മോഹന്‍ലാല്‍ വില്ലനോ? വില്ലനെ കുറിച്ച് ബി ഉണ്ണികൃഷ്‍ണന്‍റെ വെളിപ്പെടുത്തല്‍
'എല്ലാ നായകനിലും ഒരു വില്ലനുണ്ട്, എല്ലാ വില്ലനിലും ഒരു നായകനുണ്ട്' ബി ഉണ്ണികൃഷ്‍ണന്‍ സിനിമയായ വില്ലന്‍റെ ടാഗ് ലൈന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായി വില്ലന്‍ ഒക്ടോബര്‍ 27ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലനാണോ എന്ന ചോദ്യത്തിന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍റെ മറുപടി ത്രില്ലടിപ്പിക്കുന്നതാണ്.. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംവിധായകന്‍ സംസാരിക്കുന്നു. സി.വി സിനിയ നടത്തിയ അഭിമുഖം.
വില്ലന്‍റെ പ്രത്യേകത
ഞാനും മോഹന്‍ലാലും ചേര്‍ന്ന് ചെയ്യുന്ന നാലാമത്തെ സിനിമയാണ് വില്ലന്‍. വില്ലന്‍റെ കഥ ഒരു സാധ്യതയുള്ള സിനിമയാണ്. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. സിനിമയില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍പോലെ എല്ലാ നായകനിലും ഒരു വില്ലനുണ്ട്, എല്ലാ വില്ലനിലും ഒരു നായകനുണ്ട് ഇതില്‍ നിന്ന് തന്നെയാണ് ഈ കഥ രൂപപ്പെട്ട് വന്നത്. സാങ്കേതികമായി ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണിത്. എട്ട് കെ റസല്യൂഷനിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അത്രത്തോളം തെളിമയുള്ളതായിരിക്കും ചിത്രം.
വില്ലന്‍ മസാല സിനിമയല്ല
വില്ലന്‍ ഒരിക്കലും മസാല സിനിമയല്ല. മറ്റ് സിനിമകളില്‍ നിന്നു വ്യത്യസ്തമായി മലയാളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥയും പശ്ചാത്തലമാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സൂക്ഷ്മതയുള്ള ഗൗരവമേറിയ കഥയാണ്. കൃത്യമായ ചില നിലപാടുകളുള്ള ഒരു സിനിമയാണ് വില്ലന്‍. അതിനെ ആ രീതിയില്‍ തന്നെ കാണണം. എന്നാല്‍ അത് പൂര്‍ണമായും എന്‍റര്‍ടൈയിനര്‍ ത്രില്ലര്‍ സിനിമയാണ്. സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് കുറേകൂടി ആ തീമിയിലേക്ക് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വില്ലന്‍ എന്ന പേര് പോലെ മോഹന്‍ലാല്‍ വില്ലനാണോ?
മോഹന്‍ലാല്‍ വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ റോളാണ് കൈകാര്യം ചെയ്യുന്നത്. എല്ലാവരിലും നായകനും വില്ലനുമുണ്ട്. എല്ലാം കറുപ്പും വെളുപ്പുമായിട്ട് നമുക്ക് കാണാന്‍ കഴിയില്ല. ഇത് ഒരു കോമണ്‍ ഗ്രെയാണ് ഈ സിനിമ പറയുന്നത്. മോഹന്‍ലാല്‍ വില്ലനാണോയെന്നത് സിനിമയുടെ ടാഗ് ലൈന്‍ പോലെ തന്നെയാണ് നെഗറ്റീവും പോസറ്റീവൊക്കെ തീരുമാനിക്കുന്നത്.
ചിത്രത്തിന്‍റെ റിലീസ്
മലയാളം,തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും. രാജ്യത്തൊട്ടാകെ ഏകദേശം 1200 തിയേറ്ററുകളിലാണ് സിനിമ. മലയാളത്തില്‍ മാത്രം 300 തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
ഇടവേളയ്ക്ക് ശേഷമാണല്ലോ മോഹന്‍ലാലുമായി ഒന്നിക്കുന്നത്
ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തോളമെടുത്താണ് ഈ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തീകരിക്കുന്നത്. ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ പല കഥകളും വന്നിരുന്നു. അതില്‍ നിന്നാണ് വില്ലന്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്. ഒരു തയാറെടുപ്പോടുകൂടി ചെയ്ത സിനിമയാണിത്. അതുപോലെ എല്ലാതരത്തിലുമുള്ള തയാറെടുപ്പുകളും ആവശ്യപ്പെടുന്ന ഒരു സിനിമകൂടിയാണ് വില്ലന്‍.
വില്ലന്‍ ചിത്രീകരണം
നല്ല രീതില്‍ തന്നെ വില്ലന്‍റെ ചിത്രീകരണം നടന്നു. സംഘര്‍ഷങ്ങളില്ലാതെ തന്നെയാണ് പൂര്‍ത്തീകരിച്ചത്. ഞാന്‍ വളരെ ആസ്വദിച്ച് ചെയ്ത ചിത്രം കൂടിയാണിത്. തമിഴ് താരങ്ങളായ വിശാല്‍ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, ശ്രീകാന്ത്, മലയാളത്തിലെ മഞ്ജുവാര്യര്‍,രഞ്ജിപണിക്കര്‍ എന്നിങ്ങനെ വലിയ താരനിര തന്നെയായിരുന്നു ഈ സിനിമയിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ചിത്രീകരിക്കാന്‍ സാധിച്ചു. ഈ സിനിമയിലെ എല്ലാവരും വളരെ ആസ്വദിച്ചു തന്നെയാണ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാര്യരും, രഞ്ജിപണിക്കരൊക്കെ സുഹൃത്തുക്കളാണ് അതുകൊണ്ടു തന്നെ സിനിമാ ചിത്രീകരണത്തേക്കളുപരി ഒരു സൗഹൃദത്തോടെയാണ് സിനിമ മുന്നോട്ട് കൊണ്ടുപോയത്. മാത്രമല്ല ടെന്‍ഷനടിച്ച് ഷൂട്ട് ചെയ്യുന്ന ഒരാളല്ല ഞാന്‍ വളരെ റിലാക്‌സായാണ് ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ എന്‍റെ സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലായിരുന്നവെന്നതാണ് സത്യം.
മഞ്ജുവാര്യരും മോഹന്‍ലാലും ഒന്നിക്കുന്നത്
കുറേ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണിത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് മഞ്ജുവാര്യര്‍. ആ കഥാപാത്രം മഞ്ജുവാര്യര്‍ ചെയ്താല്‍ മാത്രമേ ശരിയാവൂ എന്നു തോന്നി. മാത്രമല്ല മോഹന്‍ലാലും മഞ്ജുവാര്യരും തമ്മിലുള്ള കെമസ്ട്രി എല്ലാ ചിത്രങ്ങളിലും പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണ്. ഈ ചിത്രത്തിലും അങ്ങനെയൊരു കെമ്‌സ്ട്രി ഗംഭീരമായിട്ടുണ്ട്.
സിനിമയില്‍ ഇനിയൊരു ഗ്യാപ് ഉണ്ടാകുമോ?
അടുത്ത ചിത്രം ഒന്നു രണ്ടെണ്ണം വന്നിട്ടുണ്ട്.. എന്നാല്‍ ഞാന്‍ അത് തീരുമാനിച്ചിട്ടില്ല. എന്തായാലും പെട്ടെന്ന് തന്നെ ഒരു ചിത്രം ചെയ്യില്ല. സമയമെടുത്ത് അതിന് വേണ്ടി നല്ലരീതിയിലുള്ള തയാറെടുപ്പുകള്‍ നടത്തിയ ശേഷമം മാത്രം സിനിമകള്‍ ചെയ്യാനാണ് തീരുമാനം. വില്ലന് ശേഷം ഒരു ബ്രേക്ക് ഉണ്ടാകും. അതിന് ശേഷം മാത്രമേ സംവിധാനത്തെ കുറിച്ച് ആലോചിക്കുകയുള്ളു. എന്നാല്‍ സിനിമാ രംഗത്ത് പലജോലികളിലുമായി സജീവമായി തന്നെ ഉണ്ടാകും. എന്‍റെ ഒരു പ്രൊഡക്ഷന്‍ കമ്പനിയുണ്ട്. അതില്‍ പുതിയ സിനിമകള്‍ വരുന്നുണ്ട്. 'സ്വാതന്ത്ര്യവും അര്‍ദ്ധരാത്രിയും' എന്ന സിനിമ ഒക്ടോബറില്‍ ഷൂട്ടിംഗ് തുടങ്ങും. സിനിമാ വിതരണ കമ്പനിയിലൂടെയും ഒട്ടേറെ സിനിമകള്‍ എത്തുന്നുണ്ട്. ഇങ്ങനെ എന്നും സിനിമയില്‍ ഉണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹവും.
സിനിമാ മേഖലയില്‍ ഒട്ടേറെ പുതിയ ആളുകളുണ്ട് അവരെ കുറിച്ച്
പുതിയ ആളുകള്‍ വരണം. പുതിയ സങ്കല്‍പ്പം വരണം, രീതി വരണം, ഭാഷ വരണം അപ്പോള്‍ മാത്രമേ സിനിമയ്ക്ക് ചലനം ഉണ്ടാവുകയുള്ളു. അത് മലയാളത്തില്‍ എന്നല്ല എല്ലാ സിനിമകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ പുതിയ ആളുകള്‍ സിനിമയിലേക്ക് വരുന്നത് നല്ല കാര്യം തന്നെയാണ്.