പ്രണായാതുരമായ ദിനങ്ങളെ ഓര്‍ത്ത് അനിതാ സത്യന്‍
സി.വി.സിനിയ
കളിക്കളത്തിലിറങ്ങി ഇന്ത്യന്‍ ഫുട്‌ബോളിന് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത വലിയ താരമാണ് വി.പി സത്യന്‍. അദ്ദേഹം 'ക്യാപ്റ്റന്‍' എന്ന സിനിമയിലൂടെ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് മുന്നില്‍ എത്തുകയാണ്. ആവേജ്ജ്വലമായ ജീവിതത്തില്‍ ഫുട്‌ബോളിനെ മാത്രമല്ല ഭാര്യ അനിതയേയും അത്രമേല്‍ അദ്ദേഹം പ്രണയിച്ചിരുന്നു. പ്രണായതുരമായ ദിനവും വിരഹവുമെല്ലാം ചിത്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ വെള്ളിത്തിരയ്ക്ക് പുറത്ത് നിന്ന് കൊണ്ട് അനിത ഓര്‍ക്കുന്നു.
സിനിമ കണ്ടിരുന്നോ?
സിനിമ ഇതുവരെ കണ്ടിട്ടില്ല, കാണണം. ഇന്ന് കോഴിക്കോട് രാധാ തിയേറ്റലായിരിക്കും സിനിമ കാണുന്നത്. സയമം തീരുമാനിച്ചിട്ടില്ല. രാജ്യാന്തര ഫുട്ബോളറും ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്നു വി. പി സത്യന്‍ എന്ന എന്‍റെ സത്യേട്ടനെ കുറിച്ച് സിനിമ വന്നപ്പോള്‍ സന്തോഷം തോന്നുന്നു. അതിലുപരി ഇങ്ങനെ ഒരു ചിത്രം വരണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്റെ റോളും ഇതില്‍ ഉണ്ടല്ലോ. അതുകൊണ്ട് തന്നെ ഒരാകാംക്ഷയും ചെറിയ ടെന്‍ഷനുമുണ്ട്. പത്താം ക്ലാസിലെ പരീക്ഷ എഴുതാന്‍ പോകുന്നത് പോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്.
സിനിമയെ കുറിച്ച് ചര്‍ച്ച നടക്കുന്നത്?
ഞാന്‍ കോഴിക്കോട് എത്തിയിട്ട് 10 വര്‍ഷം കഴിഞ്ഞു. 2007 മാര്‍ച്ചിലാണ് ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രജേഷ് സെന്‍ എന്നെ കാണാന്‍ വരുന്നത്. ഒരു പ്രമുഖ പത്രത്തിന് വേണ്ടി ലേഖനം തയാറാക്കാനായിരുന്നു അത്. പിന്നീട് അദ്ദേഹത്തിന് സത്യേട്ടന്റെ ജീവിതം ഒരു പുസ്തകമാക്കണമെന്ന് തോന്നി. അതിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. പിന്നീടാണ് സിനിമയിലേക്ക് വഴിമാറിയത്. പക്ഷേ അന്നും പുസ്തകത്തെ കുറിച്ച് പറഞ്ഞിരുന്നു.
സിനിമ ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍?
സിനിമ ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍ എവിടെയോ പ്രതീക്ഷയുള്ളത് പോലെ തോന്നി. ആദ്യമൊന്നും സിനിമ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് സിനിമ നടക്കുമെന്ന് ഉറപ്പ് തന്നു. അദ്ദേഹത്തിന് തന്നെ സ്വന്തമായി ചെയ്യാമെന്ന ആത്മവിശ്വാസം വന്നപ്പോഴാണ് എന്നെ വിളിച്ച് ആ സന്തോഷ വാര്‍ത്ത അറിയിച്ചതെന്ന് തോന്നുന്നു. ഫുക്രിയുടെ സെറ്റില്‍ വച്ചാണ് ഇതിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നത്.
ബന്ധുക്കള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നോ?
സത്യേട്ടനെ കുറിച്ച് സിനിമ വരുന്നുവെന്ന് കേട്ടപ്പോള്‍ ബന്ധുക്കള്‍ക്കൊക്കെ സന്തോഷമായിരുന്നു. കാരണം അദ്ദേഹത്തിന്റെ പേരും ഓര്‍മകളും എന്നും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവരൊക്കെ. എന്നും ഓര്‍മിക്കപ്പെടണമെന്ന് മാത്രമേ എല്ലാവരും ആഗ്രഹിച്ചിട്ടുള്ളു. എനിക്ക് ഒരു മോളുണ്ട് അവള്‍ക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണം. ഇപ്പോള്‍ അവളും ത്രില്ലിലാണ്.
ഷൂട്ടിംഗിനിടെ മറക്കാന്‍ പറ്റാത്ത അനുഭവം?
ഷൂട്ടിംഗ് കാണാന്‍ കോഴിക്കോട് പോയിരുന്നു. ഒരു ദിവസം ഞാന്‍ വരുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക് വേണ്ടി അവര്‍ കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഞാന്‍ അന്ന് അവിടെ വരുന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാവര്‍ക്കും അറിയില്ലായിരുന്നു. അവിടെ കല്‍ക്കട്ടയില്‍ സത്യേട്ടന്റെ അടുത്തേക്ക് അനിത ഡോര്‍ തുറന്ന് വരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. അതിനായി അവര്‍ റെഡിയായി നില്‍ക്കുന്ന സമയത്താണ് ഞാന്‍ തന്നെ ഡോര്‍ തുറന്ന് അകത്തേക്ക് കടക്കുന്നത്. അവിടെയുള്ള എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. ആ ഷോട്ടില്‍ യഥാര്‍ത്ഥ അനിത തന്നെ കയറിവരികയായിരുന്നു.
ജയസൂര്യയും അനു സിത്താരയും അഭിനയിച്ചപ്പോള്‍?
ജയസൂര്യ അഭിനയിക്കുമ്പോള്‍ ഞാന്‍ നല്ല ത്രില്ലിലായിരുന്നു. ജയസൂര്യയയിലൂടെ സത്യേട്ടന്റെ മറ്റൊരു രൂപം കാണുന്നത് പോലെ തോന്നി. ആ സമയത്ത് എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമായിരുന്നു. ആ രണ്ടു മാസം എനിക്ക് ആരെക്കെയോ ഉള്ളത് പോലെ തോന്നി. സന്തോഷത്തോടെ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാന്‍ കഴിയുന്ന ലൊക്കേഷനായിരുന്നു അത്. അനുസിത്താര വളരെ രസകരമായിട്ടാണ് അഭിനയിച്ചത്. ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ചെയ്യുന്നത് പോലെ തോന്നി. അനു ശരിയായില്ല എന്ന് പറയുന്നത് കേട്ടിട്ടില്ല. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോഴായിരുന്നു ആകെ വിഷമം.
പ്രജേഷിന് ഈ സിനിമ ചെയ്യാന്‍ എത്രത്തോളം കഴിഞ്ഞു?
പ്രജേഷ് ഞങ്ങളുടെ ജീവിതം ആഴങ്ങളോളം പഠിച്ച വ്യക്തിയാണ്. ഇത് ഭാവനയില്‍ നിന്നോ പെട്ടെന്ന് ഉണ്ടായ കഥയോ അല്ല. പ്രജേഷ് അത്രയും പഠിച്ച് സമയമെടുത്ത് ചെയ്ത സിനിമയാണ്. ഓരോ പോയന്റിലും അദ്ദേഹത്തിന് അത്രയും വ്യക്തത ഉണ്ടായിരുന്നു. തിരക്കഥ എഴുതുന്ന സമയത്തും ചിത്രീകരണത്തിലും അദ്ദേഹത്തിന് ഒരു സംശയവും ഇല്ലാതെയാണ് ചെയ്തത്. ഇനി സ്‌ക്രീനില്‍ വരുമ്പോള്‍ കാണാമല്ലോ.
സിനിമ വരണമെന്ന് ആഗ്രഹിച്ചിരുന്നോ?
സിനിമ വരുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷമായിരുന്നു. അതിനപ്പുറത്തേക്ക് ഒരു വിങ്ങലും. സത്യേട്ടന്‍ അറിയപ്പെടുന്ന വ്യക്തിയാണെങ്കിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലല്ലോ എന്ന വിഷമം മനസ്സിലുണ്ടായിരുന്നു. ആ സമയത്താണ് സിനിമ വരുന്നുവെന്ന കാര്യം അറിയുന്നത്. സത്യേട്ടന് ലഭിച്ച വലിയ ഭാഗ്യമാണിത്. സിനിമ വരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുന്നത്. അന്നത്തെ സാഹചര്യത്തില്‍ അതിമോഹം എന്നൊക്കെ പറയാം. സിനിമ വരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.
ഓര്‍മകള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നോ?
സത്യേട്ടന്റെ കാല്‍പ്പാദം പതിഞ്ഞ മണ്ണിലാണ് ഇവര്‍ ഫുട്‌ബോള്‍ മത്സരങ്ങളൊക്കെ ചിത്രീകരിച്ചത്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒട്ടുമിക്ക ഗ്രൗണ്ടുകളിലും സത്യേട്ടന്‍ കളിച്ചിരുന്നു. അവിടെയൊക്കെ ഷൂട്ടിംഗും ഉണ്ടായിരുന്നു.
ആ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ഫോട്ടോയിലേക്ക് അനിത ഒന്നുകൂടി നോക്കി തലോടികൊണ്ട് ഒരു നെടുവീര്‍പ്പിട്ടു. ആ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ മണിക്കൂറുകളെ ഓര്‍ത്ത് ഒന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ഇത് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒന്നാണ്.