ഫാസ്റ്റ്, ഫാസ്റ്റർ, ഫാസ്റ്റസ്റ്റ്; 50 കോടി ക്ലബ്ബിലേക്ക് അതിവേഗം ആര്? പ്രേമയുഗം ബോയ്‍സിന്‍റെ തേരോട്ടം
14 ദിവസത്തിനിടെയാണ് മൂന്ന് ചിത്രങ്ങള്‍ ഇറങ്ങിയത്
വെറും രണ്ടാഴ്ചയ്ക്കിടയില്‍ ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകള്‍. അവതരണത്തില്‍ വ്യത്യസ്തതയുമായി എത്തിയ അവ മൂന്നിനും ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷകപ്രതികരണം ലഭിക്കുക, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം സ്വീകരിക്കപ്പെടുക, മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ നേടുക. ഏത് ഫിലിം ഇന്‍ഡസ്ട്രിയെ സംബന്ധിച്ചും കൊതിപ്പിക്കുന്ന ഈ നേട്ടം ഇപ്പോള്‍ മലയാളത്തിന് സ്വന്തമാണ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് അവ.
പ്രേമലുവാണ് ഇക്കൂട്ടത്തില്‍ ആദ്യമെത്തിയത്. ഫെബ്രുവരി 9 ന്. തൊട്ടുപിന്നാലെ ഫെബ്രുവരി 15 ന് ഭ്രമയുഗവും 22 ന് മഞ്ഞുമ്മല്‍ ബോയ്സും എത്തി. കേരളത്തിന് പുറത്ത് മറുഭാഷാ സിനിമാപ്രേമികളുടെയും ശ്രദ്ധ നേടി ഈ മൂന്ന് ചിത്രങ്ങളും. മൂന്ന് സിനിമകളും 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ആ ബോക്സ് ഓഫീസ് നാഴികക്കല്ലിലേക്ക് ഓരോ ചിത്രവും എത്താന്‍ എടുത്ത സമയം എത്രയെന്ന് നോക്കാം.
ആദ്യമെത്തിയ പ്രേമലു 12 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ എത്തിയത്. ആറാം ദിവസം എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം 10 ദിവസം കൊണ്ട് ഈ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഇതിനേക്കാളൊക്കെ വേഗത്തിലായിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന്‍റെ കുതിപ്പ്. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ എത്താന്‍ മഞ്ഞുമ്മല്‍ ബോയ്സ് എടുത്തത് വെറും ഏഴ് ദിവസമാണ്. ഹൈദരാബാദ് പ്രധാന പശ്ചാത്തലമാക്കുന്ന പ്രേമലുവിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തും. അതേസമയം മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ജനപ്രീതിയാണ് നേടുന്നത്. കൊടൈക്കനാല്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസന്‍റെ 1991 ചിത്രം ഗുണയുടെ ചില റെഫറന്‍സുകളുമുണ്ട്. ചിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെയാണ് അവ കടന്നുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം