അവരുടെ രാവുകളിലെ സ്വപ്‍നങ്ങള്‍!

Interview with Shanil Muhammad

മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കുന്ന സിനിമയിൽ ഒന്ന് തന്നെ ആണ് "ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ". റോജിൻ തോമസും ഷാനിൽ മുഹമ്മദും ചേർന്ന് സംവിധാനം ചെയ്ത ചിത്രം വലിയ വിജയം തന്നെ ആയിരുന്നു. വർഷങ്ങൾക്കിപ്പുറം ഷാനിൽ മുഹമ്മദ് സ്വതന്ത്ര സംവിധായകൻ ആവുന്ന "അവരുടെ രാവുകൾ" തിയേറ്ററിൽ എത്തുമ്പോൾ വിശേഷങ്ങളുമായി സംവിധായകൻ asianetnews.tvയോട് സംസാരിക്കുന്നു. സുധീഷ് പയ്യന്നൂര്‍ നടത്തിയ അഭിമുഖം.

Interview with Shanil Muhammad

2013 ലാണ് ആദ്യത്തെ സിനിമ പുറത്തു വരുന്നത്. റോജിൻ തോമസ്, ഷാനിൽ മുഹമ്മദ്, രാഹുൽ സുബ്രഹ്മണ്യൻ എന്നീ മൂന്നു ചെറുപ്പക്കാർ കുട്ടികളുടെ സിനിമയുമായി വന്നു വലിയൊരു വിജയം തന്നെ നേടി. എങ്ങനെ ആയിരുന്നു സിനിമയോടുള്ള ഇഷ്ടവും മൂന്നു പേര് ചേർന്നുള്ള വരവും?

കുട്ടിക്കാലം മുതലേ സിനിമയോടുള്ള ആഗ്രഹം വളരെ കൂടുതൽ ആയിരുന്നു. പഠനമൊക്കെ കഴിഞ്ഞ് ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് ഇത്രയും ആഗ്രഹം ഉണ്ടായിട്ടും ഒന്ന് ട്രൈ ചെയ്തത് പോലുമില്ലല്ലോ എന്ന് തോന്നിയത്. പിന്നെ അധികം ആലോചിച്ചില്ല, ജോലി ഒക്കെ വിട്ടു നേരെ കൊച്ചിയിലേക്ക് വന്നു. അവിടെ നിന്നാണ് റോജിനും രാഹുലും ഒക്കെ ആയി കൂട്ട് കൂടുന്നത്. റോജിനും ഞാനും ഓരോ ഷോർട് ഫിലിം അതിനു മുന്നേ ചെയ്തിരുന്നു. മങ്കി പെന്നിന്റെ കഥ ഡിസ്കസ് ചെയ്തപ്പോഴും ആദ്യം ഒരു ഷോർട് ഫിലിം ആക്കാൻ തന്നെ ആയിരുന്നു പ്ലാൻ. പിന്നെ തോന്നി അതൊരു സിനിമ തന്നെ അയാൾ നന്നായിരിക്കും എന്ന്. കഥ സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവരെ കണ്ടു കഥ പറഞ്ഞു, അവർ ഒകെ പറഞ്ഞു. അങ്ങനെയാണ് മങ്കി പെൻ തുടങ്ങിയത്.

Interview with Shanil Muhammad

 

ആദ്യ സിനിമയ്ക്ക് ശേഷം ഇരട്ട സംവിധായകർ സ്വന്തം സിനിമകളുമായി മുന്നോട്ടു പോയി. റോജിൻ 'ജോ ആൻഡ് ദി ബോയ്' ചെയ്തു, ഷാനിലിന്റെ 'അവരുടെ രാവുകൾ' വരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം കൂട്ടുകെട്ട് വിട്ടു സിനിമ ചെയ്യാനുള്ള കാരണം എന്തായിരുന്നു?

അങ്ങനെ മനപ്പൂർവം പിരിഞ്ഞതല്ല. രണ്ടു സിനിമകളും നമ്മളൊരുമിച്ചു ചെയ്യാൻ തന്നെ ആയിരുന്നു പ്ലാൻ. റോജിൻ 'ജോ ആൻഡ് ദി ബോയ്' ന്റെ കഥയുമായി മഞ്ജു ചേച്ചിയെ സമീപിച്ചു. ഞാൻ അതെ സമയം ഈ കഥയുമായി ആസിഫ് അലിയെയും കണ്ടു. എന്താ സംഭവിച്ചെന്ന് ചോദിച്ചാൽ രണ്ടു പേർക്കും രണ്ടാളും ഡേറ്റ്  തന്നു; അത് ഏകദേശം ഒരേ സമയത്തും ആയി. രണ്ടു സിനിമകളും ഉപേക്ഷിക്കാനും പറ്റില്ല, അങ്ങനെ ഒറ്റയ്‌ക്കൊറ്റയ്‍ക്ക് ചെയ്യാൻ തീരുമാനിച്ചതാണ്. അവരുടെ രാവുകളിൽ ആസിഫ് അലിയെ കൂടാതെ ഉണ്ണി മുകുന്ദൻ വിനയ് ഫോർട്ട് തുടങ്ങിയവരും കൂടെ വന്നപ്പോൾ കുറച്ചു കൂടെ നീണ്ടു പോയതാണ്. ചിലപ്പോ ഇനി റോജിനും ഞാനും ഒരുമിച്ചും സിനിമ വരാം, വരാതിരിക്കാം. കൃത്യമായി അതിനെപ്പറ്റി പറയാൻ പറ്റണം എന്നില്ലാലോ.

എന്താണ് 'അവരുടെ രാവുകൾ' എന്ന സിനിമയുടെ പശ്ചാത്തലം?

സിനിമ പ്രധാനമായും പറയുന്നത് മൂന്നു യുവാക്കളുടെ കഥയാണ്. മൂന്ന് പേരും അവരുടെ ചില പ്രശ്നങ്ങളുമായി കൊച്ചിയിലേക്ക് വരികയാണ്. ആ പ്രശ്നങ്ങൾ അവരെങ്ങനെ തരണം ചെയ്യുന്നു എന്നതാണ് കഥാ തന്തു. ഏതു കഥാപാത്രം ആയാലും അവർക്കു കൃത്യമായ ഒരു സ്‌പേസ് കൊടുത്തിട്ടുണ്ട്. ഗ്രാമത്തിൽ നിന്ന് നഗരത്തിൽ എത്തുന്ന പ്രശ്നം, മറ്റു പലതിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം അങ്ങനെ ഓരോ തരത്തിലും വ്യത്യസ്തമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവർ ഒരു സ്ഥലത്തു മീറ്റ് ചെയ്യുന്നതാണ് സിനിമയുടെ പശ്ചാത്തലം. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നീ നടന്മാരുടെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആയിരിക്കും ഈ ചിത്രത്തിൽ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മലയാള സിനിമയെ മാറ്റി മറിക്കുന്ന സിനിമ എന്ന അവകാശ വാദങ്ങൾ ഒന്നും തന്നെ ഇല്ല. പ്രേക്ഷകനെ സംബന്ധിച്ചെടുത്തോളം ഒരു ഫ്രഷ് സിനിമ കിട്ടും എന്ന ഉറപ്പ് തരാന്‍ പറ്റും. വേണു  ചേട്ടന്റെ കഥാപാത്രവും സിനിമയിൽ ശക്തമാണ്. മുകേഷ്, ലെന, അജു വർഗീസ് തുടങ്ങിയ ഒരു താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

Interview with Shanil Muhammad

ആദ്യ സിനിമയെ അപേക്ഷിച്ചു രണ്ടാമത്തെ സിനിമയിൽ ഒരു വലിയ താരനിര തന്നെ ഉണ്ടല്ലോ, എങ്ങനെ ആയിരുന്നു ഷൂട്ടിംഗ് അനുഭവം?

ശരിയാണ്, ആദ്യ ചിത്രത്തെ അപേക്ഷിച്ചു ഈ ചിത്രത്തിലേക്ക് വരുമ്പോൾ ഏറെ താരങ്ങൾ ഉണ്ട്. 'മങ്കി പെൻ' കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ ആയിരുന്നു. 'അവരുടെ രാവുകൾ' എത്തുമ്പോൾ യുവാക്കളുടെ കഥ ആണ് പറയുന്നത്. അഭിനേതാക്കളെ സെലക്ട്  ചെയ്തപ്പോഴും അവരിതുവരെ ചെയ്യാത്ത ഒരു കഥാപാത്രം നൽകണം എന്നുണ്ടായിരുന്നു. അതുപോലെ എക്സ്പീരിയൻസ് ഉള്ള നടന്മാർ ആയതു കൊണ്ട് തന്നെ എനിക്ക് കുറച്ചൂടെ കംഫര്‍ട് ആണ്. നമ്മളൊരു സീൻ എടുക്കാൻ തീരുമാനിച്ചാൽ അതിന്റെ എല്ലാ വകഭേദങ്ങളും അവർ നമുക്ക് തരും. വേണു ചേട്ടൻ, മുകേഷേട്ടൻ ഇവരോടൊക്കെ വർക്ക് ചെയ്യുക എന്നത് തന്നെ വലിയ കാര്യം ആണ്.

എന്തുകൊണ്ടാണ് 'അവരുടെ രാവുകൾ' എന്ന പേര്?

നേരത്തെ പറഞ്ഞത് പോലെ മൂന്നു പേര്‍ അവരുടെ സ്വപ്‍നങ്ങളുമായി കൊച്ചിയിൽ വരുന്നതാണ്. സ്വപ്‌നങ്ങൾ രാത്രിയുടെ ബന്ധപ്പെട്ടതാണല്ലോ. അതുകൊണ്ടു തന്നെ ഈ പേര് തന്നെ ആണ് സിനിമയ്ക്ക് ഉചിതം എന്ന് തോന്നി.

Interview with Shanil Muhammad

സിനിമ തുടങ്ങിയ ശേഷം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്ങനെ ആണ് ഇതിനെയൊക്കെ തരണം ചെയ്തത്?

ഈ സിനിമ ഇറക്കാൻ പറ്റി എന്നത് തന്നെ ആണ് സിനിമയുടെ ആദ്യത്തെ വിജയം എന്ന് പറയുന്നത്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും, ഇതിൽ പ്രവർത്തിച്ച എല്ലാവരുടെയും സപ്പോർട് ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം ആണ് ഈ ചിത്രം ഇറക്കാൻ പറ്റിയത്. അതിൽ എല്ലാവരോടുമുള്ള നന്ദിയും ഉണ്ട്. നിർമാതാവിന്റെ മരണ ശേഷം നമ്മൾ ശരിക്കും ഒരു ഡിപ്രസ്ഡ് അവസ്ഥ തന്നെ ആയിരുന്നു. ആ സമയത്തു തന്നെ വളരെ മോശമായ രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ഈ സംഭവത്തെ കുറിച്ച് എഴുതുകയും ചെയ്തു. അജയ്‍യിന്റെ   വീട്ടുകാർ തന്നെ വന്നു സംസാരിച്ചു - എന്തായാലും ഈ പടം ഇറക്കണം എന്ന് പറഞ്ഞു. അതാണ് നമുക്ക് കിട്ടിയ ഊർജം. സിനിമ ഇറങ്ങുമ്പോൾ നിങ്ങൾക്കും മനസിലാകും അത് നല്ലതാണോ മോശമാണോ എന്നുള്ളത്. വലിയൊരു പടമാണെന്ന അവകാശ വാദം ഒന്നുമില്ല, പക്ഷെ കാണുന്നവർക്കു ആസ്വദിച്ചു തന്നെ തിരിച്ചു വരാനുള്ള എല്ലാം ചേർന്ന ഒരു സിനിമ ആണ് എന്നതിൽ ഉറപ്പുണ്ട്. പിന്നെ എല്ലാം പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടത്.

Interview with Shanil Muhammad

യുവ സംവിധായകർക്ക് മലയാളത്തിൽ നല്ല സ്‌പേസ് ഉണ്ടെന്നു തോന്നുന്നുണ്ടോ?

തീർച്ചയായും, സിനിമ റീലിൽ നിന്ന് മാറി ഡിജിറ്റൽ രീതിയിലേക്ക് മാറിയത് കൊണ്ട് തന്നെ അവസരങ്ങൾ കൂടുതലായുണ്ട്. അവയെ കൃത്യമായി ഉപയോഗിക്കുക എന്നത് തന്നെ ആണ് കാര്യം. നല്ലൊരു കഥയുണ്ടെങ്കിൽ തന്നെ അഭിനേതാക്കളെയും നിര്മാതാവിനെയും ലഭിക്കാനൊക്കെ എളുപ്പം ആണ്. അതിനെ നല്ല രീതിയിൽ തന്നെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് കാര്യം.

സിനിമയുടെ വിജയ പരാജയങ്ങളെ നിർണയിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്കു വലിയ പങ്ക് ഉണ്ടോ?

ഉണ്ട് എന്ന് തന്നെ ആണ് കരുതുന്നത്. സിനിമ ഇറങ്ങുന്ന സമയത്തു തന്നെ സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ചുള്ള വിശകലനങ്ങൾ ഒക്കെ കാര്യമായി വരുന്നുണ്ട്. നല്ലതും മോശവും ഒക്കെ വരുന്നുണ്ട്. അതെ സമയം കുറച്ചു പേര് നെഗറ്റീവ് മാത്രം എഴുതുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ നശിപ്പിക്കുക എന്ന ഉദ്ദേശം വച്ച് തന്നെ എഴുതുകയാണ് എന്ന് തോന്നുന്ന രീതിയിൽ തന്നെ. ഏത് സിനിമ ആയാലും അതിനു പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ കാര്യങ്ങൾ ഉണ്ടാകും. സത്യസന്ധമായ അഭിപ്രായങ്ങൾ പറയുക എന്നതാണ് കാര്യം. സിനിമ പോയി കാണരുത് എന്ന് പറയുന്ന രീതിയിലേക്ക് അഭിപ്രായങ്ങൾ മാറരുത് എന്ന് ആഗ്രഹിക്കുന്നു. ഇന്ന് സിനിമ നല്ലതായാൽ മാത്രം പോരാ, അതിനെ നല്ല രീതിയിൽ പ്രമോട്ട് ചെയ്‌താൽ മാത്രമേ പ്രേക്ഷകർക്കിടയിൽ എത്തുകയുള്ളൂ. "അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ" ഒരു നല്ല സിനിമായിരുന്നിട്ടു കൂടി ആൾക്കാർ ഇല്ലാത്തതിനാൽ തിയേറ്ററുകാർ ഷോ മാറ്റിയ സമയത്തു സോഷ്യൽ മീഡിയയുടെ ഇമ്പാക്ട് കൊണ്ടാണ് വീണ്ടും നല്ലരീതിയിൽ ഓടിയത്. അതുകൊണ്ട് സോഷ്യൽ മീഡിയയ്ക്കു കൃത്യമായ സ്വാധീനം ഉണ്ട് എന്നതിൽ യാതൊരു തർക്കവും ഇല്ല. സോഷ്യൽ മീഡിയയിൽ 80 ശതമാനത്തിൽ കൂടുതലും കൃത്യമായതും സത്യ സന്ധമായതുമായ രീതിയിൽ സിനിമയെ സമീപിക്കുന്ന ആൾക്കാർ തന്നെ ആണ്. ബാക്കി ഉള്ളവരാണ് ടാർഗറ്റ് ചെയ്ത രീതിയിൽ സിനിമയെ സമീപിക്കുന്നത്. നല്ലതിനെ നല്ലതെന്നും മോശത്തിനെ മോശം എന്നതും കാണുക എന്നതാണ് പ്രധാനം.

Interview with Shanil Muhammad

'അവരുടെ രാവുകളിലെ' ഒരു നടൻ കൂടെ ആയ വേണു ഒ വി ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇട്ടിരുന്നു - ഷാനിലിന്റെ ആദ്യ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ എഴുതിയതും പിന്നീട് ഈ ചിത്രത്തിൽ അഭിനയിക്കുന്നതും  ഒക്കെ. എങ്ങനെയാണ് അങ്ങനെ ഒരു ആൾ അടുത്ത സിനിമയിൽ അഭിനേതാവായത്?

വേണു ഒ വി ശരിക്കും എന്റെ കൂടെ കോളേജിൽ പഠിച്ച ചങ്ങാതി ആയിരുന്നു. അത്ര അടുത്ത ചങ്ങാതി ഒന്നുമല്ല, പക്ഷെ പരസ്പരം അറിയാം എന്ന് മാത്രം. കുറെ കാലത്തിനു ശേഷം ഞാൻ വേണൂനെ വീണ്ടും കാണുന്നത് കൊച്ചിയിൽ വന്നപ്പോ ആദ്യകാലത്തു ജോലിയും കാര്യങ്ങളും ഒക്കെ ആയി പോകുന്ന സമയത്താണ്.  പക്ഷെ റിവ്യൂ എഴുതിയ സമയത്തൊന്നും ഇതോർമ്മയില്ലായിരുന്നു. മങ്കി പെൻ ഇറങ്ങിയ സമയത്തു കണ്ടതിൽ ഒരു എൺപതു ശതമാനത്തിലധികം ആൾക്കാർക്കും ഇഷ്ടപ്പെട്ട ഒരു സിനിമ ആയിരുന്നു അത്. വേണു ഇങ്ങനെ നെഗറ്റീവ് റിവ്യൂ ഇട്ടപ്പോ വേണുവിനെ കുറെ ആൾക്കാർ തെറി വിളിച്ചു പോസ്റ്റിട്ടു. സിനിമയെ അതൊക്കെ ഹെൽപ് ചെയ്തിട്ടേ ഉള്ളു. പിന്നീടാണ് ഞാൻ, വേണു എന്റെ പഴയ ക്ലാസ്മേറ്റ് ആണെന്നതൊക്കെ അറിയുന്നത്. അതിനു ശേഷം നമ്മൾ സംസാരിച്ചു. അപ്പോഴും ഇപ്പോഴും അവനു ആ പടം ഇഷ്‍ടം ആയില്ല എന്ന് തന്നെ ആണ് പറഞ്ഞത്. അത് അവൻ എന്നെ പ്രീതിപ്പെടുത്താൻ മാറ്റിപ്പറഞ്ഞില്ല എന്നത് തന്നെ ആണ് എനിക്കിഷ്ടപ്പെട്ടത്. പുതിയ സിനിമ വന്നപ്പോൾ വേണു ചെയ്താൽ നന്നായിരിക്കും എന്ന് തോന്നി അങ്ങനെ വന്നതാണ്. കുറച്ചു നാൾ നമ്മളൊരുമിച്ചു വർക്ക് ചെയ്തു, വേണുവിനും കൃത്യമായി സിനിമയെ മനസിലാക്കാൻ പറ്റി ഈ സമയത്തു എന്നും കരുതുന്നു. നല്ല സുഹൃത്തുക്കൾ ആണ്.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ എങ്ങനെ ആണ് സിനിമയെ നോക്കിക്കാണുന്നത്?

ഞാൻ എന്നും ഒരു പ്രേക്ഷകൻ കൂടെ ആണ്. എന്റെ ഒരു ചങ്ങാതി മുന്നേ പറഞ്ഞിട്ടുണ്ട്, സിനിമ കാണുന്നത് ഏറെയും ഒരു എന്റർടൈനർ എന്ന രീതിയിൽ നോക്കിക്കണ്ട് കൊണ്ടാണ്. ഒരു റിലാക്സ് മൂഡിൽ സിനിമയെ സമീപിക്കാൻ ആണ് ഏറെ പേർക്കും ഇഷ്‍ടം. അതിൽ ഓൾഡ് ജനറേഷൻ ന്യൂ ജനറേഷൻ എന്ന വ്യത്യാസം ഒന്നുമില്ല. ഞാനും അത്തരത്തിൽ സിനിമയെ കാണുന്ന പ്രേക്ഷകൻ ആണ്. എന്റെ സിനിമകളും അങ്ങനെ ആകാൻ ഉള്ള ശ്രമങ്ങൾ  ഉണ്ടാകാറുണ്ട്.

സിനിമ കാണാൻ പോകുന്ന പ്രേക്ഷകരോട്?

ഇത് കുടുംബങ്ങൾക്കും യുവാക്കൾക്കും ഒക്കെ വേണ്ടിയുള്ള എല്ലാം ചേർത്തുള്ള ഒരു സിനിമയാണ്. നിങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ മികച്ച പ്രകടനം ഉണ്ട്. ഒരു ഫ്രഷ് സിനിമ എന്ന് വിശേഷിപ്പിക്കാൻ ആണ് എനിക്കിഷ്ടം. നിങ്ങൾ സിനിമ കണ്ടു ആസ്വദിക്കുക. എന്തായാലും കണ്ടു കഴിയുമ്പോൾ ഒരു മോശം സിനിമ കണ്ടു എന്ന ഫീൽ ഒരിക്കലും ഉണ്ടാകില്ല എന്ന മിനിമം ഗ്യാരണ്ടി തരാനും പറ്റും. ഒരിക്കലും മങ്കി പെൻ പ്രതീക്ഷിച്ചു പോകരുത്, അതിൽ നിന്ന് പൂർണമായി വ്യത്യസ്തമായ സിനിമയാണ് ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios