ജെഎസ്‍കെ സെന്‍സര്‍ വിവാദത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രതികരണം

സുരേഷ് ഗോപി നായകനാവുന്ന മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് സിനിമാമേഖലയില്‍ നിന്നുള്ള വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജാനകി എന്ന പേര് മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ല എന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. എന്നാൽ എന്ത് കാരണത്താലാണ് പേരു മാറ്റേണ്ടത് എന്ന് ഇതുവരെ സെൻസർ ബോർഡ് കോടതിക്ക് പോലും കൃത്യമായി ഉത്തരം നൽകിയിട്ടില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനാവുന്ന രാവണപ്രഭു റീ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. റീ റിലീസിന് റീ സെന്‍സറിംഗ് വേണ്ടിയിരുന്നെങ്കില്‍ ചിത്രത്തില്‍ എന്തൊക്കെ തിരുത്തലുകള്‍ വരുമായിരുന്നുവെന്ന് പറഞ്ഞുള്ളതാണ് മനോജ് രാംസിംഗിന്‍റെ പരിഹാസ പോസ്റ്റ്.

“റീ റിലീസ് ചെയ്യാൻ റീ സെൻസർ വേണമെന്ന നിയമം ഇല്ലാത്തത് നന്നായി. മറിച്ചായിരുന്നെങ്കിൽ, നായികയുടെ പേര് ജാനകി എന്നത് മാറ്റി ജാൻസി ആക്കണം, ചിക്കാം ചിക്കാം സീതപെണ്ണേ ചിക് ചികാം എന്ന പാട്ട് കട്ട്‌ ചെയ്യണം, രാവണനെ പ്രഭുവാക്കുന്ന പേര് ഒഴിവാക്കണം തുടങ്ങി എന്തെല്ലാം നിബന്ധനകൾ ഉണ്ടായേനെ!”, മനോജ് രാംസിംഗ് കുറിച്ചു.

രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ എത്തിയ രാവണപ്രഭു 2001 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെയാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. മണിച്ചിത്രത്താഴ് അടക്കമുള്ള ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും ഡിജിറ്റല്‍ റിലീസിനായി പുതുക്കുന്നത്.

അതേസമയം സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചിത്രം ഹൈക്കോടതി ജഡ്ജിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജസ്റ്റിസ് നഗരേഷ് ആണ് കൊച്ചിയിലെ കളര്‍മാജിക് സ്റ്റു‍ഡിയോയില്‍ ശനിയാഴ്ച സിനിമ കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി നാളെ വീണ്ടും പരിഗണിക്കും. ഹൈക്കോടതിയില്‍ നിന്നുണ്ടാവുന്ന പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

Asianet News Live | Malayalam News | Kerala News | ഏഷ്യാനെറ്റ് ന്യൂസ്