ആസിഫ് അലിയുടെ സാഹസികതകള്‍; രോഹിത്തിന്റേയും!
പട്ടാമ്പിക്കാരനായ രോഹിത് കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റി യിൽ ബയോ ഇൻഫോമാറ്റിക്സിൽ ബി ടെക് കഴിഞ്ഞു ഒരു വർഷം ഹൈദരാബാദിലും പിന്നീട് ആറു മാസം കൊച്ചിയിലും ജോലി ചെയ്തു. ഇരുപത്തിമൂന്നാം വയസിൽ ആസിഫ് അലിയുടെ ഡേറ്റ് കിട്ടി, ഇരുപത്തിനാലാം വയസിൽ സംവിധാന രംഗത്തേക്ക് വന്നെങ്കിലും രോഹിതിന്റെ ചിത്രം സിനിമയുടെ പേര് പോലെ തന്നെ ഒരു യാത്ര ആയിരുന്നു.
ആസിഫ് അലി - ഭാവന ടീമിന്റെ 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ രോഹിത് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ആദ്യ സിനിമ, ആദ്യമായി സിനിമയിൽ..
പഠനം കഴിഞ്ഞു ഒന്നര വർഷം ജോലിയും ചെയ്തു സിനിമയോടുള്ള പാഷനുമായി വന്നതാണ്. ഇതിനു മുന്നേ ഒരു സിനിമയിലും വർക്ക് ചെയ്തിട്ടില്ല. ജീവിതത്തിലെപ്പോഴും സിനിമ ഒരു ഭാഗമായത് കൊണ്ടാകും കഥ മെല്ലെ മനസ്സിൽ വന്നു. സുഹൃത്തായ സമീറും ഞാനും കൂടെ ആണ് തിരക്കഥ തയ്യാറാക്കിയത്. അങ്ങനെ എഴുത്തു ഒരു ലെവലിൽ എത്തിയപ്പോൾ അത് ബെസ്റ്റ് ആണെന്ന് തോന്നി. അതേസമയം സിനിമയിലെ അനുഭവസമ്പത്ത് ഒരു പ്രശ്നം ആയത് കൊണ്ട് തന്നെ കുറച്ചൊക്കെ അലയേണ്ടി വന്നു. ആ സമയത്തു എന്റെ ഒരു സുഹൃത്ത്, സൈജു കുറുപ്പ്, അവനോടു ഞാൻ ഈ കഥ പറഞ്ഞിരുന്നു. അവനൊരിക്കൽ ആസിഫിനോട് കഥ പറയുകയും അദ്ദേഹത്തിന് ഇഷ്‍ടപ്പെടുകയും നമ്മൾ ഉടനെ കാണുകയും ചെയ്തു. കഥ പറഞ്ഞ ഉടനെ ആസിഫ് കൈ തന്നു. അങ്ങനെയാണ് ഓമനക്കുട്ടൻ തുടങ്ങുന്നത്.
പ്രതിസന്ധികൾക്കിടയിലും സിനിമ മുന്നോട്ട്..
2015ൽ തുടങ്ങിയതാണ് സിനിമ. മുന്നോട്ടു പോയപ്പോൾ ഒരിടയ്ക്കു വച്ച് നിന്നു. പിന്നീട് അതൊക്കെ പരിഹരിച്ചു മുന്നോട്ടു തന്നെ പോയി. പ്രധാന പ്രശ്നം പ്രൊഡക്ഷനിൽ തന്നെ ആയിരുന്നു. എങ്കിലും ഏകദേശം മൂന്നു വർഷം എടുത്തു നമ്മൾ സിനിമ പൂർത്തിയാക്കി. മൊത്തം ഏഴ് ഷെഡ്യൂൾ ആയാണ് സിനിമ പൂർത്തിയായത്. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു മുന്നോട്ടു പോയതാണ്. അപ്പോഴും എടുത്തു പറയേണ്ടത് അഭിനേതാക്കളുടെ സഹകരണം ആണ്. ഇത്രയേറെ കാലയളവുണ്ടായിട്ടും അവരെല്ലാം അവരുടെ ഏറ്റവും മികച്ച രീതിയിൽ സഹകരിച്ചു എന്നത് തന്നെയാണ് ഓമനക്കുട്ടനെപ്പറ്റി പറയുമ്പോൾ ഏറ്റവും സന്തോഷം ഉള്ള കാര്യം. അവർക്കു ഈ സ്കിപ്റ്റിലും അവതരണത്തിലും ഉള്ള വിശ്വാസം കൊണ്ട് തന്നെ ആയിരിക്കാം ഇതെന്ന് കരുതുന്നു.
ഈ കാലയളവ് സിനിമയെ ബാധിക്കുമോ?
സിനിമ പറയുന്ന കഥയ്ക്ക് ശരിക്കും സിനിമ ആരംഭിച്ച കാലത്തെ അതേ ഫ്രഷ്‌നസ്സ് ഇപ്പോഴും ഉണ്ട് എന്നുള്ളതാണ് സത്യം.
തമിഴിലൊക്കെ കാണുന്ന രീതിയിലുള്ള ഒരു എക്സ്പിരിമെന്റൽ പാറ്റേണിലാണ് ഈ കഥയും പോകുന്നത്.
പരീക്ഷണ സിനിമയാണോ?
സിനിമ ഷൂട്ട് തുടങ്ങിയ കാലത്തു നല്ല പേടി ഉണ്ടായിരുന്നു. ഒരു സാധാരണ കഥയുമായി വന്നിട്ട് ഇവിടെ പിടിച്ചു നിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ഒരു തുടക്കക്കാരൻ ആണെങ്കിൽ മുന്നോട്ടു പോകാനും ബുദ്ധിമുട്ടാണ്. അതെ സമയം ഒരു പരീക്ഷണ രീതിയിൽ ഉള്ള സിനിമ ആയതു കൊണ്ടാണ് സിനിമ അപ്പോൾ തന്നെ ആരംഭിക്കാൻ പറ്റിയത്. സിനിമ പുറത്തിറങ്ങുന്ന സാഹചര്യം നോക്കുകയാണെങ്കിൽ അന്നത്തേതിനേക്കാൾ നല്ലൊരു അവസ്ഥയാണ് ഇന്ന്. മലയാള സിനിമയിൽ തന്നെ പരീക്ഷണ സിനിമകൾക്ക് നല്ലൊരു സ്‌പേസ് പ്രേക്ഷകർ നൽകുന്ന സമയമാണ് ഇപ്പോൾ അത് കൊണ്ട് തന്നെ കൃത്യ സമയത്തു തന്നെ ആണ് സിനിമ പ്രേക്ഷകരിലെത്തുന്നത് എന്ന് തോന്നുന്നു. കൊമേർഷ്യൽ കോമിക് എക്സ്പിരിമെന്റൽ ആണ് ശരിക്കും 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ'. തമിഴ് പ്രേക്ഷകർപോലും മലയാള സിനിമയെ വലിയ പ്രതീക്ഷയോടെ കാത്തു നിൽക്കുന്ന സാഹചര്യം ചെന്നൈയിൽ ഒക്കെ കാണാൻ സാധിക്കുന്നുണ്ട്. അവർ പരീക്ഷണ സിനിമകൾ എന്ന രീതിയിൽ കാണുന്നത് നമ്മുടെ സിനിമകൾ ആണ്.
ആസിഫ് അലിയുടെ ഓമനക്കുട്ടൻ..
ഈ സിനിമയുടെ സീൻ അഞ്ച് മുതൽ 75 വരെ ഓമനക്കുട്ടൻ തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്. ഓമനക്കുട്ടന്റെ ജീവിതം, യാത്രകൾ അതിലൂടെ ഒക്കെ ആണ് സിനിമ മുന്നോട്ടു പോകുന്നത്. നായിക അടക്കം മറ്റു കഥാപാത്രങ്ങൾ എല്ലാം തന്നെ ഓമനക്കുട്ടന്റെ ജീവിതത്തിലേക്ക് വരുന്നതാണ്. ഭാവനയാണ് നായിക. കുറച്ചധികം സർപ്രൈസുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സിനിമ ആണ്. തമാശയും സെന്റിമെൻറ്സും സർക്കാസവും ഒക്കെ ആയി തന്നെ കഥ പറയുകയാണ് ഇവിടെ.
കഥ എന്നതിനേക്കാൾ ഉപരി ഒരു ട്രീറ്റ്മെന്റ് ഒറിയന്റഡ് സിനിമ എന്നതാണ് സിനിമയെ ഒറ്റ വാക്കിൽ വിവരിക്കാൻ പറ്റുന്നത്.
നവാഗതൻ ഞാൻ മാത്രമല്ല
നേരത്തെ പറഞ്ഞ പോലെ യാതൊരു പരിചയവും ഇല്ലാതെ ആണ് ഞാൻ സിനിമയിലേക്ക് വന്നത്. അതുപോലെ തന്നെ ആണ് ഇതിന്റെ ക്യാമറ ചെയ്തത്, സൗണ്ട് ഡിസൈൻ ചെയ്തത്, എഡിറ്റർ, സംഗീത സംവിധാനം, സ്ക്രിപ്റ്റ് എഴുതിയത്, അങ്ങനെ ഏറെ പേരും പുതുമുഖങ്ങൾ ആണ്. ഇവരാരും തന്നെ വേറെ സിനിമയിൽ വർക്ക് ചെയ്തിട്ടില്ല. ഇവരെല്ലാം എന്റെ സുഹൃത്തുക്കൾ ആണ്, നമ്മൾ എല്ലാവരും ചേർന്ന് ഉണ്ടാക്കിയ സിനിമ തന്നെ ആണ് ഇത്. ഈ കാരണം കൊണ്ട് തന്നെ കൺവെൻഷണൽ രീതിയിൽ നിന്നും മാറിയുള്ള ഒരു അവതരണം സിനിമയ്ക്ക് സാധ്യമായതും. മൊത്തത്തിൽ ഒരു ഫ്രഷ് സിനിമ ആയിരിക്കും എന്ന ഉറപ്പു നൽകാൻ പറ്റുന്നതും അതുകൊണ്ടാണ്. പാട്ടുകൾ എല്ലാം തന്നെ കഥകൾ പറഞ്ഞു പോകുന്നതാണ്. തീർച്ചയായും എന്റർടൈനർ ആയിരിക്കും എന്ന് ഉറപ്പു നൽകുന്നു.
ആൾക്കാർ വളരെ അധികം തിയേറ്റർ അനുഭവം തന്നെ സിനിമ കാണാൻ സാധ്യമാക്കുന്നു എന്നത് സിനിമയ്ക്ക് നല്ല മൈലേജ് നൽകുന്നുണ്ട്. എന്തായാലും പ്രേക്ഷകർ സിനിമയെ സ്വീകരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
"ഓരോ സിനിമയുടെ വരവിലും ചിലപ്പോൾ സിനിമയേക്കാൾ വലിയ കഥകൾ ഉണ്ടാകും. കൂടെ പഠിച്ചവർ യാതൊരു പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് ഒരുമിച്ചു വന്നു. വർഷങ്ങൾ നീണ്ട പ്രയത്നവും കഴിഞ്ഞു മെയ് 19 നു ചിത്രം പ്രേക്ഷകരിലേക്കെത്തുമ്പോൾ നവാഗതരുടെ വിജയം കൂടെ ആവട്ടെ സിനിമ."