റേച്ചലിന്റെ വിലാപങ്ങള്‍ക്ക് അപ്പുറം..

Brett Michael Innes

Brett Michael Innes

* ഫിലിം സ്കൂളില്‍ നിന്നാണ് താങ്കള്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.  പക്ഷേ സാഹിത്യകാരനായിട്ടാണ്. പിന്നീട് കാണുന്നത്, ആദ്യം ശ്രദ്ധേയനാകുന്നത്. ഫിലിം മേക്കറില്‍ നിന്ന് സാഹിത്യകാരനിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

രണ്ടും വിഭിന്ന ലോകങ്ങളാണ്. പക്ഷേ അവ സിങ്ക് എന്ന സിനിമയുടെ മുന്നോട്ടുപോക്കില്‍ ഏറെ നിര്‍ണായകവുമായിരുന്നു. പ്രൊഡക്ഷനെ കുറിച്ചുള്ള പഠനം ഈ വ്യവസായത്തിന്റെ വാണിജ്യവശം എന്നെ പഠിപ്പിച്ചു. സിനിമയുടെ ഉള്ളടക്കം സ്വയം സൃഷ്ടിക്കാന്‍ കഴിയുമെന്നും, അതിനു പണം നല്‍കി മറ്റുള്ളവരെ അതു ആശ്രയിക്കേണ്ടതില്ലെന്നുമുള്ള പ്രാപ്‍തി നല്‍കിയത് എന്റെ എഴുത്താണ്. ഇവ രണ്ടിലും സര്‍ഗാത്മകമായ  ഭാഗത്തിനാണു ഞാന്‍ പ്രാധാന്യം നല്‍കുന്നതെങ്കിലും, അതിനു ജീവന്‍ നല്‍കണമെങ്കില്‍ വാണിജ്യവശം കൂടി പരിഗണിക്കേണ്ടതുണ്ട്.

* താങ്കള്‍ ഒരു എഴുത്തുകാരനാണോ അതോ സംവിധായകനാണോ? എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

ഈ നിമിഷത്തില്‍ നോക്കിയാല്‍ എന്റെ പരിചയം ഏറെയും എഴുത്തുകാരനെന്ന നിലയ്‍ക്കാണ്. എങ്കിലും, എഴുത്തും സംവിധാനവും  എന്നെ സംബന്ധിച്ച് ഇഴചേര്‍ന്നു കിടക്കുന്ന പ്രക്രിയയാണ്.

* പഠനശേഷം കുറച്ചുകാലം ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അംഗോളയിലെ ഭക്ഷണവിതരണ ക്യാമ്പുകളിലെയും യുദ്ധമേഖലകളിലേയും വീഡിയോ വര്‍ക്കുകളടക്കം താങ്കളുടേതായിട്ടുണ്ട്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ താങ്കളുടെ കലാജീവിതത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ­?

മൂന്നാം ലോക രാജ്യങ്ങളിലെ സാഹചര്യങ്ങളായിരുന്നു ഒരു ഡോക്യുമെന്ററി ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നത്. അതു വ്യക്തിപരമായാലും കലാപരമായാലും. സിങ്ക് എന്ന സിനിമയ്‍ക്ക് എനിക്കു പ്രേരകശക്തിയായതും ഇതാണ്. ഏറെ സങ്കീര്‍ണമായ ചില സാഹചര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നെല്ലാം മാറി നടക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.

Brett Michael Innes

* സിനിമ എന്ന കലാരൂപത്തോടുള്ള താങ്കളുടെ സമീപനം എങ്ങനെയാണ്? സാമൂഹ്യമാറ്റത്തിനുള്ള മാധ്യമം എന്ന നിലയിലാണോ? ഡോക്യുമെന്ററി മേഖലകളിലേയും താങ്കളുടെ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് ചോദ്യം?

നല്ല സിനിമ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പക്ഷേ വില്‍പ്പനയ്‍ക്കായി കൊണ്ടുവരുന്ന സന്ദേശങ്ങളും ആശയങ്ങളുംഎന്നെ സംബന്ധിച്ച് വിരസതയും അലോസരവുമുണ്ടാക്കുന്നതാണ്. കഥാപാത്രം മുന്നോട്ടുവയ്‍ക്കുന്ന ചോദ്യങ്ങളും സാഹചര്യങ്ങളും അഭിനേതാവ് കൃത്യമായി അവതരിപ്പിക്കുമ്പോള്‍ അതില്‍നിന്നു പ്രതിഫലിക്കുന്ന സന്ദേശത്തിനൊപ്പം കാഴ്‍ചക്കാരനും മനസ് പാകപ്പെടുത്തും. അപ്പോഴാണ് അതു നല്ല സിനിമയാകുന്നത്. എന്റെ നിലപാട് ഇതാണ് – സ്വന്തം അനുഭവങ്ങള്‍ അവതരിപ്പിക്കുക,
അതില്‍ ശരിയും തെറ്റും നിര്‍വചിക്കേണ്ടതില്ല.

Brett Michael Innes

* നഷ്ടം, ദു:ഖം, ക്ഷമ - മൂന്നു കഥാപാത്രങ്ങളിലൂടെ. ഇങ്ങനെയാണ് താങ്കള്‍ സിങ്കിനെ ഒറ്റവാക്കില്‍ പരിചയപ്പെടുത്തുന്നത്. വിശദമാക്കാമോ?

ഒരു വലിയ ദുരന്തം, മൂന്നു വ്യത്യസ്‍ത ആളുകളെ വ്യത്യസ്‍തവും സങ്കീര്‍ണവുമായ മൂന്നു വഴികളിലൂടെ എങ്ങനെ ബാധിക്കുന്നുവെന്നു പറയുന്നതാണ് സിങ്ക് എന്ന ചിത്രം. ജീവിതത്തില്‍ അപരന്റെ പ്രശ‍്നങ്ങളെകൂടി കാണുന്നതിനു പ്രോത്സാഹനം നല്‍കാനുള്ള ഒരു ശ്രമമാണിത്. ജീവിതം വ്യത്യസ്‍ത തരത്തിലാണ് ഓരോരുത്തര്‍ക്കും അനുഭവപ്പെടുന്നതെങ്കിലും കാര്യങ്ങള്‍ പരസ്‍പരം പങ്കുവയ്‍ക്കാന്‍  ശ്രമിക്കുന്നത് മനുഷ്യ സ്വാഭാവമാണ്.

* താങ്കളുടേതന്നെ റേച്ചലിന്റെ വിലാപം എന്ന നോവലിന്റെ സിനിമാവിഷ്കാരം ആണ് സിങ്ക്. സാഹിത്യകൃതികള്‍ സിനിമയാകുമ്പോള്‍ അത് താരതമ്യം ചെയ്യപ്പെടാറുണ്ട്. താങ്കള്‍ക്ക് ഇത്തരം താരതമ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ?

രണ്ടും തമ്മില്‍ ഒത്തുനോക്കുന്നതു സ്വാഭാവികമാണ്. രണ്ടും തമ്മില്‍ വലിയ വ്യത്യസ്‍തതകളില്ല. സിനിമ യുക്തിക്ക് അപ്പുറം നില്‍ക്കുന്നതാണ്. എന്നാല്‍, പുസ്‍തകം കഥാപാത്രങ്ങളുടെ ചിന്താ ജീവിതത്തെ തുറന്നുകാട്ടുന്നതാണ്.. അതു പക്ഷേ സിനിമയ്‍ക്കാകണമെന്നില്ല. ഞാന്‍ നോവലും തിരക്കഥയും എഴുതിയതും അവ രണ്ടും ഗതിമാറി നീങ്ങും എന്നു കണ്ടുകൊണ്ടുതന്നെയാണ്. എന്നെ സംബന്ധിച്ച് അവ പരസ്പരം സ്വഭാവവിപുലീകരണം നടത്തുന്നവയാണ്.

Brett Michael Innes

* സമകാലീന ദക്ഷിണാഫ്രിക്കന്‍ സിനിമകളെ കുറിച്ച്?

സമകാനീല ദക്ഷിണാഫ്രിക്കന്‍ സിനിമ അതിന്റെ ആവേശോജ്വല ഘട്ടിത്തിലാണിപ്പോള്‍. നിരവധി സിനിമകള്‍ ഉണ്ടാകുന്നു. പുതുമയുള്ളതും സാഹസികവുമായ കഥകള്‍ പറയാന്‍ പുതുതലമുറ രംഗത്തേക്കെത്തുന്നു. വിവിധ കലാരൂപങ്ങളെക്കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചുമൊക്കെയുള്ള സിനിമകള്‍ വരുന്നു. വിപണിമാന്ദ്യവും ഡിജിറ്റല്‍ മീഡിയയ്‍ക്കനുസൃതമായി സിനിമ ഒതുങ്ങുന്നതുമാണ് ഇപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ സിനിമ മേഖല നേരിടുന്ന വെല്ലുവിളികള്‍.

Brett Michael Innes

* ഇന്ത്യന്‍ സിനിമകള്‍ കണ്ടിട്ടുണ്ടോ? എന്താണ് അഭിപ്രായം?

ഇന്ത്യന്‍ സിനിമയെക്കുറിച്ച് കുറച്ചു കാര്യങ്ങളേ എനിക്ക് അറിയൂ. മണ്‍സൂണ്‍ വെഡ്ഡിങ് എന്ന സിനിമയും മീരാ നായരുടെ സംവിധാന ശൈലിയും എനിക്കു വലിയ പ്രചോദനം നല്‍കിയിട്ടുണ്ട്. ശൈലീപരമായി എനിക്ക് ബോളിവുഡ് പരിചിതമാണ്. ഇന്ത്യന്‍ സിനിമയുടെ മറ്റു വിഭാഗങ്ങളെക്കുറിച്ചും കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Brett Michael Innes

Latest Videos
Follow Us:
Download App:
  • android
  • ios