അത് സമത്വത്തിനു വേണ്ടിയുള്ള അംഗീകാരമാണ്: പാര്‍വതി
അത് സമത്വത്തിനു വേണ്ടിയുള്ള അംഗീകാരമാണ്: പാര്‍വതി
മികച്ച നടിക്കുള്ള പുരസ്‍കാരം വീണ്ടും പാര്‍വതിക്ക്. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെയാണ് പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും മികച്ച നടിക്കുള്ള പുരസ്‍കാരം പാര്‍വതിക്കായിരുന്നു. പാര്‍വതി സംസാരിക്കുന്നു.
ഒരു വര്‍ഷത്തിന്‍റെ ഇടവേളയില്‍ വീണ്ടും മികച്ച നടിക്കുള്ള പുരസ്‍കാരം ലഭിക്കുന്നു. എന്തുതോന്നുന്നു?
ഞാൻ എപ്പോഴും ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ വളരെ സന്തോഷവതിയാണ്. ഒരുപാട് നന്ദിയുണ്ട്. ജൂറി അംഗങ്ങള്‍ക്കു്. സര്‍ക്കാര്‍ ഇങ്ങനെ ഒരു അംഗീകാരം ടേക്ക് ഓഫ് എന്ന സിനിമയ്‍ക്ക് കൊടുക്കുന്നത് എനിക്ക് അഭിമാനകരമായ മുഹൂര്‍ത്തമാണ്. അത് എന്റെ അവാര്‍ഡ് ആയി മാറ്റാൻ പറ്റില്ല. സത്യസന്ധമായി ഇത് എന്റെ ടീമിന് എല്ലാവര്‍ക്കും ഉള്ള അവാര്‍ഡാണ്. രാജേഷ് (സംവിധായകൻ) നമ്മെ വിട്ടുപോയ അന്നു തുടങ്ങിയതാണ് ടേക്ക് ഓഫിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. രാജേഷ് നമ്മെ വിട്ടുപോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. രാജേഷിനു വേണ്ടി ചെയ്‍ത സിനിമയ്‍ക്ക് അവാര്‍ഡ് കിട്ടുന്നത് അദ്ദേഹം കാണുന്നുണ്ടാകും എന്ന് ഞാൻ കരുതുന്നു.
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. സത്യമായിട്ടും. കാരണം ഒരുപാട് ഉഗ്രൻ പെര്‍ഫോമൻസ് ഉണ്ടായിരുന്നു. നിമിഷയുടെ പെര്‍ഫോര്‍മൻസ്. മഞ്ജു ചേച്ചിയുടെ പെര്‍ഫോര്‍മൻസ്, ഞാൻ കാണാത്ത ഒരുപാട് സിനിമകളിലെ പെര്‍ഫോര്‍മൻസ്. തൊണ്ടിമുതലൊക്കെ കാണുന്ന സമയത്ത് ആവശ്യമുള്ള കോംപ്ലകസ് എനിക്കുണ്ടായിരുന്ന തരത്തിലായിരുന്നു നിമിഷയുടെ പ്രകടനമൊക്കെ. എങ്ങനെയാണ് ആ കുട്ടി ചെയ്‍തതത്? ആ എക്സപ്രഷൻ എങ്ങനെയാണ് ആ കുട്ടി കൊടുത്തത്? കാരണം അത്രയ്‍ക്കും സ്വാഭാവികമായിട്ടാണ് ആ കുട്ടി അത് ചെയ്‍തിരിക്കുന്നത്. ഒരുപാട് പെര്‍ഫോര്‍മെഴ്‍സിന്റെ കൂടെ ഞാൻ അഭിനയിക്കുമ്പോള്‍ അവരുടെ കാണുമ്പോള്‍. ഇപ്പോള്‍ നസ്രിയയെ നോക്കുമ്പോള്‍.. അവരുടെ രീതികളില്‍ അല്ല ഞാൻ ചെയ്യുന്നത്.. ഞാനൊക്കെ കഷ്‍ടപ്പെട്ട് ആണ് അഭിനയിക്കുന്നത്. എനിക്ക് പ്രചോദനമാകുന്ന സ്‍ത്രീകളുടെ ഇടയില്‍ നിന്നാണ് എനിക്ക് ഇങ്ങനെ ഒരു അംഗീകാരം ലഭിക്കുന്നത്. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിമിഷയ്‍ക്ക് കിട്ടാമായിരുന്നു, മഞ്ജു ചേച്ചിക്ക് കിട്ടാമായിരുന്നു, അങ്ങനെ കുറെ പേര്‍ക്ക്. ടേക്ക് ഓഫ് എന്ന സിനിമയ്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകരുടെ സ്വീകാര്യത ആയിരുന്നു. അതിനെക്കാള്‍ വലിയൊരു അംഗീകാരം നമ്മള്‍ ആഗ്രഹിക്കുന്നത് കുറച്ച് അഹങ്കാരവും സ്വാര്‍ഥതയുമായിരിക്കും. പക്ഷേ ഇങ്ങനെ നാമനിര്‍ദ്ദേശം ലഭിക്കുക, പരിഗണിക്കുക എന്നതുതന്നെ വലിയൊരു അംഗീകാരമാണ്.
ഡബ്യുസിസിക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞല്ലോ?
ഡബ്യുസിസി മാത്രമല്ല. പക്ഷേ കഴിഞ്ഞകൊല്ലം ഡബ്യുസിസി രൂപീകരണത്തിനു ശേഷം എനിക്ക് കിട്ടിയ ഒരു സുരക്ഷിതത്വം ഉണ്ട്. ആ സുരക്ഷിതത്വബോധം എല്ലാവര്‍ക്കും കിട്ടണം. ആണുങ്ങളായാലും പെണ്ണുങ്ങളായാലും ട്രാൻസ്ജെന്റേഴ്‍സ് ആയാലും. ആ ഒരു സന്തോഷം ഞാൻ അവരുമായി പങ്കുവയ്‍ക്കുകയാണ്. ടേക്ക് ഓഫിന്റെ നേട്ടം ഞാൻ അന്ന് കണ്ടുമുട്ടിയ നഴ്‌സുമാര്‍ക്കാണ്. ഇറാഖില്‍ പോയ ആ നഴ്‌സുമാര്‍ക്കാണ്. അവരുടെ ധൈര്യത്തിനുള്ള സമര്‍പ്പണമാണ് അത്. തീര്‍ച്ചയായും രാജേഷിനും എന്റെ ടീമിനും. പക്ഷേ വനിതാദിനം ആയതുകൊണ്ട് എനിക്ക് നേരത്തെ പറഞ്ഞതും മാറ്റിനിര്‍ത്താനാകില്ല. അത് സമത്വത്തിനു വേണ്ടിയുള്ള അംഗീകാരമാണ്, സമര്‍പ്പണമാണ്.
ഡബ്യുസിസിയുടെ പ്രവര്‍ത്തനം സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങുന്നുവെന്ന് ആക്ഷേപമുണ്ടല്ലോ?
തുടര്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞാൻ എപ്പോഴും പറയുന്ന കാര്യമുണ്ട്. നമ്മള്‍ കുറേക്കാലം ഇത് എന്താണ് എന്ന് മനസ്സിലാക്കാത്തതു കൊണ്ട് കുറെ ബഹളങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്തുകൊണ്ട് ഇങ്ങനെ, എന്താണ് ഇങ്ങനെ എന്നൊക്കെ. ഇരുന്ന് ചിന്തിച്ച് അതിലേക്ക് വരിക എന്നാണ് ഡബ്യുസിസിയുടെ രൂപീകരണത്തില്‍ ചെയ്‍തത്. അതുകൊണ്ട് നമ്മള്‍ ബഹളം വെച്ചും, അല്ലെങ്കില്‍ ചെയ്യുന്ന ഓരോ കാര്യത്തിന്റെയും വിശദവിവരങ്ങള്‍ പുറത്തുപറയുന്നില്ല. ഇത് ഒറ്റയ്‍ക്കുള്ള പ്രവര്‍ത്തനമല്ല. സിനിമയിലുള്ള എല്ലാ അംഗങ്ങളും നമുക്ക് പിന്തുണ നല്‍കുന്നുണ്ട്. എല്ലാവരും തമ്മില്‍ പ്രശ്‍നങ്ങളുണ്ട് എന്നതൊക്കെ മാധ്യമങ്ങള്‍ സൃഷ്‍ടിക്കുന്ന കാര്യമാണ്. അങ്ങനെ ഒന്നുമില്ല. വളരെ ആരോഗ്യകരമായ അവസ്ഥ ഇപ്പോള്‍ സിനിമയിലുണ്ട്. വാദങ്ങള്‍ അംഗീകരിക്കുന്ന ഒരവസ്ഥയുണ്ട്. കണ്ടാല്‍ മനസ്സിലാകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഡബ്യുസിസി നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ചുറ്റുവട്ടത്ത് ചിലകാര്യങ്ങള്‍ നടക്കുമ്പോള്‍ ഒരു സംഘടനയെന്ന നിലയില്‍ ഞങ്ങള്‍ പ്രതികരിക്കും. അങ്ങനെ പ്രതികരിക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന് അര്‍ഥമില്ല. ക്ഷമയോടെ കാത്തിരിക്കുക. തലമുറകളായി നമ്മള്‍ ചില അനീതികള്‍ സഹിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ ഉണ്ടാകാൻ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കുക.
ശക്തമായ നിലപാടുകള്‍ പറയുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണമുണ്ടായി. അതിനുള്ള മറുപടിയാണോ അവാര്‍ഡ്?
അങ്ങനെയൊന്നുമില്ല. പാര്‍വതിയെന്ന വ്യക്തിയോടുള്ള അമര്‍ഷമോ ദേഷ്യമോ കാണിക്കുന്നത്, ടേക്ക് ഓഫുമായോ സമീറയുമായോ ബന്ധമുണ്ടെന്ന് തോന്നുന്നില്ല. സിനിമയെ ബഹുമാനിക്കുന്ന പ്രേക്ഷകര്‍ തന്നെയാണ്, നമുക്കുള്ളത്. പാര്‍വതി പറഞ്ഞതില്‍ എന്തെങ്കിലും പ്രശ്‍നങ്ങളുണ്ടെങ്കില്‍ അത് അവര്‍ അറിയിച്ചിട്ടുണ്ട്, അത് അവരുടെ രീതിയില്‍. അത് ഒരു വശത്തുകൂടി പോകും. എനിക്ക് സിനിമയുമായി അത് കണക്റ്റ് ചെയ്യാൻ പറ്റുന്നില്ല. അത് ഞാൻ അഭിനയിച്ചാലും അല്ലെങ്കിലും വേറെ കുട്ടി അഭിനയിച്ചാലും കഥയുടെയും കഥാപാത്രത്തിന്റെയും കരുത്ത് അവിടെ നില്‍ക്കും.
നഴ്‍സുമാരുടെ പ്രശ്‍നങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തി. സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് എത്തിയില്ലെന്ന് തോന്നുന്നുണ്ടോ?
തോന്നുന്നില്ല. അതിലും ക്ഷമ വേണം. നഴ്‍സുമാരുടെ യൂണിയനില്‍ ഞാൻ ഇല്ലാത്തതുകൊണ്ട് എനിക്ക് അവരുടെ കൃത്യമായ പ്രശ്‍നങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റില്ലായിരിക്കും. അവര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്താണെന്ന് എനിക്ക് ശരിക്കും അറിയില്ല.