ബോളിവുഡിലെ ഗുസ്‍തിയല്ല എന്റെ ഗോദയില്‍: ബേസില്‍ ജോസഫ്

Interview with Basil Joseph

2015 ഓണക്കാലത്തു വലിയൊരു താര നിരയുമായി ഒരു ചെറുപ്പക്കാരൻ തന്റെ ആദ്യ സിനിമയുമായി വന്നു. കുഞ്ഞിരാമനും കുട്ടേട്ടനും വെൽഡൺ വാസുവും സൽസയും ഒക്കെ കഥ പറഞ്ഞ സിനിമ ലോജിക്കിനെ ആശ്രയിക്കാതെ പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ചപ്പോൾ ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി "കുഞ്ഞിരാമായണം". അവിടെയാണ് ബേസിൽ ജോസഫ് എന്ന സംവിധായകൻ തന്റെ യാത്ര തുടങ്ങിയത്. ആ വർഷം തന്നെ തന്റെ അടുത്ത സിനിമയിലേക്ക് പ്രവേശിച്ചെങ്കിലും പ്രതീക്ഷിക്കാതെ വന്ന പ്രതിസന്ധികൾ. എല്ലാം പരിഹരിച്ചു തന്റെ രണ്ടാമത്തെ സിനിമയായ "ഗോദ" മെയ് 19 നു തിയേറ്ററിൽ എത്തുമ്പോൾ വിശേഷങ്ങളുമായി ബേസിൽ ജോസഫ്. സുധീഷ് പയ്യന്നൂര്‍ നടത്തിയ അഭിമുഖം

Interview with Basil Joseph

 

വീണ്ടും ഗ്രാമ പശ്ചാത്തലത്തിലേക്ക്..

ഗ്രാമം.. അത് രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു അവസ്ഥ ആണല്ലോ. ഞാൻ വയനാട്ടിലെ സുൽത്താൻ ബത്തേരി എന്ന സ്ഥലത്തു ജനിച്ചു വളർന്ന ഒരാളാണ്. സിനിമയെ ഗ്രാമ പശ്ചാത്തലത്തിലേക്കു കൊണ്ടുപോകാനായി ഒന്നും ചെയ്യുന്നില്ല, അത് സ്വാഭാവികമായി വരുന്നതാണ്. പിന്നെ നമ്മളൊക്കെ ജനിച്ചു വളർന്ന ഒരു സാഹചര്യത്തെ കുറച്ചു കൂടെ നന്നായി സ്‌ക്രീനിലേക്കും കൊണ്ടുവരാൻ പറ്റും എന്ന കാര്യം ഉണ്ട്. പ്രേക്ഷകനെ സംബന്ധിച്ചെടുത്തോളം നല്ല ദൃശ്യങ്ങൾ അവർക്കായി സമ്മാനിക്കാൻ പറ്റും. നഗരത്തിലുള്ളവർക്കു, പ്രായമായവർക്ക്, കുട്ടികൾക്ക്.. അങ്ങനെ ആരെ നോക്കിയാലും  ഗ്രാമത്തിന്റെ  കാഴ്ചകൾ  സുഖമുള്ള ഒന്നാണല്ലോ. അതുകൊണ്ട് എന്നെ സംബന്ധിച്ചെടുത്തോളം ഗ്രാമ പശ്ചാത്തലത്തിൽ കഥ പറയുക എന്നത് കുറച്ചു കൂട്ടി എളുപ്പമുള്ള കാര്യം തന്നെ ആണ്.

പ്രമേയം ആവർത്തിക്കപ്പെടുമോ?

ഗുസ്‍തി തന്നെ ആണ് 'ഗോദ' യുടെയും പ്രധാന പ്രമേയം. കഴിഞ്ഞ വർഷം ഇറങ്ങിയ 'സുൽത്താൻ', 'ദംഗൽ' എന്നിവയും ഗുസ്‍തി തന്നെ പ്രമേയമായി വന്ന സിനിമകൾ ആണ്. അതിൽ രണ്ടു ഹിന്ദി ചിത്രങ്ങൾ എടുത്താൽ തന്നെ വലിയ വ്യത്യാസങ്ങൾ ഉണ്ട്. 'ഗോദ' യെ ഈ രണ്ടു ചിത്രങ്ങളുമായി ഒരു തരത്തിലും താരതമ്യം ചെയ്യേണ്ടി വരില്ല. ശരിക്കും 2015 ഇൽ ആണ് ഈ ചിത്രം നമ്മൾ തുടങ്ങുന്നത്. അഭിനേതാക്കൾക്ക് അപകടം പറ്റി ഷൂട്ട് നിർത്തി വയ്‌ക്കേണ്ടി വന്നു, അതു പോലെ നോട്ട് നിരോധനം സിനിമ നിർമാണത്തെ ബാധിച്ചിട്ടുണ്ട്. നമ്മൾ പ്ലാൻ ചെയ്‍തതു പോലെ ആണെങ്കിൽ  'ദംഗൽ' നു മുന്നേ വരേണ്ട സിനിമ ആയിരുന്നു ഇത്. ഇനി അതിൽ കാര്യമില്ല എങ്കിൽ തന്നെയും 'ഗോദ' പറയുന്നത് നമ്മുടെ നാടിന്റെ കഥയാണ്. കേരളത്തിന്റെ ഗുസ്‍തി പാരമ്പര്യത്തിന്റെ കഥയാണ്. മലയാളത്തിൽ തന്നെ 'ഒരിടത്തൊരു ഫയൽവാൻ', 'മുത്താരം കുന്നു പി ഓ' എന്നീ സിനിമകൾ ഒക്കെ ഗുസ്‍തി പശ്ചാത്തലത്തിൽ വന്നിട്ടുണ്ട്. 'ഗോദ' തമാശയിൽ പൊതിഞ്ഞ ഒരു നാട്ടിൻ പുറത്തിന്റെ കഥയാണ്. ഗുസ്‍തി എന്നത് കേന്ദ്ര പ്രമേയം മാത്രം ആണ്.

Interview with Basil Joseph

നടനിൽ നിന്ന് താരത്തിലേക്കും ആഘോഷിക്കപ്പെട്ട ടൊവിനോ പ്രധാന കഥാപാത്രം ആകുമ്പോൾ?

ഇതിലും വേറൊരു കാര്യം ഉണ്ട്. ശരിക്കും നായകനായി ടൊവിനോ ആദ്യമായി കരാറിൽ ഏർപ്പെട്ട സിനിമ 'ഗോദ' ആണ്. പിന്നീടാണ് 'ഗപ്പി' യും 'ഒരു മെക്സിക്കൻ അപാരത'യും ഒക്കെ വരുന്നത്. ആ സമയത്ത് നമുക്ക് ഏറ്റവും യോഗ്യനായി തോന്നിയ വ്യക്തി ടൊവിനോ തന്നെ ആണ. കഥാപാത്രം ആവശ്യപ്പെടുന്നതൊക്കെ തരാൻ അദ്ദേഹത്തിന് പറ്റും എന്ന് ഉറപ്പുണ്ടായിരുന്നു. മാത്രമല്ല, ഇനി നായകനിരയിലേക്ക് സ്ഥാനം ഉറപ്പിക്കാൻ പോകുന്ന ഒരാൾ ആവണം എന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു. തിരിച്ചറിയാൻ വൈകിപ്പോയ ഒരു നടൻ തന്നെ ആണ് ടൊവിനോ. വൈകാതെ തന്നെ ഒരു സ്റ്റാർ എന്ന നിലയിലേക്കും ടൊവിനോ അടയാളപ്പെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

Interview with Basil Joseph

തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരോടൊപ്പം..

ആദ്യം ഒരു പേടി ഉണ്ടായിരുന്നു. ഇടയ്‍ക്കു ദേഷ്യം വന്നാൽ 'ഫ പുല്ലേ' എന്ന് പറഞ്ഞു പോകുമോ എന്നൊക്കെ. അതൊക്കെ വെറുതെ ആയിരുന്നു. പക്കാ പ്രൊഫഷണൽ ആയി തന്നെ ആണ് അദ്ദേഹം നമ്മുടെ കൂടെ നിന്നത്. എല്ലാവിധത്തിലും സഹകരിച്ചു നിൽക്കുക, ഫ്രണ്ട്‌ലി ആയി സഹകരിക്കുക, യാതൊരു പരാതിയും പറയാതെ കൂടെ നിൽക്കുക എന്നതൊക്കെ അദ്ദേഹത്തിൽ നിന്നു് കണ്ടു പഠിക്കേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ട്. അഭിനത്തിനിടയിൽ ചില തിരുത്തലുകൾ  ഒക്കെ നടത്താറുണ്ട് എന്നല്ലാതെ മറ്റു കാര്യങ്ങളിലൊന്നും ഇടപെടാറില്ല. ഒന്നാമത് അദ്ദേഹം ഒരേസമയം ഒരുപാട് സിനിമകളിൽ അഭിനയിക്കുന്ന സമയത്താണ് ഇതിന്റെയും ഭാഗമാവുന്നത്. നല്ലൊരു അനുഭവം തന്നെ ആയിരുന്നു അദ്ദേഹത്തോടുള്ള സമയം.

'ഗോദ' യിലെ പ്രധാന കഥാപാത്രങ്ങൾ?

ടൊവിനോ, വാമിക, രണ്‍‍ജി പണിക്കർ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അതേസമയം അവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന കഥാപാത്രങ്ങളും ഏറെയുണ്ട്. മുമ്പത്തെ സിനിമയെ സംബന്ധിച്ച് ഇവിടെ എത്തുമ്പോൾ കുറച്ചുകൂടെ റിയലിസ്റ്റിക് ആണ് എന്ന് പറയാം. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ കൃത്യമായ റോൾ ഉണ്ട്. വെറുതെ നടക്കുന്ന ഒരാൾ എന്നതിൽ കവിഞ്ഞു അവർക്കും കൃത്യമായ ഐഡന്റിറ്റി നൽകിയിട്ടുണ്ട്. അപ്പോഴാണ് കഥ കുറച്ചു കൂടെ ജീവനുള്ളതാകുന്നത്. അതുപോലെ ഒരു കഥാപാത്രത്തെ ഏറ്റവും നന്നായി നമുക്ക് അവതരിപ്പിക്കാൻ പറ്റുന്നത് ആ കഥാപാത്രത്തിന്റെ ജോലി എന്താണെന്ന് പറയുക എന്നതാണ്. ബാക്കി എല്ലാം സപ്പോർറ്റീവ് ആയി വരും എന്നതാണ് എന്റെ അനുഭവം. കഥാപാത്രങ്ങൾ എല്ലാം വരുന്ന ഒരു ലോകം സൃഷ്‍ടിച്ചു കഥ  പറയുക എന്നതാണ് നല്ലതെന്നും തോന്നിയിട്ടുണ്ട്.

കഥ വലിയൊരു ക്യാൻവാസിലേക്ക്

കുഞ്ഞിരാമായണത്തെ അപേക്ഷിച്ചു വലിയൊരു ക്യാൻവാസിൽ തന്നെ ആണ് ഗോദ കഥ പറയുന്നത്. നല്ല രീതിയിൽ ബുദ്ധിമുട്ടിയിരുന്നു. ഒരു ഗ്രാമം മാത്രമല്ല, അതുവിട്ട് ദേശീയ മത്സരം വരെ എത്തി നിൽക്കുന്ന സംഭവങ്ങൾ സിനിമയിൽ വരുന്നുണ്ട്. അതൊക്കെ  നമുക്ക് വെറുതെ കാണിക്കാൻ പറ്റില്ലല്ലോ, അപ്പോ അതിന്റേതായ ചിലവുകൾ സിനിമയ്ക്കായി നടന്നിട്ടുണ്ട്. കൃത്യമായി ഹോം വർക്ക്  ചെയ്‍തു തന്നെയാണ് സിനിമ തുടങ്ങിയത്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും ഏറെ കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദ്യ സിനിമയേക്കാൾ കൂടുതൽ ജഡ്ജ് ചെയ്യപ്പെടുന്നത് രണ്ടാമത്തെ സിനിമ ആയിരിക്കും. ആർട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യൻസിന്റെയും  കരിയർ.. അങ്ങനെ ഒരുപാട് ഉത്തരവാദിത്തങ്ങൾ കണ്ടുകൊണ്ട് തന്നെയാണ് സിനിമ നിർമ്മിക്കപ്പെട്ടത്. സിനിമ ഇറങ്ങി കഴിയുമ്പോഴും എല്ലാം മംഗളമായി തന്നെ നടക്കും എന്ന് പ്രതീക്ഷിക്കുന്നു.

സാമൂഹ്യപരമായി 'ഗോദ' സംസാരിക്കുമോ ?

നമുക്ക് പാരമ്പര്യമായി ചില വിനോദ ഉപാദികളുണ്ട്. പക്ഷെ, എന്റര്‍ടെയ്‍ന്‍മെന്റ് എന്നത് വലിയ ഗ്ലാമർ ലോകത്തേക്ക് മാറിയപ്പോൾ പലതും സൈഡ് ആയിപ്പോയി. എങ്കിലും അതിനെയൊക്കെ ഇപ്പോഴും കൊണ്ടു നടക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ കൂടെ കഥയാണ്  'ഗോദ'.

Interview with Basil Joseph

പഞ്ചാബ് പശ്ചാത്തലത്തിൽ പഞ്ചാബ് നടി..

നമുക്ക് ഒരു നോർത്ത് ഇന്ത്യൻ നടി വേണം എന്നായിരുന്നു. കഥാപാത്രം പഞ്ചാബി ആയതിനാൽ നദിയും പഞ്ചാബി ആയതു തികച്ചും ആകസ്‍മികം എന്നെ പറയാൻ പറ്റു. അല്ലാതെ പഞ്ചാബി വേണം എന്ന് നിർബന്ധം ഒന്നും ഉണ്ടായിരുന്നില്ല.

ചെറുപ്പക്കാരുടെ സ്‌പേസ് മലയാള സിനിമയിൽ

നല്ലൊരു സ്‌പേസ് തന്നെ ഉണ്ട്. അതിനു പ്രധാന കാരണങ്ങളിൽ ഒന്ന് എന്താണെന്നു വച്ചാൽ അവർക്കു അവരുടെ കഴിവ് ലോകത്തെ കാണിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഇന്നുണ്ട്. അതു പോലെ യുവാക്കൾ വന്നു നല്ല സിനിമകൾ ചെയ്‍തു വിജയം കൈവരിക്കുന്ന അവസ്ഥ ഉള്ളതിനാൽ നിർമ്മാതാക്കൾക്കും ഒരു വിശ്വാസം ഉണ്ട്. നല്ല സബ്‍ജക്ടുമായി വന്നാൽ തീർച്ചയായും സിനിമ ചെയ്യാനുള്ള അവസ്ഥ മലയാളത്തിൽ ഉണ്ട്.എല്ലാ തരാം പ്രേക്ഷകരെയും ആകർഷിപ്പിക്കുന്ന ഒരു സിനിമ തന്നെ ആയിരിക്കും 'ഗോദ'. തമാശയിൽ പൊതിഞ്ഞെടുത്ത ഒരു കഥ തന്നെ ആണ്, അതിനേക്കാൾ ഉപരി നമ്മുടെ ഒരു സാമൂഹ്യ പശ്ചാത്തലത്തിലേക്കും സിനിമ പോകുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios