ഏദനിലെ കാഴ്‍ചകളും, കഥകളും- സഞ്ജു സുരേന്ദ്രൻ സംസാരിക്കുന്നു

ഏദനിലെ കാഴ്‍ചകളും, കഥകളും- സഞ്ജു സുരേന്ദ്രൻ സംസാരിക്കുന്നു

Interview with Sanju Surendran

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഏദന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രൻ സംസാരിക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ അഭിമുഖം.

എന്താണ് ഏദന്‍ ?

ഏദന്‍ ഹരീഷിന്റെ കുറച്ച് കഥകളെ അടിസ്ഥാനമാക്കി ചെയ്ത സിനിമയാണ്. ഹരീഷിന്റെ മൂന്ന് കഥകളാണ് സിനിമയാക്കിയത്. കോട്ടയത്ത് ഒരു സിനിമ സ്‌കൂൡ ജോലി ചെയ്ത സമയത്താണ് ഹരീഷിന്റെ കഥകള്‍ വായിക്കുന്നത്. നിര്യാതനായി എന്ന കഥയാണ് ആദ്യം വായിച്ചത്. അത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അത് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒരു ഫീച്ചറിന്റെ രൂപത്തിലേക്ക് അത് ഡെവലപ് ചെയ്‌തെടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു ഒതുക്കമുളള കഥയായിരുന്നു അത്. പിന്നീട് ഈ കഥയോട് സമാനത പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ മറ്റ് രണ്ട് കഥകള്‍ കൂടി ഇതിനോട് ചേര്‍ത്തു. ഇക്കാര്യം പറഞ്ഞപ്പോള്‍ ഹരീഷിനും സന്തോഷമായി. നിര്യാതനായി എന്ന കഥയിലെ പീറ്റര്‍ സാര്‍ ശരിക്കുമുള്ളൊരു കഥാപാത്രമാണ്. പുള്ളി പറഞ്ഞു കൊടുത്തതാണ് അതിലെ ഒരു കഥ. മാത്രികവാലിലെ നീതുവിന്റെ കഥ. വളരെ ചെറിയ ഒരു പ്ലാറ്റ്‌ഫോമിലാണ് ആദ്യം തുടങ്ങിയത്. ഇപ്പോള്‍ നമ്മള്‍ രണ്ടുപേര്‍ സംസാരിക്കുന്നതു പോലെ. ഒരു മരണക്കളി കളിക്കുന്നു. രണ്ടു പേര്‍ സംസാരിക്കുന്നു. സിംഗിള്‍ ലൊക്കേഷന്‍. രണ്ട് കഥാപാത്രങ്ങള്‍ അങ്ങനെയൊക്കെയാണ് തുടങ്ങിയത്. പിന്നീട് അത് വലുതായി . ഒരു അമ്പതോളം ലൊക്കേഷന്‍സ് , ആക്ടേഴ്‌സ്, പത്തിരുപത് മൃഗങ്ങള്‍ അങ്ങനെയൊക്കെയായി മാറി . അതാണ് ഏദന്‍.

യുവതലമുറയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കഥാകൃത്താണ് ഹരീഷ്. ഹരീഷിന്റെ കഥകളെ സമീപിക്കുമ്പോള്‍ അതിന്റെയൊരു ചലഞ്ചിങ്ങ് , വെല്ലുവിളികള്‍ ഒക്കെ എങ്ങനെയായിരുന്നു ?

ഹരീഷിന്റെ കഥകള്‍ വളരെ രസകരമായവയാണ്. ഹരീഷിന്റെ കഥകളില്‍ മിക്കതും ഒരു യാഥാര്‍ത്ഥ വ്യക്തിയെയോ, ജീവിതത്തെയോ , സന്ദര്‍ഭത്തെയോ അടിസ്ഥാനമാക്കിയുള്ളതാണ്. വളരെ യാഥാര്‍ത്ഥ്യമായവ പെട്ടെന്ന് അതല്ലാതാവുന്ന അവസ്ഥ കൂടിയുണ്ട് അദ്ദേഹത്തിന്റെ കഥകള്‍ക്ക്. കൂടാതെ ഒരു അറേബ്യന്‍ നാടോടിക്കഥകളുടെ ഫാന്റസി തലം കൂടിയുണ്ട്. ഇതാണ് എനിക്ക് താല്‍പര്യമായി തോന്നിയത്. അതിന്റെ പ്രാദേശിക വളരെ പ്രധാനപ്പെട്ടതാണ്. വളരെ പ്രദേശികമായ സ്വഭാവവും സൂക്ഷമമായ നിരീക്ഷണവും ഉണ്ട്. ഹരീഷിന്റെ കഥയില്‍ നിന്നൊരു സിനിമ കണ്ടെടുക്കുകയായിരുന്നു ഞങ്ങള്‍. കോട്ടയത്തിനുള്ള ആദരം കൂടെയായിരിക്കും ഈ സിനിമ. കോട്ടയത്തിന്റെ മൂന്ന് ഭൂമിശാസ്‍ത്രങ്ങളുണ്ട്.

ഹരീഷിന്റെ എല്ലാ കഥകളിലും കോട്ടത്തിന് പ്രാധാന്യമുണ്ട്. സിനിമയും അതുപോലെ തന്നെയായിരിക്കുമോ ?

അതെ, അതെ . നീണ്ടൂര് പ്രദേശവുമൊക്കെ അപ്പര്‍ കുട്ടനാടുപോലെയും ഹൈറേഞ്ച് പ്രദേശം, സമതലങ്ങള്‍ പിന്നെ നഗരവും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഗ്രാമവും നഗരവും കൂട്ടിച്ചേര്‍ന്നാണ് സിനിമയുടെ ജ്യോഗ്രഫി.

മാന്ത്രിക വാല്‍, നിര്യാതരായി, ചപ്പാത്തിലെ കൊലപാതകം . എങ്ങനെയാണ് ഈ മൂന്ന് കഥകള്‍ ചേര്‍ന്നുള്ള ആഖ്യാനം എങ്ങനെയായിരുന്നു ?

ഇത് മിക്കതും യഥാര്‍ത്ഥ സംഭവങ്ങളാണ്. പക്ഷെ ഇത് മരണവും ആഗ്രഹവും എന്ന പ്രമേയവുമായി ബന്ധമുള്ളതാണ് ഈ കഥകളിലെ സംഭവങ്ങള്‍ . ക്യാരക്ടറുമായുള്ള ബന്ധവും സ്ഥലവുമായുള്ള ബന്ധവും ഒക്കെയായി ഈ മൂന്ന് കഥകളെ സംയോജിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

കഥകളിലെ കഥാപാത്രങ്ങള്‍ സിനിമയില്‍ വരുന്നുണ്ടോ ?

കഥയിലെ കഥാപാത്രങ്ങള്‍ എല്ലാവരും വരുന്നുണ്ട്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ എല്ലാവരും പുതുമുഖങ്ങളാണ്. കാസ്റ്റിങ്ങ് കോള്‍ ഒക്കെ ഉണ്ടായിരുന്നു അഭിനയതാക്കളെ തെരഞ്ഞെടുക്കുന്നതിന്. അറിയാവുന്ന നടീനടന്മാരെ അഭിനയിപ്പിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കാരണം അറിയപ്പെടുന്നവരുടെ അഭിനയത്തെ കുറിച്ചൊരു ധാരണ പ്രേക്ഷകര്‍ക്ക് നേരത്തെ ഉണ്ട്. എനിക്ക് അങ്ങനെയുള്ളവരെയല്ലായിരുന്നു വേണ്ടത്. അഭിനയിക്കുന്നവര്‍ ഒരു സമസ്യയായിരിക്കണം. കാസ്റ്റിങ്ങ് സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ലൊക്കേഷന്‍ കാസ്റ്റിങ്ങും അഭിനയിക്കുന്നവരുടെ കാസ്റ്റിങ്ങും. ഇതെല്ലാം വളരെ ശ്രദ്ധിച്ചാണ് ഞങ്ങള്‍ ചെയ്തത്. കഥ വായിക്കുമ്പോള്‍ തന്നെ ചില മുഖങ്ങള്‍ മനസ്സില്‍ വരുന്നുണ്ടായിരുന്നു. എന്റെ സുഹൃത്ത് അഭിലാഷ് നായരാണ് നിര്യാതരായി എന്ന് പറയുന്ന കഥയിലെ പ്രധാന കാഥാപാത്രം. ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എന്റെ വിദ്യാര്‍ത്ഥിയായ പ്രശാന്താണ്. നീതുവിന്റെ ക്യാരക്ടറിന് ആളെ കിട്ടുന്നതിനാണ് ഏറെ ബുദ്ധിമുട്ടിയത്. കുറെ അലഞ്ഞു ഇതിനു വേണ്ടി. പലര്‍ക്കും അറിയേണ്ടിയിരുന്നത്. മറ്റ് കഥാപാത്രങ്ങളെ ആരാണ് അവതരിപ്പിക്കുന്നത് എന്നൊക്കെയായിരുന്നു. ഫഹദ് ഫാസിലുണ്ടോ, ദുല്‍ഖര്‍ സല്‍മാനുണ്ടോ എന്നൊക്കെ. പിന്നെയാണ് നന്ദിനിയെ ഈ റോളിന് വേണ്ടി സെലക്ട് ചെയ്യുന്നത്. നന്ദിനി ഒരു ഡി.ജെയും അവതാരികയുമാണ്. മുമ്പ് ഒരു ഷോട്ട്ഫിലിംമിലും അഭിനയിച്ചിട്ടുണ്ട്. അറിയാവുന്ന മുഖം എന്നു പറയുന്നത് മാടന്‍ തമ്പിയുടെ കഥാപാത്രം ചെയ്തിട്ടുള്ള സണ്ണിയേട്ടന്റെതാണ്. പീറ്റര്‍ സാറിന്റെ റോള്‍ കോട്ടയത്തുള്ള ജോര്‍ജ്ജ് കുര്യനാണ് ചെയ്തത്. അഭിനയിക്കുന്ന എല്ലാവര്‍ക്കും മൂന്ന് മാസം റിഹേഴ്‌സല്‍ ഒക്കെ നടത്തിയതിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്.

സ്‌ക്രിപ്റ്റ് പൂര്‍ണമാക്കിയതിന് ശേഷമാണോ ചിത്രീകരണം ആരംഭിച്ചത്. അതോ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം ഉണ്ടായിരുന്നോ ?

മെച്ചപ്പെടുത്തുക എന്ന് പറയുന്നത് തീര്‍ച്ചയായും ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എനിക്കത് ഇഷ്ടവുമാണ്. ഒരു സീന്‍ കൂടുതല്‍ മനോഹരമാക്കുക തുടങ്ങിയ മെച്ചപ്പെടുത്തലുകള്‍ തുടങ്ങിയവ. കഥകളിയിലോ കൂടിയാട്ടത്തിലൊക്കെയോ മനോധര്‍മ്മമെന്ന് പറയും . സിനിമയിലും ഇതും അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.

ലൊക്കേഷനൊക്കെ എവിടെയായിരുന്നു ?

തിയറ്റര്‍ ആര്‍ട്ടിസ്റ്റായ യേശുദാസേട്ടനാണ് ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ സഹായിച്ചത്. പുള്ളി ശരിക്കുമൊരു അഭിനയേതാവിന്റെ കാഴ്ച്ചപ്പാടുള്ള വ്യക്തിയാണ്. കഥയും കഥാപാത്രങ്ങളും കൃത്യമായി അറിയാവുന്ന ആളായതു കൊണ്ട് വളരെ യോജിച്ച ലൊക്കേഷന്‍സ് തന്നെയാണ് യേശുദാസേട്ടന്‍ കണ്ടുപിടിച്ചത്. നീണ്ടൂര് കുറെ നല്ല ലൊക്കേഷന്‍സ് ഉണ്ട്. പിന്നെ പീറ്റര്‍ സാറിന്‌റെ വീട് അതുമൊരു രസമുള്ള ലൊക്കേഷനാണ്. കഥയില്‍ സ്ഥലത്തിനുള്ള വികാരനുഭവത്തെ അതുപോലെ സിനിയില്‍ പ്രതിഫലിപ്പിക്കുകയെന്നതായിരുന്നു വെല്ലുവിളി.

ആരാണ് സിനിമയില്‍ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത് ?

മനീഷ് മാധവനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മനീഷ് തന്നെയാണ് നേരത്തെ എന്റെ ഡോക്യൂമെന്ററി കപിലയുടെ ക്യാമറയും ചെയ്തിരുന്നത്. ഏദനില്‍ ലൈറ്റൊക്കെ വളരെ മനോഹരമായാണ് ഉപയോഗിച്ചിരിക്കുന്നത്.

എപ്പോഴാണ് സിനിമയാണ് സഞ്ജുവിന്റെ മാധ്യമം എന്ന് തിരിച്ചറിയുന്നത് ?

ചെറുപ്പത്തില്‍ വരയ്ക്കുമായിരുന്നു. പിന്നെ സിനിമാ പോസ്റ്ററിനോട് ഇഷ്ടമുണ്ടായിരുന്നു. അതിന്റെ ഫോണ്ടും ഒക്കെ ശ്രദ്ധയോടെ നോക്കും. സിനിമയോട് ഒരു താല്‍പര്യം ഉണ്ടായിരുന്നു. കോളേജില്‍ പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ താല്‍പര്യം വ്യക്തമായി തിരിച്ചറിയുന്നത്. തൃശ്ശൂര്‍ കേരളവര്‍മ്മയിലാണ് ഞാന്‍ പഠിച്ചത്. തൃശ്ശൂരിലുള്ള ഫിലീം ക്ലബ്ബുകളും ഫിലീം സൊസൈറ്റികളും ഒക്കെ ഈ താല്‍പര്യം വളര്‍ത്തി. മാസത്തില്‍ ഒരു സിനിമയൊക്കെ ഫിലീം സൊസൈറ്റികളില്‍ കാണിക്കും. അങ്ങനെയാണ് വ്യത്യസ്തമായ സിനിമയുടെ ലോകം ഉണ്ടെന്ന് മനസിലാക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios