ഇങ്ങനെയുണ്ടോ മത്സരം! ഒരേ ദിവസം റിലീസ്, കളക്ഷനില്‍ അമ്പരപ്പിക്കുന്ന സമാനതയുമായി ക്യാപ്റ്റന്‍ മില്ലറും അയലാനും
ഒരു ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യമാക്കി ഒരേ ദിവസം തിയറ്ററുകളിലെത്തിയ ചിത്രങ്ങള്‍
തമിഴ് സിനിമയുടെ പ്രധാന സീസണുകളിലൊന്നാണ് പൊങ്കല്‍. വിജയ്, രജനികാന്ത് അടക്കമുള്ള ഒന്നാം നിര താരങ്ങള്‍ ഇത്തവണത്തെ പൊങ്കലിന് ഇല്ലായിരുന്നുവെങ്കിലും തിയറ്റര്‍ നിറയ്ക്കാനുള്ള ചിത്രങ്ങള്‍ ഇക്കുറിയും എത്തിയിരുന്നു. ധനുഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയനെ നായകനാക്കി ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം അയലാനുമായിരുന്നു അക്കൂട്ടത്തിലെ പ്രധാന റിലീസുകള്‍. കളക്ഷനില്‍ ഒപ്പത്തിനൊപ്പമാണ് ഇരുചിത്രങ്ങളും.
ഒരു ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യമാക്കി ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന രണ്ട് ചിത്രങ്ങള്‍ ഒരേ തരത്തില്‍ കളക്റ്റ് ചെയ്യുന്നത് അപൂര്‍വ്വമാണ്. അതാണ് അയലാന്‍റെയും ക്യാപ്റ്റന്‍ മില്ലറിന്‍റെയും കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ജനുവരി 12 ന് ആയിരുന്നു ഇരുചിത്രങ്ങളുടെയും റിലീസ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷന്‍ എടുക്കുമ്പോള്‍ വെറും നാലര കോടിയുടെ വ്യത്യാസം മാത്രമാണ് ഇരു ചിത്രങ്ങള്‍ക്കുമിടയില്‍ നിലവില്‍ ഉള്ളത്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ക്യാപ്റ്റന്‍ മില്ലര്‍ ഇതുവരെ നേടിയിരിക്കുന്നത് 61 കോടിയാണ്. അയലാന്‍ 65 കോടിയും. അതേസമയം വിവിധ മാര്‍ക്കറ്റുകളില്‍ ഇരു ചിത്രങ്ങളുടെയും കളക്ഷന്‍ തമ്മില്‍ വലിയ മാര്‍ജിന്‍റെ വ്യത്യാസവുമുണ്ട്. ഉദാഹരണത്തിന് കേരളത്തില്‍ മുന്നില്‍ ക്യാപ്റ്റന്‍ മില്ലര്‍ ആണ്. ധനുഷ് ചിത്രം ഇവിടെനിന്ന് 3 കോടി കളക്റ്റ് ചെയ്തപ്പോള്‍ അയലാന് നേടാനായത് 75 ലക്ഷം മാത്രമാണ്. എന്നാല്‍ തമിഴ്നാട്ടില്‍ അയലാന്‍ ആണ് മുന്നില്‍. ശിവകാര്‍ത്തികേയന്‍ ചിത്രം 46 കോടി നേടിയപ്പോള്‍ ക്യാപ്റ്റന്‍ മില്ലറിന് 34.25 കോടി മാത്രമേ നേടാനായുള്ളൂ.
ALSO READ : ആരാണ് ഹനുമാനെ അവതരിപ്പിക്കുന്ന ആ സൂപ്പര്‍താരം? 'ജയ് ഹനുമാനി'ല്‍ സര്‍പ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം