'ദിലീപിന് വേണ്ടി പ്രാര്‍ഥിച്ച മോഹന്‍ലാലിനോടായിരുന്നു എന്റെ പ്രതിഷേധം'; ദീപേഷ് പറയുന്നു
'ഫാന്‍സുകാരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. സിനിമയിലെ വലിയ താരങ്ങളൊക്കെ ഒരു ദിവസം ചിലവാക്കുന്നതിന്റെ നാലിലൊന്ന് തുക ഒരു മാസം ശമ്പളം വാങ്ങുന്ന ഒരാളോട് എന്തിനാണ് ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്?'
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ അലന്‍സിയര്‍, മുഖ്യാതിഥിയായി പങ്കെടുത്ത മോഹന്‍ലാലിനെതിരേ പ്രതിഷേധിച്ചു എന്ന വാര്‍ത്തയായിരുന്നു ഇത്തവണത്തെ അവാര്‍ഡ് വിതരണ ചടങ്ങിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായത്. വേദിയില്‍ പ്രസംഗിച്ച മോഹന്‍ലാലിന് നേര്‍ക്ക് അലന്‍സിയര്‍ തോക്ക് ചൂണ്ടുന്നതുപോലെ കൈയാംഗ്യം കാണിച്ചതാണ് ചില മാധ്യമങ്ങള്‍ പ്രതിഷേധമെന്ന് വായിച്ചെടുത്തത്. എന്നാല്‍ അതൊരു പ്രതിഷേധമായിരുന്നില്ലെന്നും ഒരു സുഹൃത്തിനോടുള്ള കേവല തമാശയായിരുന്നുവെന്നും അലന്‍സിയര്‍ പിന്നീട് വ്യക്തമാക്കി. അലന്‍സിയറിന്റെ തോക്ക് ചൂണ്ടലിനൊപ്പം മറ്റൊരു കലാകാരന്റെ, വേദിയിലെ പെരുമാറ്റവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹനായ ദീപേഷ്.ടിയാണ് വേദിയില്‍ മുഖ്യാതിഥിയായ മോഹന്‍ലാലിന്റെ സാന്നിധ്യത്തെ അവഗണിച്ചതിന്റെ പേരില്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച ദീപേഷ് തൊട്ടടുത്ത് നിന്ന മോഹന്‍ലാലിനെ ശ്രദ്ധിക്കാതെ പോരുകയായിരുന്നു. താരാരാധകര്‍ അടക്കമുള്ള ഒരു വിഭാഗം ഇതിന്റെ പേരില്‍ തനിക്കെതിരേ സൈബര്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ദീപേഷ് താന്‍ പ്രകടിപ്പിച്ചത് ഒരു നിലപാട് തന്നെയായിരുന്നെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. ഇക്കാര്യത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ദീപേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. അവാര്‍ഡ് വിതരണ ചടങ്ങിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് ദീപേഷ് സംസാരിക്കുന്നു..
അവാര്‍ഡ് വിതരണ ചടങ്ങിലെ പെരുമാറ്റം ഒരു നിലപാട് കൊണ്ട് ചെയ്തതാണെന്ന് ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു?
മുഖ്യാതിഥിയായിരുന്ന മോഹന്‍ലാലിനെ അഭിവാദ്യം ചെയ്തില്ല എന്നതാണല്ലോ ചര്‍ച്ചാവിഷയം. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുന്നവരോട് എനിക്ക് തിരിച്ചു ചോദിക്കാനുള്ളത് ഇതാണ്. നിങ്ങളുടെ വീട്ടില്‍ ഒരു കല്യാണത്തിന് എന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് വിചാരിക്കുക. അതുപ്രകാരം കല്യാണത്തില്‍ പങ്കെടുക്കാനെത്തിയാല്‍ നിങ്ങളോട് നന്നായി പെരുമാറി, ഭക്ഷണം കഴിച്ചുപോരണോ അതോ നിങ്ങള്‍ ക്ഷണിച്ച എല്ലാവര്‍ക്കും കൈ കൊടുക്കണോ? എന്നെ സംബന്ധിച്ച് നടക്കാത്ത കാര്യമാണ് അത്. കൈ കൊടുക്കാത്തതിരുന്നതിന്റെ കാരണം ഫേസ്ബുക്കില്‍ കുറിച്ചത് തന്നെയാണ്. സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്നവര്‍ക്കൊപ്പം സഹകരിക്കാനാവില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തോടുള്ള താരസംഘടനയുടെയും പ്രസിഡന്റായ മോഹന്‍ലാലിന്റെയും പ്രതികരണമാണോ ഈ നിലപാട് സ്വീകരിക്കാനുണ്ടായ കാരണം?
മോഹന്‍ലാല്‍ ഒരു ദൈവവിശ്വാസി ആണല്ലോ. അദ്ദേഹം തന്നെ പറയുന്നുണ്ട് താന്‍ ഒരു ദൈവവിശ്വാസിയാണെന്ന്. അങ്ങനെയുള്ള ഒരാളാണ് പ്രതിയായ ദിലീപിനുവേണ്ടി താന്‍ പ്രാര്‍ഥിക്കുന്നുവെന്ന് പറയുന്നത്. അതില്‍നിന്ന് വ്യക്തമല്ലേ അയാള്‍ എവിടെയാണ് നില്‍ക്കുന്നതെന്നും എന്താണ് നിലപാടെന്നും. ദിലീപിനെ ഒരിക്കലും ശിക്ഷിക്കാന്‍ പാടില്ലെന്ന് തന്നെയല്ലേ അതിലൂടെ അര്‍ഥമാക്കുന്നത്. ദൈവവിശ്വാസിയല്ലാത്ത ഒരാളാണ് അങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ തമാശയ്ക്കാണെന്നൊക്കെ വേണമെങ്കില്‍ നമുക്ക് പറയാമായിരുന്നു. പക്ഷേ ഇത് അങ്ങനെയല്ലല്ലോ.
മുഖ്യാതിഥി വേണ്ടെന്ന് പറഞ്ഞുള്ള നിവേദനത്തില്‍ ഒപ്പിട്ട 107 പേരില്‍ ഒരാള്‍ താങ്കളായിരുന്നു?
അതില്‍ മോഹന്‍ലാലിന്റെ കാര്യമൊന്നും ആയിരുന്നില്ല ഞങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ഒരു മുഖ്യാതിഥി ആവശ്യമില്ലെന്നും ദേശീയ അവാര്‍ഡ് വിതരണ രീതിയില്‍ ചടങ്ങ് നടത്തണമെന്നുമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പുരസ്‌കാര വിതരണത്തില്‍ മുഖ്യാതിഥി ആരാണെന്ന് അന്ന് തീരുമാനിച്ചിരുന്നില്ല. 2016ല്‍ ഇതേ അവാര്‍ഡ് ഞാന്‍ ഏറ്റുവാങ്ങുമ്പോള്‍ മോഹന്‍ലാല്‍ ആയിരുന്നു ആ വേദിയിലെ മുഖ്യാതിഥി. അന്ന് ഞാന്‍ മോഹന്‍ലാലിന് കൈ കൊടുക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. നെറ്റിലുണ്ടാവും ആ വീഡിയോ. ഞാന്‍ പറഞ്ഞുവരുന്നത് എന്താണെന്നുവച്ചാല്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയോട് നമുക്ക് പ്രശ്‌നമൊന്നുമില്ല. മറിച്ച് അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനോടാണ് പ്രശ്‌നം. പിന്നെ, അടച്ചിട്ട മുറിയിലായാലും ഒരു പൊതുവേദിയിലായാലും ഒരേ നിലപാട് എടുക്കുക എന്നതുതന്നെയാണ് എന്റെ രീതി.
അവാര്‍ഡ് വിതരണ ചടങ്ങില്‍ 'മോഹന്‍ലാലിന് കൈ കൊടുക്കാത്ത സംവിധായകന്‍' മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന് ദീപേഷ്?
മോഹന്‍ലാലിന് കൈകൊടുക്കാതിരുന്നത് ചര്‍ച്ചയായപ്പോള്‍ ആരാണിയാള്‍, പരിചയമില്ലല്ലോ എന്നൊക്കെ പറയുന്നവരുണ്ട്. ഞാന്‍ അഞ്ച് ഫീച്ചര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പിന്നെ മറ്റൊന്ന് ചോദിക്കട്ടെ, ഒരു സിനിമയും എടുക്കാത്തയാള്‍ക്കും ഒരു നിലപാട് എടുക്കാമല്ലോ.
സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കിയെന്ന് പറഞ്ഞല്ലോ?
സൈബര്‍ ആക്രമണം സംബന്ധിച്ച് ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് പരാതി കൊടുത്തത്. പരാതി അന്വേഷിക്കാമെന്ന് പറഞ്ഞ് ഡിജിപി തിരിച്ചും ഇമെയില്‍ അയച്ചിട്ടുണ്ട്. എന്നെയും അന്റെ കുടുംബത്തെയും സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറഞ്ഞവര്‍ക്കെതിരെയാണ് പരാതി കൊടുത്തിരിക്കുന്നത്. എന്റെ ഭാര്യ വനിതാ കമ്മിഷനിലും പരാതിപ്പെട്ടിട്ടുണ്ട്. അസഭ്യം പറഞ്ഞവരില്‍ ചിലര്‍ എന്റെ ഭാര്യയുടെ പേരും ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. നിന്റെ ഭാര്യ അങ്ങനെയല്ലേ, ഇങ്ങനെയല്ലേ എന്നൊക്കെയാണ് ചില കമന്റുകള്‍. ഇതിനേത്തുടര്‍ന്നാണ് ആ പരാതി.
സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സജിതാ മഠത്തിലും ഡോ: ബിജുവുമൊക്കെ അടുത്തിടെ തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ പൂട്ടിയിരുന്നു?
ഇങ്ങനെയാണെങ്കില്‍ നമുക്ക് ഒരു നിലപാടും പറയാന്‍ പറ്റില്ലല്ലോ. എന്റെ നിലപാടിനോട് വിയോജിക്കാനുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്. പക്ഷേ ആ വിയോജിപ്പൊക്കെ മാന്യമായല്ലേ സംസാരിക്കേണ്ടത്? ഒരാളെ കൂട്ടത്തോടെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നവര്‍ മറ്റൊരു ഇരയെ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്? സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ഞാന്‍ എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിയില്ല എന്ന് ചോദിച്ചാല്‍ അങ്ങനെ ചെയ്യേണ്ട എന്ന് ഞാന്‍ തീരുമാനിച്ചതുകൊണ്ടാണ്. പറയുന്നവര്‍ പറയട്ടെ, അതിനോട് ജനാധിപത്യപരമായ രീതിയില്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് കരുതുന്നത്. ഫാന്‍സുകാരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. സിനിമയിലെ വലിയ താരങ്ങളൊക്കെ ഒരു ദിവസം ചിലവാക്കുന്നതിന്റെ നാലിലൊന്ന് തുക ഒരു മാസം ശമ്പളം വാങ്ങുന്ന ഒരാളോട് എന്തിനാണ് ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്? മോഹന്‍ലാലിന് കൈ കൊടുത്തില്ലെങ്കില്‍ ഇവര്‍ക്ക് എന്താണ് കുഴപ്പം?
ഇത്തവണത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സ്വനം കൂടാതെ നാല് ഫീച്ചര്‍ സിനിമകളും ചെയ്തിട്ടുണ്ട് ദീപേഷ്.ടി. നഖരം, പിതാവിനും പുത്രനും, അങ്കുരം എന്നിങ്ങനെ. തന്നെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളുണ്ടാവുമ്പോഴും, അക്വേറിയം എന്ന പുതിയ ചിത്രത്തിന്റെ ആലോചനകളിലാണ് ദീപേഷ്. ഇരിട്ടിയില്‍ സ്‌കൂള്‍ അധ്യാപകനായ ദീപേഷ് താനൊരു സിനിമാ തൊഴിലാളിയല്ലെന്നും പറയുന്നു. "രണ്ട് മാസത്തെ വേനലവധിക്കാലത്ത് മാത്രം ചിത്രീകരണം എന്നതാണ് എന്റെ രീതി", അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നു.