ചങ്ങമ്പുഴയിലേക്ക് ഒഴുകിയെത്തിയ നവജിത്ത്
മാധവികുട്ടിയുടെ ജീവിതകഥ വെള്ളിത്തിരയില്‍ എത്തിച്ച ചിത്രമാണ് ആമി. തീയറ്ററില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചുപറ്റുകയാണ് ചിത്രം. ആമിയായി വിവിധ കാലങ്ങളിലെ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയ പ്രകടനം നടത്തിയ മഞ്ജുവിന് പുറമേ ഒരുകൂട്ടം അഭിനേതാക്കളും ചിത്രത്തില്‍ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. അതില്‍ ശ്രദ്ധേയമായ വേഷമാണ് ആമിയുടെ കുട്ടിക്കാലത്ത് നാലപ്പാട് തറവാട്ടില്‍ അതിഥിയായി എത്തുന്ന മലയാളത്തിന്‍റെ അനശ്വരനായ കവി ചങ്ങമ്പുഴയുടെ വേഷം. യുവ നടനായ നവജിത്ത് നാരായണനാണ് ഈ വേഷം ചെയ്തിരിക്കുന്നത് ഈ വേഷത്തെക്കുറിച്ച് നവജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുന്നു.
ചങ്ങമ്പുഴയിലേക്ക് ഒഴുകിയെത്തിയപ്പോള്‍
കമല്‍ സാറിന്‍റെ ഉട്ടോപ്യയിലെ രാജാവ് എന്ന വേഷത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ഈ ചിത്രത്തിലേക്ക് കമല്‍സാറ് വിളിക്കുന്നത്. എന്നാല്‍ കമല്‍ സാറിനെ കാണുവാന്‍ പോകുമ്പോള്‍ അത് ചങ്ങമ്പുഴയുടെ റോളാണ് എന്ന് അറിഞ്ഞിരുന്നില്ല. കമല്‍സാറിന്‍റെ അടുത്ത് ചെല്ലുമ്പോള്‍ നല്ല രീതിയില്‍ മുടി നീട്ടി വളര്‍ത്തിയിട്ടുണ്ടായിരുന്നു. ആദ്യം തന്നെ കമല്‍ സാര്‍ പറഞ്ഞു, മുടി മുറിക്കേണ്ടി വരും, റോളിനാണെങ്കില്‍ തലതന്നെ വെട്ടിതരാം എന്ന നിലപാടിലായിരുന്നു ഞാന്‍.
പാലക്കാട് ആയിരുന്നു ഷൂട്ടിംഗ് നടന്നത്. മേക്കപ്പ്മാന്‍ പട്ടണം റഷീദാണ് ചങ്ങമ്പുഴയിലേക്ക് മാറ്റുന്നത്. മേക്കപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഒന്ന് നോക്കി റഷീദേട്ടന്‍ പറഞ്ഞു, ഈ റോള്‍ നിനക്ക് ബ്രേക്ക് ആയിരിക്കും. നാലപ്പാട് നാരായണ മേനോന്‍, വള്ളത്തോള്‍, കുട്ടികൃഷ്ണ മാരാര്‍, ബാലമണിയമ്മ എന്നിങ്ങനെ ഒരു കാലത്തെ മഹാരഥന്മാരെ പുനസൃഷ്ടിക്കുന്ന ഒരു രംഗമാണ് ചിത്രീകരിച്ചത്.
ഇത് ഒരു ചരിത്ര നിമിഷമാണെന്ന് കമല്‍ സാര്‍ തന്നെ ആഹ്ളാദം പങ്കുവയ്ക്കുന്നത് കണ്ടപ്പോഴാണ് ചെറുതാണെങ്കിലും ചെയ്യുന്ന വേഷത്തിന്‍റെ വലിപ്പം മനസിലാക്കുവാന്‍ സാധിച്ചത്. മറ്റൊരു രീതിയില്‍ ഒരു തീയറ്റര്‍ ആര്‍ടിസ്റ്റായും, സിനിമയിലെ കൊച്ചുവേഷങ്ങളിലും എന്നെ അറിയുന്നവരുടെ കണ്ണില്‍ നിന്ന് പൂര്‍ണ്ണമായി മറ്റൊരു വ്യക്തിയാകുകയായിരുന്നു ആ രംഗത്ത്.
നവജിത്തിന്‍റെ സിനിമ ജീവിതം
എന്ന് നിന്‍റെ മൊയ്തീന്‍, ഉട്ടോപ്യയിലെ രാജാവ് ഇപ്പോള്‍ ആമി ഇങ്ങനെ ചില ചിത്രങ്ങളുടെ ഭാഗമാകുവാന്‍ സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തിലാണ് അടുത്തതായി അഭിനയിക്കാനിരിക്കുന്നത്. ഒപ്പം മറ്റ് രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. പോരാട്ടം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് ചെയ്യുന്നത്. കൊച്ചി പനമ്പള്ളി നഗറിലെ ഡാന്‍സ് സിറ്റിയില്‍ ആക്ടിങ്ങ് ട്രെയിനറായി ജോലി ചെയ്യുന്ന നവജിത്തിന്‍റെ ലക്ഷ്യവും ആഗ്രഹവും സിനിമ തന്നെയാണ്. അതിലേക്കുള്ള വലിയൊരു വഴിത്തിരിവാണ് ചങ്ങമ്പുഴയുടെ റോള്‍ എന്ന് നവജിത്ത് കരുതുന്നു.