ദേശവിരുദ്ധ സിനിമ എന്നൊന്നില്ല, ശബരിമലയില്‍ പ്രതിഷേധക്കാരും ഭരിക്കുന്നവരും ഒക്കെ കണക്കാണ്: മേജര്‍ രവി
ഗോവയില്‍ പുരോഗമിക്കുന്ന ഇന്ത്യയുടെ 49-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പനോരമ ഫീച്ചര്‍ വിഭാഗം ജൂറി അംഗമാണ് സംവിധായകന്‍ മേജര്‍ രവി. ജൂറിയുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും വിവാദത്തെക്കുറിച്ചും കേരളത്തിലെ സമകാലിക സാമൂഹികാവസ്ഥയെക്കുറിച്ചും മേജര്‍ രവി സംസാരിക്കുന്നു. നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.
ഗോവയില്‍ പുരോഗമിക്കുന്ന ഇന്ത്യയുടെ 49-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ പനോരമ ഫീച്ചര്‍ വിഭാഗം ജൂറി അംഗമാണ് സംവിധായകന്‍ മേജര്‍ രവി. ജൂറിയുടെ തെരഞ്ഞെടുപ്പുകളെക്കുറിച്ചും വിവാദത്തെക്കുറിച്ചും കേരളത്തിലെ സമകാലിക സാമൂഹികാവസ്ഥയെക്കുറിച്ചും മേജര്‍ രവി സംസാരിക്കുന്നു. നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.
49-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ജൂറി അംഗം ആവാനുള്ള അവസരം ലഭിച്ചു. എങ്ങനെ നോക്കിക്കാണുന്നു?
208 സിനിമകളില്‍ നിന്ന് പനോരമ ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 സിനിമകള്‍ തെരഞ്ഞെടുക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു. ഭാരിച്ച ജോലിയും. ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളില്‍ നിന്നുള്ള സിനിമകളുമുണ്ടല്ലോ അക്കൂട്ടത്തില്‍. അതെല്ലാമടക്കം ചില ദിവസങ്ങളിലൊക്കെ 4-5 സിനിമകള്‍ ഒക്കെ കാണേണ്ടിവന്നിട്ടുണ്ട്. അതില്‍ പലതും സബ്‌ടൈറ്റില്‍ വായിച്ച് മനസിലാക്കേണ്ട സിനിമകളുമായിരുന്നു. വലിയ അധ്വാനമുള്ള ജോലിയായിരിക്കുമ്പോള്‍ത്തന്നെ ഞങ്ങളെല്ലാം അത് സന്തോഷത്തോടെയാണ് ചെയ്‌തത്. കാരണം പനോരമ എന്ന് പറയുന്നത് ആ വര്‍ഷം രാജ്യത്തിറങ്ങിയതില്‍ ഏറ്റവും മികച്ച സിനിമകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കലാണ്.
പല ഭാഷകളിലെ ഇന്ത്യന്‍ സിനിമകളിലൂടെ കടന്നുപോയപ്പോള്‍ ഇപ്പോഴത്തെ മലയാള സിനിമയെക്കുറിച്ച് എന്തുതോന്നി?
മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള ജൂറി അംഗങ്ങള്‍ക്കിടയില്‍ ഒരു മലയാളി എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയ സമയമായിരുന്നു അത്. ഇപ്പോള്‍ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ. അത് കണ്ട മറുനാട്ടുകാരായ പലരും എന്നോട് കൗതുകത്തോടെ അന്വേഷിച്ചിരുന്നു, കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തെക്കുറിച്ചൊക്കെ. അത്തരമൊരു സിനിമയെ എങ്ങനെ ഒഴിവാക്കാനാവും. അതുപോലെയാണ് ഈ.മ.യൗ എന്ന സിനിമയുടെ കാര്യവും. ഈ സിനിമകളുടെയൊക്കെ പനോരമ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു ജൂറി അംഗത്തിന് പോലും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.
ഉജ്ജ്വല്‍ ചാറ്റര്‍ജി എന്ന ജൂറി അംഗത്തിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. 6-7 സിനിമകള്‍ 'ദേശവിരുദ്ധ സ്വഭാവം' ഉള്ളവയായതിനാല്‍ ഒഴിവാക്കിയെന്നാണ് ഉജ്ജ്വല്‍ പറഞ്ഞത്. വസ്‌തുതയാണോ?
ഈ കക്ഷിയെ എനിക്ക് 20 വര്‍ഷമായി അറിയാം. എസ്‌കേപ് ഫ്രം താലിബാന്‍ എന്ന സിനിമ ചെയ്‌ത ആളാണ്. ആ സിനിമയുടെ ചിത്രീകരണസമയത്ത് ഞാന്‍ സഹായിച്ചിരുന്നു. ആ പ്രസ്‌താവന വിവാദമായതിന് ശേഷം ഇക്കാര്യം ചോദിച്ചപ്പോള്‍ അയാള്‍ കൈ മലര്‍ത്തുകയാണ് ചെയ്‌തത്. ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ഇപ്പോള്‍ എല്ലാവരും എന്നെ തെറി വിളിക്കുകയാണ് എന്നുമൊക്കെ പറഞ്ഞു.
സിനിമയുടെ കാര്യത്തില്‍ നാഷണല്‍, ആന്റി നാഷണല്‍ തുടങ്ങിയ വേര്‍തിരിവ് കാണിക്കാന്‍ പറ്റുമോ? ഞങ്ങളുടെ ജൂറി അത്തരത്തിലൊരു ഇടപെടല്‍ നടത്തിയിട്ടില്ല.
ഈ ദിവസങ്ങളില്‍ കേരളത്തിലെ സാമൂഹികാന്തരീക്ഷം മറ്റൊന്നാണ്. പ്രളയത്തോടെ ഭിന്നതകളെല്ലാം മറന്ന് നമ്മള്‍ ഒരു സമൂഹമായി എന്നൊക്കെ അവകാശവാദങ്ങളും പ്രതീക്ഷകളുമൊക്കെ കേട്ടിരുന്നു. ഇപ്പോഴത്തെ കേരളത്തിലേക്ക് നോക്കുമ്പോള്‍ എന്ത് തോന്നുന്നു?
ഇത്തരം വിഷയങ്ങളിലൊക്കെ അഭിപ്രായം പറയുന്നത് ഞാന്‍ നിര്‍ത്തിയതാണ്. കാരണം പറയുന്നത് പല തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുക. മാധ്യമങ്ങളിലെ തലക്കെട്ടുകളിലൊക്കെ നമ്മള്‍ ഉദ്ദേശിക്കാത്തത് കടന്നുവരും. പറഞ്ഞത് ശരിയാണ്, പ്രളയത്തിന്റെ സമയത്ത് മറ്റെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായാണ് നമ്മള്‍ അതിനെ നേരിട്ടത്. മാസങ്ങള്‍ക്കുള്ളില്‍ ആ അവസ്ഥയൊക്കെ മാറി. ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഈ ചോദ്യം ചോദിക്കേണ്ട ഒരാളായിത്തന്നെയാണ് മേജര്‍ രവിയെ തോന്നുന്നത്. കാരണം പ്രളയസമയത്ത് കേരളം താല്‍പര്യത്തോടെ കേട്ട അനുഭവങ്ങളില്‍ ഒന്ന് താങ്കളുടേതായിരുന്നു. ഒരു പള്ളി കേന്ദ്രീകരിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനവും മറ്റും. ഇനി പഴയ ഭിന്നതകളിലേക്ക് തിരിച്ചുപോകരുതെന്ന ഒരു അഭ്യര്‍ഥന താങ്കള്‍ നടത്തിയിരുന്നു?
ശരിയാണ്. പ്രളയം പോലെ നമ്മള്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു ദുരന്തം ഒരുമിച്ച് നേരിട്ടതിന് ശേഷം ഇത്രയും വേഗത്തില്‍ കാര്യങ്ങള്‍ പഴയപടിയാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ജാതി, മത സംഗതികളെല്ലാം തെരുവിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മറ്റ് എന്തെല്ലാം നല്ല കാര്യങ്ങളുണ്ട് ലോകത്ത്. പക്ഷേ ഇത്തരം ചില കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കാനാണ് നമുക്ക് താല്‍പര്യം. പക്ഷേ ഇതൊന്നും ദീര്‍ഘകാലം തുടരുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരു അവശ്യഘട്ടത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ മടിയൊന്നുമില്ലാത്ത ആളുകളാണെന്ന് നമ്മള്‍ തെളിയിച്ചതാണല്ലോ. അതുകൊണ്ട് വലിയ ഭയമൊന്നും ഇല്ല.
ശബരിമല വിഷയത്തെ എങ്ങനെയാണ് കാണുന്നത്? വോട്ട്‌ബാങ്ക് ലക്ഷ്യമാക്കി സംഘപരിവാര്‍ സംഘടനകള്‍ വിശ്വാസികളെ ഇളക്കിവിടുകയാണോ, അതോ അങ്ങനെയല്ലെങ്കിലും വിശ്വാസികള്‍ പ്രതിഷേധവുമായി ഇറങ്ങുമായിരുന്നോ?
ശബരിമല വിഷയത്തില്‍ ഒരു രാഷ്‍ട്രീയ പാര്‍ട്ടിയും മോശമല്ലെന്നാണ് എന്റെ അഭിപ്രായം. പ്രതിഷേധം സംഘടിപ്പിക്കുന്നവരും ഭരിക്കുന്നവരും ഒക്കെ കണക്കാണ്. രാഷ്‍ട്രീയ മുതലെടുപ്പുണ്ട്. എന്നാല്‍ വിശ്വാസം സംബന്ധിച്ച ചില കാര്യങ്ങളുമുണ്ട്. ദീര്‍ഘകാലമായുള്ള വിശ്വാസങ്ങളെ ഒരു ദിവസം പെട്ടെന്ന് മാറ്റിമറിക്കാന്‍ പറ്റുമോ? കോടതികള്‍ പറഞ്ഞ എത്രയോ വിധികള്‍ ഇനിയും നടപ്പാക്കാതെയുണ്ട്. ഇപ്പോഴത്തെ സര്‍ക്കാര്‍ ധൃതി പിടിച്ച് ശബരിമലയിലെ യുവതീ പ്രവേശനത്തിനായി മുന്നിട്ടിറങ്ങേണ്ടതില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം.