2 ദിവസത്തിനകം ഒടിടിയില്‍; പൊങ്കല്‍ സീസണില്‍ ഒന്നാമനാര്? ക്യാപ്റ്റന്‍ മില്ലറും അയലാനും 24 ദിവസം കൊണ്ട് നേടിയത്
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിയറ്ററുകള്‍ക്ക് വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കാനാവാതെപോയ പൊങ്കല്‍
തമിഴ് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സീസണുകളില്‍ ഒന്നാണ് പൊങ്കല്‍. മുന്‍നിര സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ സാധാരണമായ പൊങ്കല്‍ സീസണില്‍ പക്ഷേ ഇക്കുറി അങ്ങനെ സംഭവിച്ചില്ല. അതിനര്‍ഥം പ്രധാന റിലീസുകള്‍ ഉണ്ടായില്ലെന്നല്ല. ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലറും ശിവകാര്‍ത്തികേയന്‍റെ അയലാനുമായിരുന്നു തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ഇത്തവണ പൊങ്കല്‍ കൊണ്ടുവന്നത്. ഒരേ ദിവസമായിരുന്നു ഇരു ചിത്രങ്ങളുടെയും തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ ഒരേ ദിവസം തന്നെ രണ്ട് ചിത്രങ്ങളും ഒടിടിയിലേക്കും എത്താന്‍ പോവുകയാണ്. ഈ പൊങ്കല്‍ സീസണ്‍ തിയറ്ററുകള്‍ക്ക് ഗുണകരമായോ? കണക്കുകള്‍ പരിശോധിക്കാം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിയറ്ററുകള്‍ക്ക് വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കാനാവാതെപോയ പൊങ്കല്‍ ആയിരുന്നു ഇത്തവണത്തേത്. അതേസമയം രണ്ട് ചിത്രങ്ങളും കളക്റ്റ് ചെയ്തില്ല എന്നല്ല. മറിച്ച് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളൊന്നും സംഭവിച്ചില്ല. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ മില്ലര്‍ എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത അയലാന്‍ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ജനുവരി 12 ന് ആയിരുന്നു ഇരു ചിത്രങ്ങളുടെയും തിയറ്റര്‍ റിലീസ്. രണ്ട് ചിത്രങ്ങളുടെയും ഒടിടി റിലീസും ഒരേ ദിവസമാണ്. ഫെബ്രുവരി 9 ന്.
ക്യാപ്റ്റന്‍ മില്ലര്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും അയലാന്‍ സണ്‍ നെക്സ്റ്റിലൂടെയുമാണ് എത്തുക. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ 24 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ എത്രയെന്ന കണക്കുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക്. വിവിധ മാര്‍ക്കറ്റുകളില്‍ വേറിട്ട തരത്തിലുള്ള സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. എങ്കിലും മൊത്തത്തിലുള്ള ആഗോള കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ക്യാപ്റ്റന്‍ മില്ലറെക്കാളും കളക്റ്റ് ചെയ്തിരിക്കുന്നത് അയലാന്‍ ആണ്. ക്യാപ്റ്റന്‍ മില്ലറുടെ ആഗോള കളക്ഷന്‍ 68.75 കോടിയാണെങ്കില്‍ അയലാന്‍ നേടിയിരിക്കുന്നത് 75.5 കോടിയാണ്.
അതേസമയം തമിഴ്നാട്ടിലെ തിയറ്റര്‍ വ്യവസായം പ്രതിസന്ധി നേരിടുകയാണന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു മാസത്തിനിപ്പുറം ചിത്രങ്ങള്‍ ഒടിടിയില്‍ കാണാവുന്ന സാഹചര്യം കാണികളെ തിയറ്ററില്‍ നിന്ന് അകറ്റുന്നുണ്ടെന്നും പ്രവര്‍ത്തിദിനങ്ങളിലെ നൂണ്‍, മാറ്റിനി ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്നുണ്ടെന്നും ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അഭിപ്രായപ്പെട്ടിരുന്നു.
ALSO READ : 30 വര്‍ഷങ്ങള്‍ക്ക് ശേഷം 'മണിച്ചിത്രത്താഴ്' ടീം വീണ്ടും; പുതിയ സിനിമയുമായി ഫാസില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം