ലോറി ഡ്രൈവറായി മോഹന്‍ലാല്‍ വീണ്ടും

interview with director bhadran

സി.വി.സിനിയ

മലയാളികള്‍ക്ക് എന്നും ഹരമായിരുന്നു ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പിറന്ന ചിത്രങ്ങളോട്. സ്ഫടികം, അങ്കിള്‍ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍, അങ്ങനെ നീളുന്നു ആ പട്ടിക. ഭൂരിഭാഗവും സൂപ്പര്‍ഹിറ്റുകള്‍. ഇപ്പോഴിതാ വീണ്ടും മലയാളികളെ കോരിത്തരിപ്പിക്കാന്‍ ആ കൂട്ടുക്കെട്ട് വരുന്നു. ഇത്തവണ ഇവരുടെ വരവ് ഒരു റോഡ് മൂവിയുമായിട്ടാണ്. പുതിയ ചിത്രത്തെ കുറിച്ചും മലയാള സിനിമയിലെ മാറ്റങ്ങളെ കുറിച്ചും ഭദ്രന്‍ സംസാരിക്കുന്നു. 

interview with director bhadran

ഉശിരുള്ള ലോറി ഡ്രൈവറായി മോഹന്‍ലാല്‍

 ലോറി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഇതൊരു റോഡ് മൂവിയായാണ് ഒരുക്കുന്നത്. കേരളത്തിന് പുറത്താണ് ഈ കഥ നടക്കുന്നത്.  ഉത്തരേന്ത്യയിലാണ് കഥ നടക്കുന്നത്. മോഹന്‍ലാല്‍ പല ഭാഷകളില്‍ പ്രാവീണ്യമുള്ള ആളാണ്. ഒരുപാട് യാത്ര ചെയ്യുന്ന വ്യക്തി. ശക്തമായ വേഷമാണ്. നല്ല മനസ്സും ഉരുക്കുപോലെ ഉറച്ച ശരീരവുമള്ള കഥാപാത്രമാണ്.  പക്ഷേ മലയാളിയും ആകാം ഈ കഥാപാത്രം. ചെറുപ്പത്തില്‍ വിശക്കുന്നുവെന്ന് അമ്മയോട് പറഞ്ഞ ഒരു ഓര്‍മ മാത്രമുണ്ട്. അമ്മയും അച്ഛനും ഒന്നുമില്ലാത്ത  ഒരു കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

 ശരത് കുമാറും രമ്യാ കൃഷ്ണനും

 മോഹന്‍ലാലിനെ കൂടാതെ തമിഴ് താരം ശരത് കുമാറും രമ്യാ കൃഷ്ണനും കഥാപാത്രങ്ങളാകുന്നുണ്ട്. കഥയും തിരക്കഥയും സംവിധാനവും ഞാന്‍ തന്നെയാണ് ഒരുക്കുന്നത്. ജൂണ്‍, ജൂലൈയ്ക്ക് ശേഷമാണ് ചിത്രീകരണം ആരംഭിക്കുക. മോഹന്‍ലാലിന്റെ ഇപ്പോഴത്തെ തിരക്കുകൂടി പരിഗണിച്ചാണ് ഇത്. മാത്രമല്ല ഒരു പരുക്കനായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. ഫെബ്രുവരിയിലാണ് ഈ ചിത്രം ചെയ്യാനിരുന്നത്. പക്ഷേ  മോഹന്‍ലാല്‍ ഒടിയന് വേണ്ടി ശരീര ഭാരം കുറച്ചിരിക്കുകയാണ്. അതിനാല്‍ തന്നെയാണ് ജൂണ്‍, ജൂലൈ കഴിഞ്ഞ് മതിയെന്ന തീരുമാനത്തില്‍ എത്തിയത്. ലൊക്കേഷന്റെ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. ഒത്തിരി പ്ലാനിംഗ് ആവശ്യമുള്ള സിനിമയാണിത്.

 വ്യത്യസ്തമായ കഥ

 എന്‍റെ സിനിമ വൈകാനുള്ള കാരണം എനിക്ക് വ്യത്യസ്തമായ കഥയുണ്ടാകണം എന്ന് നിര്‍ബന്ധമുണ്ട്. ഞാന്‍ 16 സിനിമകളോളം ചെയ്തിട്ടുണ്ട്. അതെല്ലാം വ്യത്യസ്ത കഥകളാണ്. നല്ല കഥകള്‍ ഉണ്ടാകാന്‍ സമയമെടുക്കും. സിനിമ എന്ന് പറയുമ്പോള്‍ എപ്പോഴും ഒരു കുഞ്ഞ് ഉണ്ടാകുന്നത് പോലെയാണ്. വളരെ ശ്രദ്ധയോടെയും സൂക്ഷമതയോടെയും സംഭവിക്കുന്നതാണ്. ഏതോ അദൃശ്യ ശക്തികള്‍ നമ്മള്‍ അറിയാതെ നമ്മളെ കൊണ്ടുനടക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനായിട്ടില്ല.

 മലയാള സിനിമയിലെ മാറ്റം

യാതൊരു പരിചയ സമ്പത്തും ഇല്ലാത്ത പുതിയ തലമുറയാണ്  മലയാള സിനിമ  ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ വര്‍ഷം എടുത്താല്‍ അറിയാം പുതിയ സംവിധായകരും പുതിയ സിനിമകളും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തെ പ്രൊഫൈല്‍ എടുത്താല്‍ ദിലീഷ് പോത്തനെ മാത്രമേ നമ്മള്‍ അറിയുന്നുള്ളു. ബാക്കി ആരെയും നമ്മള്‍ അറിയുന്നില്ല, ഓര്‍ക്കുന്നില്ല. അത് സിനിമയെ ഗൗരവമായി കാണാത്തത് കൊണ്ടായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. അല്ലെങ്കില്‍ സിനിമയെ ആര്‍ക്കും കൈകാര്യം ചെയ്യാം എന്നുള്ളതുകൊണ്ടാണ്. പക്ഷേ സിനിമ പഠിക്കണം, ജീവിതാനുഭവങ്ങള്‍ ഉണ്ടാകണം. പുതിയ വൈകാരിക തലങ്ങള്‍ കണ്ടെത്തണം. പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. അപൂര്‍വ സിനിമകള്‍ മാത്രമാണ് മികച്ചതായി നില്‍ക്കുന്നത്.

പുതു തലമുറയുടെ അഭിനയം

നല്ല കഥകള്‍, നല്ല ഇതിവൃത്തം, നല്ല മുഹൂര്‍ത്തം ഇതൊന്നും സിനിമയ്ക്ക് ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ പുതിയ തലമുറ എന്തൊക്കെയോ കാണിച്ചുവയ്ക്കുന്നു. ചിലപ്പോള്‍ നമുക്ക് തന്നെ തോന്നാറില്ലേ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഇത് എന്ത് സിനിമയാണ്. ഇദ്ദേഹത്തിന് വേറെ പണിയില്ലേ എന്നൊക്കെ. അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന് ശക്തിയില്ലാത്തതിനാലാണ് അങ്ങനെ സംഭവിക്കുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് മിടുക്കന്മാരുണ്ട്.  മുന്‍പത്തെ കാലത്തെ അപേക്ഷിച്ച് ഇപ്പോഴുള്ളവര്‍ക്ക് കഴിവ് കൂടുതലാണ്. അന്ന് ഇത്രയും കഴിവ് നാം കാണുന്നില്ല. പക്ഷേ അവരുടെ കഴിവിനെ നമ്മള്‍ വേണ്ട രീതിയില്‍ ഉപോഗിക്കുന്നുണ്ടോയെന്ന് സംശയമാണ്. അതുകൊണ്ട് തന്നെ ഒരു വ്യത്യാസം നമ്മള്‍ കാണുന്നില്ല. അതില്‍ ചിലര്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.

കാമ്പുള്ള സിനിമകള്‍ ഉണ്ടാകാത്തതിനെ കുറിച്ച് അദ്ദേഹം വാചാലനായി... ഒപ്പം കഴിവുള്ള ഇപ്പോഴത്തെ തലമുറയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തതിനെ  കുറിച്ചും... ഇപ്പോള്‍ എങ്ങനെയെങ്കിലും ഒരു സിനിമ ഉണ്ടാകണം അത്രയേ ഉള്ളു... ജീവിതാനുഭവങ്ങളുണ്ടെങ്കിലേ നല്ല സിനിമകള്‍ ജനിക്കുകയുള്ളവെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി പറഞ്ഞു നിര്‍ത്തി..


 

Latest Videos
Follow Us:
Download App:
  • android
  • ios