്‍ ആഗ്രഹമുണ്ട് എന്നു പ്രേക്ഷകര്‍ പറയാറുണ്ട്. അങ്ങനെ ആ പഴയ സിദ്ദിഖ് കഥാപാത്രങ്ങളെ തിരിച്ചുവേണമെന്ന് ആഗ്രഹിക്കാറുണ്ടോ?

ചിലപ്പോള്‍ ഉണ്ടായേക്കാം. പക്ഷേ പഴയതിലേക്ക് മടങ്ങിപ്പോകാന്‍ അല്ല ഞാന്‍ ആഗ്രഹിക്കുന്നത്. പുതിയ കഥാപാത്രങ്ങളെയല്ലേ വേണ്ടത്. പുതിയ രീതിയിലല്ലേ അഭിനയിക്കേണ്ടത്. ഒരാള്‍ എസ്എല്‍സി കഴിഞ്ഞ് ഡിഗ്രിയും കഴിഞ്ഞ് ഒരു പൊലീസുകാരനായാല്‍ പിന്നെ എസ്ഐ ആകാനല്ലേ ശ്രമിക്കുക. അല്ലാതെ വീണ്ടും എസ്എല്‍സിക്കു പഠിക്കാനാണോ നോക്കുക. വീണ്ടും പഴയ സ്വഭാവത്തിലുള്ള, ഉദാഹരണത്തിനു ഇന്‍ഹരിഹര്‍ നഗറിലേതു പോലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ നിങ്ങള്‍ തന്നെ ചോദിക്കില്ലേ ഇയാള്‍ക്ക് ഇതേ അറിയുകയുള്ളൂ എന്ന്. ഞാന്‍ ആഗ്രഹിക്കുന്നത് ഇനിയും അഭിനയിക്കാത്ത കഥാപാത്രങ്ങളെ ആണ്.

അങ്ങനെ പറയുമ്പോള്‍ ഒരു ക്ലീഷേ ചോദ്യം ചോദിക്കേണ്ടി വരും. ഡ്രീം റോള്‍?

അങ്ങനെ എല്ലാ അഭിനേതാക്കള്‍ക്കും ആഗ്രഹങ്ങളുണ്ടാകും. എനിക്ക് അത് നേരത്തെ പറഞ്ഞതുപോലെ ഇതുവരെ അഭിനയിക്കാത്ത റോളുകളാണ്. അതിനുള്ള കൊതിയാണ് എനിക്കുള്ളത്. ഇപ്പോള്‍ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കാന്‍ പോകുന്നു. അതെന്താ ഞാന്‍ ഭീമനായി അഭിനയിച്ചാല്‍ ശരിയാകില്ലേ എന്ന് എനിക്കു തോന്നും. അത് ഞാന്‍ മോഹന്‍ലാലിനെക്കാളും വലുതായതുകൊണ്ടല്ല. അത് എല്ലാ നടന്‍മാര്‍ക്കും തോന്നുന്ന ആഗ്രഹമാണ്.

പുതിയ സിനിമകള്‍?

ഡബ്ബിംഗ് ചെയ്‍തു തീര്‍ന്നത് രഞ്ജിത്തിന്റെ പുത്തന്‍പണമാണ്. പറവ, റോള്‍ മോഡല്‍, ഹാപ്പി വെഡ്ഡിംഗിന്റെ സംവിധായകന്റെ പുതിയ സിനിമ എന്നിവയാണ് പുതിയ പ്രൊജക്റ്റുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios