അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ കുതിപ്പ്; റിലീസ്‍ദിന കളക്ഷനില്‍ 'പഠാനെ' മറികടക്കുമോ 'ജവാന്‍'?
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍
തകര്‍ച്ചയുടെ ഘട്ടത്തില്‍ ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ഇന്‍ഡസ്ട്രിയുടെ തിരിച്ചുവരവിനൊപ്പം തുടര്‍പരാജയങ്ങളെ തുടര്‍ന്ന് കരിയറില്‍ ഇടവേളയെടുത്ത് മാറിനിന്ന കിംഗ് ഖാന്‍റെയും തിരിച്ചുവരവായി മാറി ചിത്രം. തിയറ്ററുകളിലേക്ക് കാര്യമായി ആളെ കയറ്റുന്ന ഒരു ചിത്രം ഗദര്‍ 2 ലൂടെ മാത്രമാണ് പിന്നീട് സംഭവിച്ചത്. അതേസമയം കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലത് തിരുത്തിയ പഠാന് ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന അടുത്ത ചിത്രം റിലീസിന് ഒരുങ്ങിയതിന്‍റെ ആവേശത്തിലാണ് ഹിന്ദി സിനിമാപ്രേമികള്‍.
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയറ്ററുകളിലെത്തുന്നത് സെപ്റ്റംബര്‍ 7 ന് ആണ്. പഠാന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയില്‍ നേടിയ പ്രീ റിലീസ് ഹൈപ്പിന്‍റെ വലിപ്പം അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നിക്കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകള്‍ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 4700 ടിക്കറ്റുകളും. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 8.98 കോടിയാണ് നേടിയിരിക്കുന്നതെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ചെയിനുകളിലും സിംഗിള്‍ സ്ക്രീനുകളിലും ഒരേ തരത്തിലുള്ള ആവേശം സൃഷ്ടിച്ചിട്ടുണ്ട് ചിത്രം.
ആദ്യ ദിനത്തിലെ ബുക്കിംഗില്‍ ചിത്രം പഠാനെ മറികടന്നതായും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. റിലീസിന് ഇനിയും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇനിയും ഏറെ നേട്ടമുണ്ടാക്കും. അതേസമയം ആദ്യദിന കളക്ഷനിലും പഠാനെ ചിത്രം മറികടക്കുമോയെന്ന ചര്‍ച്ചകളും ട്രാക്കര്‍മാരിലും സിനിമാപ്രേമികള്‍ക്കിടയിലും പുരോഗമിക്കുന്നുണ്ട്. 55 കോടിയാണ് പഠാന്‍ റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് നേടിയത്. ആദ്യദിനം മാത്രമല്ല ആദ്യ അഞ്ചില്‍ നാല് ദിനങ്ങളിലും ചിത്രം 50 കോടിക്ക് മുകളിലാണ് നേടിയത്.
പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം ഒരിക്കല്‍ക്കൂടി ഷാരൂഖ് ഖാന്‍റെ താരമൂല്യം ബോക്സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിക്കുന്നത് കാണാനാവും. ആഗോള ബോക്സ് ഓഫീസില്‍ 1050 കോടിക്ക് മുകളില്‍ ലൈഫ്ടൈം ഗ്രോസ് ആയിരുന്നു പഠാന്‍റെ സമ്പാദ്യം. അതേസമയം ഗദര്‍ 2 ഇപ്പോഴും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയോടെ തുടരുന്നതിനാല്‍ ജവാന് പോസിറ്റീവ് വന്നാല്‍ ബോളിവുഡ് വ്യവസായത്തിന് വലിയ കുതിപ്പാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക