ഈ ഓണവും ഷൂട്ടിംഗ് സെറ്റിലായിരിക്കും - പാർവ്വതി നായർ
സിനിമ കണ്ടവരെല്ലാം സോഷ്യൽ മീഡിയയിൽ പാർവ്വതി നായർ എന്ന പേര് തിരഞ്ഞു. ഇതിന് മുമ്പും പല ചിത്രങ്ങളിലും പാർവ്വതിയെ കണ്ടിട്ടുണ്ടെങ്കിലും മലയാളി പെൺകുട്ടിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല.
മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാലും നാദിയ മൊയ്തുവും താരജോടികളായെത്തിയ സിനിമയായിരുന്നു നീരാളി. ഈ ചിത്രത്തിന്റെ പോസ്റ്റുകളിൽ മുൻനിര താരങ്ങൾക്കൊപ്പം തന്നെ നയന എന്ന കഥാപാത്രവും ഇടം പിടിച്ചിരുന്നു. പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യവിരുന്നായ ഈ ചിത്രത്തിൽ നയനയായി എത്തിയത് പാർവ്വതി നായർ എന്ന നടിയാണ്. സിനിമ കണ്ടവരെല്ലാം സോഷ്യൽ മീഡിയയിൽ പാർവ്വതി നായർ എന്ന പേര് തിരഞ്ഞു. ഇതിന് മുമ്പും പല ചിത്രങ്ങളിലും പാർവ്വതിയെ കണ്ടിട്ടുണ്ടെങ്കിലും മലയാളി പെൺകുട്ടിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല.
കന്നട-തമിഴ്-മലയാളം എന്നീ ഭാഷകളിലെല്ലാം പാർവ്വതി തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. എന്നാൽ അഭിനയിച്ചതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് നീരാളിയിലെ നയന എന്ന് പാർവ്വതി നായർ പറയുന്നു. നീരാളി ഇപ്പോഴും നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. പാർവ്വതിയുടെ വിശേഷങ്ങളിലേക്ക്...
എഞ്ചിനീയറിംഗ് റ്റു സിനിമ
അബുദാബിയിലാണ് ഞാൻ വളർന്നത്. പഠനവും അവിടെത്തന്നെയായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. മോഡലിംഗിൽ താത്പര്യമുണ്ടായിരുന്നു. അതിനിടയിൽ തന്നെ വീഡിയോ ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ഉത്തമവില്ലനിലേക്ക് ക്ഷണം വരുന്നത്. ചെറിയ റോളായിരുന്നെങ്കിലും കമൽഹാസന്റെ സിനിമയായതിന്റെ സന്തോഷമുണ്ടായിരുന്നു. പിന്നീട് പൃഥ്വിരാജിനൊപ്പം ജയിംസ് ആന്റ് ആലീസിലും ചെറിയ വേഷം കിട്ടി. പരസ്യചിത്രങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്.
നീരാളിയിലേക്ക്
മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ തമിഴ്പതിപ്പായിരുന്നു നിമിർ. ആ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നീരാളിയുടെ സംവിധായകനായ അജയ് വർമ്മ സെറ്റിൽ വന്നിരുന്നു. അദ്ദേഹത്തെ പരിചയപ്പെടുന്നതും സംസാരിക്കുന്നതും അന്ന് ആദ്യമായിട്ടാണ്. എന്റെ ചേട്ടന്റെ വീട് ബോംബെയിലാണ്. ഇടയ്ക്ക് അവിടെ പോയി താമസിക്കാറുണ്ട്. എപ്പോഴെങ്കിലും ബോംബെയിൽ വരികയാണെങ്കിൽ ഓഫീസിൽ വരണമെന്ന് നിമിറിന്റെ സെറ്റിൽ വച്ച് സംസാരിച്ചപ്പോൾ അജയ് വർമ്മ പറഞ്ഞിരുന്നു. അങ്ങനെ ഒരിക്കൽ ഒരു കോഴ്സിനായി വീട്ടിലെത്തിയപ്പോൾ ബോംബെയിൽ അവരുടെ ഓഫീസിൽ പോയി. ഞങ്ങളുടെ വീടിരിക്കുന്ന അതേ സ്ഥലത്ത് തന്നെയായിരുന്നു അവരുടെ ഓഫീസ്. അപ്പോഴൊന്നും നീരാളിയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഏതോ ഹിന്ദി സിനിമ എന്നാണ് കരുതിയിരുന്നത്. അന്ന് എല്ലാവരെയും പരിചയപ്പെട്ടു. അത് കഴിഞ്ഞ് ചെറിയൊരു സ്ക്രീൻ ടെസ്റ്റ് നടത്തി. അപ്പോഴും നീരാളി സിനിമയെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
മലയാളത്തിൽ ആദ്യം
മലയാളത്തിൽ എനിക്ക് കിട്ടിയ ഒരു ബ്രേക്കാണ് ഈ സിനിമ. പിന്നെ ലാലേട്ടന്റെയും നാദിയ മാഡത്തിന്റെയും ഒപ്പം വർക്ക് ചെയ്യാൻ സാധിച്ചതിലും വളരെ സന്തോഷമുണ്ട്. സിനിമയിലേക്ക് വിളിക്കുന്ന സമയത്ത് എങ്ങനെയൊണ് അവരോട് പെരുമാറേണ്ടതെന്ന കാര്യത്തിൽ എനിക്കൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. പക്ഷേ സെറ്റിൽ വന്നു കഴിഞ്ഞപ്പോൾ എല്ലാവരും വളരെ പിന്തുണയോടെയാണ് പെരുമാറിയത്. ഓരോ സീൻ കഴിയുമ്പോഴും ലാൽസാർ അഭിനന്ദിക്കുമായിരുന്നു. എന്നെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സൗഭാഗ്യമാണ് ഈ സിനിമ. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ വളരെ ജൂനിയറാണ്. ഒരു അഭിനേത്രി എന്ന നിലയിൽ ധാരാളം കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. ആ കഥാപാത്രത്തിന്റെയും എന്റെയും സ്വഭാവം തമ്മിൽ വളരെയധികം അന്തരമുണ്ട്. നീരാളി ടീം നൽകിയ പിന്തുണയാണ് ആ കഥാപാത്രത്തിന്റെ വിജയത്തിന് പിന്നിൽ.
സിനിമകളും കഥാപാത്രങ്ങളും
തമിഴിൽ യെന്നെ അറിന്താൽ, നിമിർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മലയാളത്തിൽ മഹേഷിന്റെ പ്രതികാരത്തിന്റെ റീമേക്കായിരുന്നു നിമിർ. പക്ഷേ മലയാളത്തിലാണ് കുറച്ചുകൂടി കംഫർട്ടബിൾ ആയിത്തോന്നിയിട്ടുള്ളത്. മലയാളത്തിൽ ഞാൻ ചെയ്ത പത്താമത്തെ സിനിമയാണ് നീരാളി. എന്റെ ഓരോ സിനിമയും പൂർത്തിയാക്കി കണ്ടു കഴിയുമ്പോൾ കുറച്ചു കൂടി ശരിയാക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ നീരാളി സിനിമയുടെ കാര്യത്തിൽ എനിക്ക് അങ്ങനെയൊരു തോന്നലില്ല. കാരണം ആ സിനിമ ചെയ്യുമ്പോൾ സംവിധായകനുൾപ്പെടെയുള്ളവർ എന്നെ അത്രയധികം പിന്തുണച്ചിരുന്നു. ലാൽ സാർ വിളിച്ച് എന്നെ അഭിനന്ദിച്ചു. സോഷ്യൽ മീഡിയയിൽ ഒരുപാട് മെസേജുകൾ വന്നു.
നീരാളിയിലെ നയന
നയന എന്ന കഥാപാത്രം എന്നെ സംബന്ധിച്ച് വളരെ സംതൃപ്തി നൽകിയ ഒന്നാണ്. സിനിമ കണ്ട് നിരവധി പേർ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒരുപാട് പേർ സിനിമയെക്കുറിച്ച് നല്ല റിവ്യൂ എഴുതിയിരുന്നു. ദേശീയ മാധ്യമങ്ങൾ വരെ ആ സിനിമയെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. അതിൽ എന്റെ കഥാപാത്രത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. സിനിമ കണ്ട മിക്കവരും ഞാനാരാണെന്ന് അന്വേഷിച്ചു. എന്നെ കണ്ടുപിടിച്ച് അഭിനന്ദനമറിയിച്ചവരായിരുന്നു അധികവും. അവരൊക്കെ കരുതിയത് ഞാൻ മലയാളിയല്ല എന്നാണ്. കണ്ടാൽ മലയാളി ലുക്ക് തോന്നാത്തത് കൊണ്ടാകാം. എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതു കൊണ്ടാണ് എല്ലാവരും എന്നെ തിരക്കിയത്. ഏത് ഭാഷയിലുള്ള സിനിമ ആയാലും എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങളേ ഞാൻ തെരഞ്ഞെടുക്കുകയുള്ളൂ.
ഓണത്തെക്കുറിച്ച്
ബാംഗ്ലൂരാണ് ഞാൻ താമസിക്കുന്നത്. എല്ലാ മലയാളികളെയും പോലെ ഓണം എനിക്കും സന്തോഷമുള്ള അനുഭവം തന്നയാണ്. ബന്ധുക്കളും കൂട്ടുകാരും ഒക്കെ വീട്ടിൽ വരും. ഒന്നിച്ച് ഓണസദ്യ കഴിക്കും. കഴിഞ്ഞ വർഷം ഓണത്തിന് ഷൂട്ടിലായിരുന്നു. ഈ വർഷവും ഷൂട്ടിലായിരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഓരോ വർഷവും സെറ്റിലായിരിക്കും. പഠിക്കുന്ന സമയത്താണ്. കസിൻസും ബന്ധുക്കളും വന്നിട്ടുള്ള ഓണം, വർഷങ്ങൾക്ക് ശേഷമാ. എല്ലാ വർഷവും ഓണത്തെക്കുറിച്ച് പ്ലാൻ ചെയ്യും. ഏത് സ്ഥലത്താണെങ്കിലും സദ്യ ഉറപ്പാണ്. കഴിഞ്ഞ വർഷം നാട്ടിലില്ലായിരുന്നു. വളർന്നത് അബുദാബിയാണ്. വീട്ടിൽ വരുമ്പോഴാണ് ഓണം ആഘോഷിക്കുന്നത്. എവിടെപ്പോയാലും ഓണം എല്ലാ ഓണത്തിനും ഷൂട്ട് ഉണ്ടായിരിക്കും. ആ സമയത്ത് കൂടെയുള്ളവരെയൊക്കെ കൂട്ടി ഓണമാഘോഷിക്കും.