മുന്നില്‍ ഒരേയൊരു ചിത്രം മാത്രം; കോളിവുഡിന്‍റെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്ക് 'വിക്രം'

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രം നേടിയ ആഗോള ഗ്രോസ്

vikram final box office kamal haasan lokesh kanagaraj fahadh faasil

തമിഴ് സിനിമയില്‍ പുതുതലമുറ താരങ്ങള്‍ പലര്‍ വന്നിട്ടും പ്രേക്ഷക മനസ്സുകളില്‍ കമല്‍ ഹാസനുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ തമിഴ് സിനിമാപ്രേമികളായ പുതുതലമുറക്കാരുടെ സജീവ ചര്‍ച്ചകളിലും എപ്പോഴും കമല്‍ ഹാസനുണ്ട്. അത് വിക്രത്തിനു മുന്‍പും അങ്ങനെ തന്നെയാണ്. കമല്‍ ഹാസന്‍ സ്വന്തം പ്രഭാവം അനുഭവിപ്പിച്ച ഒരു ചിത്രം തിയറ്ററുകളില്‍ കാണാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍ വരെ ആ ആരാധക സംഘത്തിലുണ്ട്. അന്‍പേ ശിവവും ഹേ റാമും ഇന്ത്യനും വിരുമാണ്ടിയുമൊക്കെ ടെലിവിഷനിലൂടെയും ഇപ്പോള്‍ ഒടിടിയിലൂടെയും കണ്ട യുവതലമുറ. തങ്ങളുടെ എവര്‍ഗ്രീന്‍ ഹീറോയെ അവര്‍ക്കുകൂടി ആഘോഷിക്കാന്‍ സാധിച്ചു എന്നതാണ് ലോകേഷ് കനകരാജ് വിക്രത്തിലൂടെ നേടിയെടുത്ത വിജയം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് 432 കോടിയാണെന്ന് സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 196.5 കോടിയാണ്. തമിഴ്നാട്ടില്‍ നിന്നാണ് ചിത്രത്തിന്‍റെ നേട്ടത്തില്‍ സിംഹഭാഗവും. 181.5 കോടിയാണ് അവിടുത്തെ ഗ്രോസ്. 91 കോടി ഷെയറും. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 42.5 കോടിയും കേരളത്തില്‍ നിന്ന് 40.5 കോടിയുമാണ് ചിത്രം നേടിയത്. 16 കോടിയാണ് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍. ഈ തിളക്കമാര്‍ന്ന വിജയത്തോടെ കോളിവുഡ് ബോക്സ് ഓഫീസിന്‍റെ ചരിത്രത്തിലേക്കും കമല്‍ ഹാസന്‍ ചിത്രം നടന്നുകയറി. തമിഴിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് ആണ് വിക്രം. ഷങ്കറിന്‍റെ കമല്‍ ഹാസന്‍ ചിത്രം 2 പോയിന്‍റ് സീറോ മാത്രമാണ് മുന്നിലുള്ളത്.

കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.

ALSO READ : ആന്‍ അഗസ്റ്റിന്‍റെ തിരിച്ചുവരവ്; 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

Latest Videos
Follow Us:
Download App:
  • android
  • ios