ആ ടേക്ക് ഓഫിനു പിന്നില്‍; പി വി ഷാജികുമാര്‍ പറയുന്നു

Interview with P V Shajikumar

മലയാള സിനിമാ പ്രേക്ഷകര്‍ 'ടേക്ക് ഓഫി'നായുള്ള കാത്തിരിപ്പിലാണ്. മാര്‍ച്ച് 24നാണ് ടേക്ക് ഓഫ് തീയേറ്ററിലെത്തുക. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ട്രെയിലര്‍ നല്‍കുന്ന പ്രതീക്ഷ ടേക്ക് ഓഫ് മികച്ച സിനിമാനുഭവമാകുമെന്നാണ്. എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ്, ആസിഫ് അലി തുടങ്ങി വന്‍ താരനിരയുമുണ്ട്. യുവകഥാകൃത്ത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് ടേക്ക് ഓഫിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ടേക്ക് ഓഫിന്റെ വിശേഷങ്ങള്‍ പി വി ഷാജികുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്‍ക്കുന്നു. ഹണി ആര്‍ കെ നടത്തിയ അഭിമുഖം.

Interview with P V Shajikumar
കന്യകാ ടാക്കീസിനു ശേഷം വീണ്ടും തിരക്കഥാകൃത്താകുന്നു? ഇത്തവണ ഒരു കൊമേഴ്സ്യല്‍ സിനിമയുടെ ഭാഗമാകുകയാണ്?


അങ്ങനെ കൊമേഴ്സ്യല്‍, സമാന്തരം തുടങ്ങിയ വേര്‍തിരിവുകള്‍ സിനിമയില്‍ ഞാന്‍ കാണാറില്ല. നമ്മള്‍ ഒരു ദൃശ്യഭാഷയുടെ ഭാഗമാകുന്നു, അതിന് അതിന്റേതായ ഒരു പ്രത്യേകതയുണ്ടാവണം എന്ന് ആഗ്രഹിച്ച് അതില്‍ ഇടപെടുന്നു. അത്ര തന്നെ.

കന്യകാ ടാക്കീസ് ഭ്രമാത്മകമായിട്ടുള്ള ഒരു തലത്തില്‍ പാപബോധത്തെയും ക്രിസ്ത്യാനിറ്റിയെയും നോക്കിക്കാണാന്‍ ശ്രമിച്ച സിനിമയാണ്. അത് ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ഓരോരുത്തര്‍ക്കും അവരവരുതായ സിനിമാസങ്കല്‍പ്പമാണല്ലോ..

ടേക്ക് ഓഫ് വലിയ കാന്‍വാസില്‍, വലിയ ബജറ്റില്‍ ചിത്രീകരിക്കപ്പെട്ട സിനിമയാണ്. സമകാലികമായ ഒരു സംഭവത്തെ കുടുംബപശ്ചാത്തലത്തില്‍ ആഖ്യാനിക്കുന്ന സിനിമ. രണ്ടു സിനിമകള്‍ക്കും മലയാള സിനിമയില്‍ അതിന്റേതായൊരിടം തീര്‍ച്ചയായും ഉണ്ടാവുമെന്ന ഞാന്‍ വിശ്വസിക്കുന്നു.

Interview with P V Shajikumar


യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമ എന്നാണ് ടേക്ക് ഓഫിന്റെ ടാഗ്‍ലൈന്‍. ഇറാഖില്‍ മലയാളി നഴ്സുമാര്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ തന്നെയാണോ സിനിമ പറയുന്നത്?


അങ്ങനെ പറയാന്‍ പറ്റില്ല. ലോകത്തെമ്പാടുമുള്ള നഴ്സുമാരുടെ അതിജീവനത്തിന്റെ കഥയായി ടേക്ക് ഓഫിനെ കാണാനാണ് എനിക്കിഷ്ടം. അവര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍, സംഘര്‍ഷങ്ങള്‍, ഒറ്റപ്പെടലുകളൊക്കെ ടേക്ക് ഓഫിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തീര്‍ച്ചയായും കഥയുടെ പരിസരം ഇറാഖാണ്. ഇറാഖില്‍ ബന്ദികളാക്കപ്പെടുന്ന നഴ്സുമാര്‍ ടേക്ക് ഓഫില്‍ മുഖ്യമായും വരുന്നുണ്ട്. അതുപക്ഷേ അതേപടി പകര്‍ത്തിവെയ്‍ക്കുകയല്ല സിനിമയില്‍. ടേക്ക് ഓഫില്‍ കുടുംബസംഘര്‍ഷമുണ്ട്. പ്രണയമുണ്ട്. പ്രതികാരമുണ്ട്. നഴ്സുമാരുടെ അതിജീവനത്തിലേക്കുള്ള ടേക്ക് ഓഫ് ആണ് സിനിമയന്ന് പറയാം.

ഒരിക്കലും ടേക്ക് ഓഫ് നഴ്സുമാരെ താഴ്ത്തിക്കെട്ടുന്ന ഒരു സിനിമയല്ലെന്ന് ഉറപ്പുനല്‍കുന്നു.

 

പാര്‍വതിയുടെ മികച്ച ഒരു വേഷമായിരിക്കും ടേക്ക് ഓഫിലേത് എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന?

എന്ന് നിന്റെ മൊയ്തീനും ചാര്‍ളിക്കും ശേഷം പാര്‍വ്വതിയുടെ അഭിനയപാടവം ഏറ്റവും ആഴത്തില്‍ ഉപയോഗപ്പെടുത്തിയ സിനിമയായിരിക്കും ടേക്ക് ഓഫ്. അസാമാന്യമായ കപ്പാസിറ്റിയുള്ള നടിയാണ് അവര്‍. അവരുടെ മുന്‍കാല സിനമകളില്‍ നിന്നത് വ്യക്തമാണല്ലോ. ടേക്ക് ഓഫും വ്യത്യസ്തമല്ല. ഞങ്ങളുടെ സിനിമയില്‍ സമീറയായി പാര്‍വ്വതി ജീവിക്കുകയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.

പാര്‍വ്വതി മാത്രമല്ല, ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ടേക്ക് ഓഫ്.


എന്താണ് ടേക്ക് ഓഫിന്റെ മറ്റ് ആകര്‍ഷണങ്ങള്‍?

ഇതൊരു പാന്‍ ഇന്ത്യന്‍ മൂവിയായിരിക്കും. അസാമാന്യമായ മേക്കിങും എഡിറ്റിങ്ങും ടേക്ക് ഓഫിന്റെ പ്രത്യേകതയാണ്. വിശ്വരൂപം, സഹീര്‍, കാര്‍ത്തിക് കോളിങ് കാര്‍ത്തിക് തുടങ്ങിയ വലിയ സിനിമകള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച സാനു വര്‍ഗ്ഗീസാണ് ടേക്ക് ഓഫ് പകര്‍ത്തിയിരിക്കുന്നത്. ട്രാഫിക്, മുംബൈ പൊലീസ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ഒരുപാട് നല്ല സിനിമകളുടെ എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ കന്നിസംവിധാനസംരഭമാണ്. അതിഗംഭീരമായാണ് മഹേഷേട്ടന്‍ ടേക്ക് ഓഫ് ഒരുക്കിയിരിക്കുന്നത്. അത് നിങ്ങള്‍ക്ക് സ്ക്രീനില്‍ കാണാം.

Interview with P V Shajikumar


ആദ്യമായിട്ടാണ് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ ഒരു സിനിമയുടെ പ്രമോഷനു വേണ്ടി ഒന്നിച്ചിറങ്ങുന്നത്?

അത് ഞങ്ങളുടെ സിനിമയ്‍ക്കു കിട്ടിയ വലിയ ഒരു ഭാഗ്യമായി ഞാന്‍‍ കരുതുന്നു. മരിച്ചുപോയ പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ ബാനറിലാണ് ടേക്ക് ഓഫ് ഒരുങ്ങിയിരിക്കുന്നത്. രാജേഷ് പിള്ളയോടുള്ള മലയാള സിനിമയുടെ സ്നേഹവും ടേക്ക് ഓഫിലൂടെ പറയാന്‍ ശ്രമിക്കുന്ന വിഷയത്തിന്റെ കരുത്തുമാകാം മലയാളത്തിന്റെ പ്രിയതാരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ടേക്ക് ഓഫിന്റെ പ്രചരണത്തിന് വേണ്ടി ഒന്നിച്ചിറങ്ങിയത് എന്ന് ഞാന്‍ കരുതുന്നു.

വായനയ്‍ക്കു പുറമേ കാഴ്ചയുടെ അനുഭവവും സമ്മാനിക്കുന്ന കഥകളാണ് പലതും. ഇവയില്‍ ഏതു കഥയാണ് സ്വന്തം തിരക്കഥയില്‍ ആദ്യം സിനിമയായി വരാന്‍ ആഗ്രഹിക്കുന്നത് (+18 കന്യകാ ടാക്കീസ് ആയി മാറിയത് മാറ്റിനിര്‍ത്തിയിട്ടാണ് ചോദ്യം)?

അങ്ങനെ കഥകളെല്ലാം സിനിമകളാവണമെന്ന ആഗ്രഹമില്ല. സിനിമയാകാന്‍ വേണ്ടിയൊരിക്കലും ഞാന്‍ കഥയെഴുതിയിട്ടുമില്ല. ദൃശ്യാനുഭവം കഥകളില്‍ കടന്നുവരുന്നതിന്റെ പ്രധാന കാരണം ദൃശ്യങ്ങളോടുള്ള അമിതമായ ഇഷ്ടം തന്നെ. അതുകൊണ്ടു തന്നെ ഒരു കഥയെഴുതുമ്പോള്‍ മനസ്സില്‍ പെട്ടെന്നു തന്നെ വിഷ്വല്‍ രൂപ്പപെടും. അതു വാക്കുകളിലേക്ക് പകര്‍ത്തിവെയ്ക്കുന്നു. ഒട്ടേറെ കഥകളില്‍ സിനിമയ്‍ക്കുള്ള സാധ്യതയുണ്ടെന്ന് വായിച്ചവരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള പല ചര്‍ച്ചകളും നടക്കുകയുണ്ടായിട്ടുണ്ട്. നടക്കുന്നുമുണ്ട്. മാറഡോണ, ഹൊപുന്‍, സമയം, ചൂട്ട് അങ്ങനെ പല കഥകള്‍..

ഇതിനോട് അനുബന്ധിച്ച് മറ്റൊരു ചോദ്യവുമുണ്ട്. സിനിമയില്‍ സജീവമാകുമ്പോള്‍ പി വി ഷാജികുമാര്‍ എന്ന കഥാകൃത്തിനെ വായനക്കാര്‍ക്ക് നഷ്ടമാകുമോ?

ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടേയില്ല.. കഥയെഴുത്തിനാണ് ഞാന്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. കഥയെഴുത്താണ് എന്റെ ജീവന്‍, എന്ത് നഷ്ടപ്പെട്ടാലും എഴുതാതെ ജീവിക്കാനാകരുത് എന്നയൊരൊറ്റ ആഗ്രഹമേയുള്ളൂ. എന്നെ ജീവിപ്പിക്കുന്നത് തന്നെ എഴുത്താണ്. കഥകള്‍ എഴുതുമ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്യവും ആനന്ദവും തിരക്കഥയെഴുത്ത് എനിക്ക് തന്നിട്ടില്ല. കഥയെഴുത്തില്‍ എഴുത്തുകാരന്‍ രാജാവാണ്, അവന്‍ തന്നെയാണ് മന്ത്രിയും പ്രജയും. അവന്‍ ഭരിക്കുന്നു. അവന്‍ ഭരിക്കപ്പെടുന്നു. കഥയാണ് രാജ്യം. പക്ഷേ, സിനിമയെഴുത്ത് അങ്ങനെയല്ലല്ലോ? അവനു മുന്നില്‍ ഒരു പ്രൊഡ്യൂസര്‍ ഉണ്ട്, കാണികളുണ്ട്. ടെക്നീഷ്യന്‍മാരുണ്ട്. അവരുടെ അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ മാനിക്കേണ്ടതായി വരും.

എഴുതാതിരിക്കുമ്പോഴും ഞാന്‍ എല്ലായ്പ്പോഴും ഉള്ളിന്റെയുള്ളില്‍ കഥകളെഴുതിക്കൊണ്ടേയിരിക്കുകയാണ്..

Interview with P V Shajikumar

പുത്തന്‍പണത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നല്ലോ? മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം?

പുത്തന്‍ പണത്തില്‍ കുമ്പളക്കാരനായ നിത്യാനന്ദ ഷേണായി ആയാണ് മമ്മൂക്ക അഭിനയിക്കുന്നത്. മമ്മൂക്കയും മമ്മൂക്കയുടെ കൂട്ടാളികളും കാസര്‍ഗോഡന്‍ സ്ലാങിലുള്ള മലയാളമാണ് സംസാരിക്കുന്നത്. കാസര്‍ഗോഡന്‍ ഡയലോഗുകള്‍ എഴുതാനും അത് കൃത്യമായി പറഞ്ഞുപഠിപ്പിക്കാനുമാണ് രഞ്ജിയേട്ടന്‍ (രഞ്ജിത്ത്) എന്നെ വിളിക്കുന്നത്.

രഞ്ജിയേട്ടന്റെ സെറ്റിലെത്തുന്നതിനു മുമ്പ് മമ്മൂക്കയുമായി ചെറിയൊരു പരിചയമുണ്ട്. നടനും എഴുത്തുകാരനുമായ ശ്രീരാമേട്ടന്‍ (വി കെ ശ്രീരാമന്‍) അഡ്മിന്‍ ആയിട്ടുള്ള ഞാറ്റുവേല എന്ന വാട്സ് ആപ് ഗ്രൂപ്പുണ്ട്. അതില്‍ മമ്മൂക്കയും അംഗമാണ്. ഒരു ദിവസം ഒട്ടോ റെനോ കാസ്റ്റിലെയുടെ 'അപ്പോളിക്കല്‍ ഇന്റലക്ച്വല്‍സ്' എന്ന കവിത കാസര്‍ഗോഡ് ശൈലിയില്‍ പരിഭാഷപ്പെടുത്തി ഞാറ്റുവേലയില്‍ ഞാന്‍ ഇടുകയുണ്ടായി. അത് വായിച്ച് ഞാനിതൊന്ന് പാടിനോക്കട്ടെ എന്നും പറഞ്ഞ് മമ്മൂക്ക അത് ഞാറ്റുവേലയുടെ ആദ്യ വാര്‍ഷിക സമ്മേളനത്തില്‍വെച്ച് പാടി. അതെന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകരാമായിരുന്നു. അതാണ് തുടക്കം.

മൂന്നു മാസമാണ് പുത്തന്‍ പണത്തില്‍ മമ്മൂക്കയുടെ കൂടെയുണ്ടായിരുന്നത്, ഷൂട്ടിങ് മുതല്‍ ഡബ്ബിങ് തീരുംവരെ. മമ്മൂക്കയെന്ന് മഹാനടന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന്റെ പരിഭ്രമവും ആശങ്കകളും വല്ലാതെയുണ്ടായിരുന്നു. നമുക്കങ്ങനെ പരിചയങ്ങളില്ലല്ലോ. അതിന്റെയൊരിത്. പക്ഷേ എല്ലായ്പ്പോഴും ഏറെ സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയത്.

പൊതുവെ ആളുകള്‍ കാസര്‍ഗോഡന്‍ ശൈലിയിലുള്ള മലയാളം കേള്‍ക്കുമ്പോള്‍ പരിഹസിക്കുക പതിവാണ്, ഇതെന്ത് ഭാഷയാണെന്നൊക്കെപ്പറഞ്ഞ്.. എനിക്ക് ഏറ്റവും വലിയ സന്തോഷം തോന്നിയത്, ഒരിക്കല്‍ പോലും മമ്മൂക്ക കാസര്‍ഗോഡന്‍ ശൈലിയെ പരിഹസിച്ച് സംസാരിച്ചിട്ടില്ല എന്നതാണ്. അത് ചെറിയൊരു കാര്യമല്ല. ഓരോ നാടിന്റെയും സംസ്കാരത്തിന്റെ ഭാഗമാണ് ഭാഷ. ഒരു ഭാഷയ്‍ക്കു തന്നെ നാടിനനുസരിച്ച് പല പല ശൈലികളുമുണ്ടാവാം, പുതിയ വാക്കുകളുണ്ടാവാം, പ്രയോഗങ്ങളുണ്ടാവാം. ഭാഷയെ ബഹുമാനിക്കുമ്പോള്‍ ആ സംസ്കാരത്തെയാണ് ബഹുമാനിക്കുന്നത്. ഞങ്ങള്‍ കാസര്‍ഗോട്ടുകാര്‍ ഉപയോഗിക്കുന്ന ഓരോ വാക്കുകളും പ്രയോഗങ്ങളും വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും അത് പറയാന്‍ വളറെ താല്‍പ്പര്യം കാണിക്കുകയും ചെയ്തു മമ്മൂക്ക. അഭിനയിക്കുന്ന വേഷയില്‍ കാസര്‍ഗോഡന്‍ ശൈലിയില്‍ മമ്മൂക്ക സംസാരിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടുകാരനായി മാറുകയാണല്ലോ മമ്മൂക്ക, എന്ന അഹങ്കാരത്തിന്റെ ആനന്ദം കൂടിയാണെന്ന് കൂട്ടിക്കോ. ഏത് നാടിനും അതിന്റേതായ ഭാഷാശീലങ്ങള്‍ ഉണ്ടെന്നും അത് പരിഹസിക്കപ്പെടേണ്ട ഒന്നല്ലെന്നും പറയാതെ പറഞ്ഞുതരുന്നു ആ വലിയ നടന്‍.

ഇത്രയും അനായസമായി മലയാളത്തില്‍ പല ദേശങ്ങളിലെ പലതരം ശൈലികള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന വേറൊരു നടന്‍ മലയാളത്തിലില്ല.

Interview with P V Shajikumar

എന്നാണ് പി വി ഷാജികുമാറില്‍ നിന്ന് ഒരു നോവല്‍ പ്രതീക്ഷിക്കാനാകുക?

എഴുത്തിലാണ്. ഈ വര്‍ഷം എന്തായാലും പൂര്‍ത്തിയാക്കണം എന്നാണ് ആഗ്രഹം.

സോഷ്യല്‍ മീഡിയയില്‍ വളരെ ഉറക്കെത്തന്നെ അഭിപ്രായം പറയാറുണ്ട്. ഇത് ചിലരുടെയെങ്കിലും ശത്രുതയ്‍ക്ക് കാരണമാകാറില്ലേ? അതില്‍ ആശങ്കയുണ്ടാകാറില്ലേ?

എനിക്കു പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍ പറയാന്‍ പറ്റിയൊരിടമായിട്ടാണ് ഞാന്‍ ഫേസ്ബുക്കിനെ കാണുന്നത്. ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ജീവിതത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്നാണര്‍ത്ഥം എന്നുപറഞ്ഞ വിജയന്‍ മാഷിന്റെ വാക്കുകളെ കൂടെ കൂട്ടാനാണ് എനിക്കിഷ്ടം.

തെരുവു കത്തിക്കൊണ്ടിരിക്കുമ്പോള്‍ മഴയില്‍ നനഞ്ഞ പകലുകളെക്കുറിച്ചല്ല, കത്തിക്കൊണ്ടിരിക്കുന്ന തെരുവിനെക്കുറിച്ച് തന്നെയാണ് എഴുത്തുകാരന്‍ എഴുതേണ്ടതും പറയേണ്ടതും എന്നാണ് എന്റെ വിശ്വാസം.

പണ്ട്  ചായക്കടകളും ബസ് സ്റ്റോപ്പുകളും കൊടിമരങ്ങളും  വൈകുന്നേരങ്ങളില്‍ രൂപപ്പെടുത്തിയിരുന്ന സംവാദങ്ങളുടെ വെര്‍ച്വല്‍‌ രൂപമായിട്ടാണ് ഞാന്‍ ഫേസ്ബുക്കിനെ കാണുന്നത്. നോക്കൂ, ഇപ്പോള്‍ ആളുകള്‍ക്ക് ഇരുന്ന് ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍ മിക്കവാറും ഇല്ലാതായ മട്ടാണ്. പുതുതായുണ്ടാക്കപ്പെടുന്ന ബസ് സ്റ്റോപ്പുകളില്‍ ഇരിപ്പിടങ്ങള്‍ ഇല്ലേയില്ല. അങ്ങനെയിപ്പോ ചര്‍ച്ച ചെയ്‍തും ഇടപ്പെട്ടും ഈ ലോകത്തെ ആരും നന്നാക്കാന്‍ നോക്കേണ്ട എന്ന് പുതിയ അധികാരം നമ്മോട് പറയുമ്പോള്‍ അതിനെ നിഷേധിക്കാനുള്ള അവസരമായി വിര്‍ച്വല്‍ ഇടങ്ങളെ ഞാന്‍ കാണുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios