ഞാനിട്ട സെറ്റുകള്‍ ജനം തിരിച്ചറിയാറില്ല, അതാണെന്റെ വിജയവും: ജോസഫ് നെല്ലിക്കല്‍
അനില്‍ പുന്നാട്
ഏറ്റവും ഒടുവില്‍ ബ്രഹ്മാണ്ഡ വിജയമായിത്തീര്‍ന്ന 'പുലിമുരുകന്‍' കണ്ട് കയ്യടിച്ച് തീയേറ്ററില്‍ നിന്നിറങ്ങിയ ജനം തന്നെ മേല്‍പ്പറഞ്ഞ പ്രസ്താവനയ്ക്കു പറ്റിയ ഉദാഹരണം. മുരുകന്റെ വീടും, പാലവും, വെള്ളച്ചാട്ടവും ക്ലൈമാക്സില്‍ മുള്‍മുനയിലിരുത്തി പേടിപ്പിക്കുന്ന ഗുഹയുമെല്ലാം കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലിന്റെ സൃഷ്ടിയായിരുന്നുവെന്ന് അധികമാരുമറിഞ്ഞില്ല. അയാഥാര്‍ഥമായ ആ കാഴ്ചകള്‍ യാഥാര്‍ഥ്യമാണ് എന്ന് നിശ്ചയിച്ച് ജനം വിസ്മയിച്ചു. അതുകണ്ട് മാറിനിന്ന് മന്ദഹസിക്കുന്നു, ജോസഫ് നെല്ലിക്കലും കൂട്ടുകാരും.
അറുപത്തിയെട്ടാമത്തെ ചിത്രത്തിന്റെ ജോലികള്‍ ചെയ്യുന്ന ജോസഫ് നെല്ലിക്കലിനെ തേടിപ്പോയത് പുലിമുരുകന്റെ നിര്‍മ്മാണരഹസ്യങ്ങള്‍ തേടിയാണ്. കാടും മേടും പാറപ്പുറത്തെ വീടും ഏറ്റവും പ്രധാനമായി, ഇല്ലാത്ത പുലിയുമായി യുദ്ധം ചെയ്യുന്ന മുരുകനെയും കണ്ട്പ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ഏറ്റവും വിയര്‍പ്പൊഴുക്കിയ ആ കലാകാരനെ ഒരു കാണണമെന്ന്. കാരണം, ജോസഫ് നെല്ലിക്കലിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, എഴുത്തുകാരന്‍ ഭാവനയില്‍ കണ്ടതിനെ ക്യാമറയ്ക്കു മുന്നില്‍ ഒരുക്കിവെക്കുന്ന പണിയാണ് കലാസംവിധായകന്റേത്. ശരിക്കും ശൂന്യതയില്‍ നിന്ന് സൃഷ്ടികര്‍മ്മം നടത്തുന്ന ബ്രഹ്മാവ് എന്നു പറയാം. ബ്രഹ്മാവിനെ ആരും പൂജിക്കാറില്ല. അതുപോലെ സിനിമയില്‍ കലാസംവിധായകരെ പലരും അറിയാറില്ല. അറിഞ്ഞാലും പറയില്ല. സിനിമ കാണുന്ന പ്രേക്ഷകര്‍ മാത്രമല്ല, ചിലപ്പോള്‍ അഭിനേതാക്കള്‍ക്കും തങ്ങള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സെറ്റാണ് എന്നറിയാത്ത അനുഭവങ്ങള്‍ നിരവധി ഉണ്ടാവാറുണ്ട്. ചിത്രങ്ങള്‍ അവാര്‍ഡിനയക്കുമ്പോഴും സെറ്റെന്തെന്ന് തിരിച്ചറിയാത്ത ജൂറിമാര്‍ ഈ കലാകാരന്റെ കഴിവിനെ തഴയുമ്പോള്‍ ജോസഫ് നെല്ലിക്കലിനു പരിഭവമില്ല. തന്റെ സ്വതസിദ്ധമായ ചിരിയോടെ പറയും സിനിമയല്ലേ.. ഇങ്ങനെയൊക്കെത്തന്നെ.
തുടക്കം ഹോളിവുഡ് ചിത്രം
എല്ലാ സിനിമക്കാരുടെയും മോഹവവും ലക്ഷ്യവുമായ ഹോളിവുഡ് ചിത്രത്തില്‍ തന്നെ തന്റെ തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്നതാണ് ജോസഫ് നെല്ലിക്കലിന്റെ ഭാഗ്യം. ഇസ്മയില്‍ മര്‍ച്ചന്റ് സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ കോട്ടണ്‍ മേരി എന്ന ചിത്രമായിരുന്നു അത്. ചാര്‍മിലന്‍ ആഡംസിന്റെ കൂടെ കലാസംവിധാന സഹായിയായി ജോസഫ് സിനിമാ ജീവിതം ആരംഭിച്ചു. മിസ്റ്റിക് മസാജര്‍ എന്ന 2001ലെ ഹോളിവുഡ് നിര്‍മ്മിതിയിലും തന്റെ സാന്നിദ്ധ്യം ജോസഫ് അറിയിച്ചു.
മലയാളത്തില്‍ തുടക്കം മീശമാധവന്‍
2002ല്‍ ലാല്‍ ജോസ് മീശമാധവന്‍ ഒരുക്കിയപ്പോള്‍ ജോസഫ് നെല്ലിക്കല്‍ സ്വതന്ത്ര കലാസംവിധായകനായി മലയാള സിനിമയില്‍ അരങ്ങേറി. ടി. മുത്തുരാജിന്റെ കൂടെയുള്ള തമിഴ്- മലയാളം ചിത്രങ്ങളിലെ പ്രവര്‍ത്തന പരിചയം ജോസഫിന്റെ ഉള്ളിലെ കലാകാരനെ തേച്ചുമിനുക്കിയെടുത്തു.
ഇതുവരേയ്‍ക്കും ചിത്രങ്ങള്‍ 68
ലാല്‍ ജോസ് തൊട്ട്, വൈശാഖ് വരെ നീളുന്ന ഹിറ്റ് മേക്കേഴ്സിന്റെ ഒപ്പവും ചെറിയ ബജറ്റുമായി എത്തുന്ന ചെറിയ/ തുടക്കക്കാരായ സംവിധായകരെയും ഒരുപോലെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞതിനാലാണ് ഈ അറുപത്തിയെട്ടാം ചിത്രത്തില്‍ താനെത്തി നില്‍ക്കുന്നതെന്ന തികഞ്ഞ ബോധം ഈ കലാസംവിധായകനുണ്ട്. ഒപ്പം, തന്നെ ഏല്‍പ്പിച്ച ജോലി വളരെ ഭംഗിയായും 'യാഥാര്‍ത്ഥ്യബോധ'ത്തിലും പൂര്‍ത്തിയാക്കിക്കൊടുത്ത പാരമ്പര്യവും. സംവിധായകരായ ജോഷിക്കും, അമല്‍ നീരദിനും, സിദ്ദിഖിനും, റാഫിക്കും എന്താണ് ആവശ്യമെന്നറിയാന്‍ ജോസഫിന് ഏറെ നേരമൊന്നും ആവശ്യമില്ല. തന്റെ അഭിപ്രായം ആരുടെ മുഖത്തുനോക്കിയും തുറന്നുപറയാനും ഈ കൊച്ചിക്കാരന് മടിയില്ല. അതുകാരണം ചിലര്‍ ചിലപ്പോള്‍ പരിഭവിക്കാറുണ്ടെങ്കിലും സോപ്പിട്ടു നില്‍ക്കാന്‍ ' നമ്മ ഇല്ലാട്ടാ..' എന്ന് കൊച്ചീ സ്റ്റൈലില്‍ തന്നെ നെല്ലിക്കല്‍ പറയും. ആരും മുഖം ചുളിക്കണ്ട!
കരുത്ത് സഹപ്രവര്‍ത്തകര്‍
ബ്രഹ്മാണ്ഡചിത്രം ഒരുക്കാന്‍ വൈശാഖിന് വേറൊരു കലാസംവിധായകന്റെ പേര് ആവശ്യമില്ലായിരുന്നു. ജോസഫും അസിസ്റ്റന്റുമാരും അതിനായി ചെലവഴിച്ചത് ഒരു വര്‍ഷത്തിലധികം നീണ്ട പ്രയത്നം. സാധാരണ രണ്ടോ മൂന്നോ ചിത്രങ്ങളുടെ വര്‍ക്ക് ഒരേസമയം ഈ കലാസംവിധായകനും കൂട്ടര്‍ക്കും ചെയ്യേണ്ടവരാറുണ്ട്. പുലിമുരുകന്റെ ചര്‍ച്ച ആരംഭിച്ചപ്പോഴേ, മുഴുവന്‍ സമയവും കൂടെ നില്‍ക്കണമെന്ന ആവശ്യമാണ് വൈശാഖും ഉദയ് കൃഷ്ണയും ആദ്യം ഉന്നയിച്ചത്. അങ്ങനെ നൂറ്റമ്പതിലധികം വര്‍ക്കേഴ്സും പ്രധാന സഹായികളായ അജി കുറ്റിയാനിയും ഷാജി നടുവിലും ഉള്‍പ്പെട്ട ആര്‍ട് ടീം ജോസഫിന്റെ നേതൃത്വത്തില്‍ പണി തുടങ്ങി. ഒരു സിനിമയുടെ ചര്‍ച്ച ആരംഭിക്കുമ്പോള്‍ ആദ്യമെത്തുന്നതും ഷൂട്ടിംഗ് നടക്കുമ്പോള്‍ അവസാനം പോകുന്നതും ആര്‍ട്ടിന്റ ടീമായിരിക്കും. കലാസംവിധായകന്‍ ഒകെ പറയാതെ ഏതു കൊടികെട്ടിയ സംവിധയകനും 'ആക്ഷന്‍' പറയാനും സാധിക്കില്ലല്ലോ!
കാടും, മൃഗങ്ങളും പ്രാധാന്യത്തോടെ വരുന്ന സിനിമകള്‍, ഗ്രാഫിക്സ് വിസ്മയങ്ങള്‍ തീര്‍ത്ത സിനിമകള്‍, കടുവയേയും പുലിയേയും കുറിച്ചുള്ള പഠനങ്ങള്‍, അവരുടെ രീതികള്‍ ഒക്കെ, പുലിമുരുകന്റെ പ്രി- പ്രൊഡക്ഷന്‍ ഓഫീസില്‍ കലാസംവിധായകന്റേയും കൂട്ടരുടെയും പ്രധാന പഠന വസ്തുക്കളായി. പിന്നെ ലൊക്കേഷന്‍ അന്വേഷിച്ചിട്ടുള്ള യാത്ര വിയറ്റ്നാമിനിലേക്ക്.
ലൊക്കേഷന്‍ മാറുന്നു
വിയറ്റ്നാമിലെത്തിയ ജോസഫ് നെല്ലിക്കലിനും പീറ്റര്‍ ഹെയ്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനും പ്രൊഡ്യൂര്‍ ടോമിച്ചനും സംഗതി അത്രയ്‍ക്ക് എളുപ്പമല്ലെന്ന യാഥാര്‍ഥ്യം മനസ്സിലായി. ഷൂട്ടിംഗ് ക്വൂവിനെയും കൊണ്ട് അവിടെച്ചെന്ന് ജോലി ചെയ്യിക്കുക അസാധ്യമായിരുന്നു. പിന്നെ തിരികെ വന്ന് കേരളത്തിലെ കാടുകളെ തെരയാന്‍ തുടങ്ങി. സൈലന്റ് വാലിക്കും ഹൈദരബാദ് കാടുകളും നോക്കി. അവ ശരിയാകാതെ അട്ടപ്പാടി ലൊക്കേഷനാക്കാന്‍ തീരുമാനിച്ചു. പക്ഷേ കാലവര്‍ഷം ആരംഭിച്ചപ്പോള്‍ അട്ടപ്പാടിയില്‍ സെറ്റ് ഇടാന്‍ കണ്ടുവെച്ച സ്ഥലം വെള്ളത്തിനടിയില്‍!
പ്ലാന്‍ തകര്‍ന്ന് തലയ്‍ക്കു കൈ കൊടുത്തിരുന്നപ്പോഴാണ് ജോസഫ് പൂയംകുട്ടിയെപ്പറ്റി ഓര്‍ത്തത്. പണ്ട് 'നരന്‍" ഷൂട്ടിംഗിനായി ലൊക്കേഷന്‍ തെരഞ്ഞ സ്ഥലം. സംവിധായകനും കൂട്ടരും സ്ഥലം ഓകെ പറഞ്ഞപ്പോള്‍ പുലിമുരുകന്റെ 'വീടിന്റെ പണി' ജോസഫും കൂട്ടരും ആരംഭിച്ചു. 300 അടി വീതിയുള്ള പുഴയും വെള്ളച്ചാട്ടവും വീടിനു നല്ല പശ്ചാത്തലമായി. വീടൊരുക്കാന്‍ പാറക്കെട്ടുകള്‍ കൃത്രിമമായി നിര്‍മ്മിച്ചു. ഒപ്പം പുഴക്കു കുറുകേ ഒരു നീണ്ട പാലവും. പാലമൊരുക്കാന്‍ നാട്ടിലെ പണിക്കാര്‍ ബുദ്ധിമുട്ടറിയിച്ചപ്പോള്‍ സിനിമയ്ക്കു വേണ്ടി മാത്രം പണിയെടുക്കുന്നവര്‍ ചെന്നൈയില്‍ നിന്നെത്തി. കാഴ്ചയില്‍ മുളയെന്ന് തോന്നിക്കുന്ന ഇരുമ്പുകൊണ്ടാണ് പാലം നിര്‍മ്മിച്ചത്.
പുലിമുരുകന്റെ ചെരുപ്പും കടുവയുടെ ഡമ്മിയും
പുലിമുരുകന്‍ സാധാരണക്കാരനല്ല, അതിനാല്‍ എന്താകണം കാഴ്ചയിലെ പ്രത്യേകതയെന്ന ആലോചനയാണ് പ്രശസ്തമായിത്തീര്‍ന്ന തുകല്‍ ചെരുപ്പിലേക്കെത്തിച്ചത്. ചെരുപ്പിന്റെ ഡിസൈനും വള്ളിയും വരച്ചെടുത്ത് മോഡലുണ്ടാക്കി കോസ്റ്റ്യൂം വിഭാഗത്തെ ഏല്‍പ്പിച്ചു. ഒപ്പം മോഹന്‍ലാലിന് യുദ്ധം ചെയ്യാനുള്ള കടുവയുടെ ഡമ്മിയും. കണ്ണൂരില്‍ നിന്നെത്തിയ സനുവും സജുവും രണ്ടുമാസം കൊണ്ട് ഡമ്മിയുടെ പണി പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. ആര്‍ട്ടിസ്റ്റും കടുവയുമായുള്ള യുദ്ധത്തിനു ഓരോ ഷോട്ടിലും പൊസിഷന്‍ മാര്‍ക്ക് ചെയ്യാനായിട്ടാണ് ഈ ഡമ്മി ഉപയോഗിച്ചത്.
ക്ലൈമാക്സ് വിയറ്റ്നാമല്ല; വൈറ്റില!
ക്ലൈമാക്സിലെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പീറ്റര്‍ ഹെയ്ന്‍ നിര്‍ദ്ദേശിച്ചത് വിയറ്റ്നാമിലെ 'ഹാനോയ്' എന്ന സ്ഥലത്തെ ഗുഹയായിരുന്നു. പക്ഷേ അവിടേക്ക് ഈ വലിയ ടീമിനെയും എത്തിച്ച് ചിത്രീകരിക്കുക ദുഷ്കരമായിരുന്നു. മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത സാമ്പത്തിക ഭാരം അതുണ്ടാക്കും. അപ്പോഴാണ് ജോസഫ് നെല്ലിക്കല്‍ തന്റെ ഐഡിയ അവതരിപ്പിച്ചത്. ഈ ഗുഹയുടെ സെറ്റ് താന്‍ വൈറ്റിലയില്‍ ഇട്ടുതരാമെന്ന്. ഒറിജനലായി തോന്നുമോ എന്ന അപ്പോള്‍ സംശയം പ്രകടിപ്പിച്ചവര്‍ കലാസംവിധായകന്റെയും കൂട്ടരുടെയും പ്രയത്നഫലം കണ്ടപ്പോള്‍ വിസ്മയിച്ചു. പ്രൊഡ്യൂസര്‍ക്ക് ചെലവ് നാലിലൊന്നായി കുറഞ്ഞു. പക്ഷേ, ക്ലൈമാക്സ് ചിത്രീകരിച്ചത് തങ്ങളൊരുക്കിയ സെറ്റിലാണെനന് പറഞ്ഞത് സിനിമ കണ്ട ജനം വിശ്വസിച്ചില്ല. 'ഇത്രത്തോളം ഒറിജിനലാകേണ്ടിയിരുന്നില്ലല്ലോ സാറേ എന്ന് സഹായികളായ അജിയും ഷാജിയും ജോസഫിനോട് മാത്രം രഹസ്യമായി പരിഭവം പറഞ്ഞു.
വിട്ടഭാഗം പൂരിപ്പിച്ച ഗ്രാഫിക്സുകള്‍
പുലിമുരുകന്‍ സിനിമയുടെ ആര്‍ട്ടിനൊപ്പം കഠിനമായി അധ്യാനിച്ച ഗ്രാഫിക്സ് ടീമിനെയും ഈ കലാസംവിധായകന്‍ നന്ദിയോടെ ഒപ്പം നിര്‍ത്തുന്നു. ഇത്തരം ചിത്രത്തില്‍ ആര്‍ട്ടും കമ്പ്യൂട്ടര്‍ ഗ്രാഫിക്സും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ യഥാര്‍ഥ ഫലം പുറത്തുവരുകയുള്ളൂ.
കുമ്പാരിമാര്‍ ഇനിയും ഒന്നിക്കും
മുപ്പതോളം സംവിധായകര്‍, അറുപത്തിയെട്ടോളം ചിത്രങ്ങള്‍; ഓരോരുത്തര്‍ക്കും ഇണങ്ങുന്ന രീതിയില്‍ അവരുടെ ശൈലിയില്‍ സിനിമ ഒരുക്കിക്കൊടുക്കുമെന്ന വിശ്വാസമാണ് ഓരോ സംവിധായകനെയും ജോസഫ് നെല്ലിക്കലെന്ന കലാസംവിധായകനിലേക്ക് എത്തിക്കുന്നത്. ആ വിശ്വാസം കൈമോശം വരാതിരിക്കാന്‍ ദൈവമെന്ന വലിയ കലാകാരന്റെ കൈപിടിച്ച് ഈ കൊച്ചിക്കാരനും നടക്കുന്നു. ഒപ്പം വര്‍ക്ക് ചെയ്യുന്ന, സ്ക്രീനിലോ, മാധ്യമങ്ങളിലോ പേരുവരാത്ത അസംഖ്യം കലാസംവിധാന സഹായികളെയും കാര്‍പ്പന്റേഴ്സിനേയും മോള്‍ഡേഴ്സിനെേയും പെയിന്റര്‍മാരെയും പ്രൊഡക്ഷന്‍ സഹായികളേയും മറന്നുപോകരുതെന്ന് സ്വയം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. കാരണം 'ആര്‍ഡ് ഡയറക്ടര്‍ എന്ന തൊപ്പി തന്റെ തലയില്‍ വച്ചു തന്നത് അവരുടെ അധ്വാനം കൂടിയാണല്ലോ!
വൈശാഖുമൊത്തുള്ള സൗഹൃദത്തിന് മറ്റൊരു തലം കൂടിയുണ്ടെന്ന് ജോസഫ് ഓര്‍മ്മിപ്പിച്ചു. വൈശാഖിന്റെ മകള്‍ ഇസബെല്ലയുടെ തലതൊട്ടപ്പന്‍ ഈ കലാസംവിധായകനാണ്. കൊച്ചീക്കാരുടെ ഭാഷയില്‍ അപ്പോള്‍ രണ്ടുപേരും 'കുമ്പാരിമാര്‍'. നല്ല ഒരു അവസരം നല്‍കിയതിനും അത് വിജയത്തിലെത്തിച്ചതിനും കുമ്പാരിക്ക് കുമ്പാരിയുടെ ഹാറ്റ്സ് ഓഫ്!
അതെ; നല്ല നിര്‍മ്മിതികള്‍ക്കും വലിയ വിജയങ്ങള്‍ക്കുമമായി ഇനിയും കുമ്പാരിമാര്‍ ഒന്നിക്കട്ടെ, തുടരട്ടെ എന്ന് നമുക്ക് പറയാം..