രജനിയെയും വിജയ്‍യെയും പിന്നിലാക്കി കമല്‍; ഗള്‍ഫ് കളക്ഷനില്‍ എക്കാലത്തെയും ഒന്നാമത്തെ ചിത്രമായി വിക്രം
തമിഴ്നാട് കഴിഞ്ഞാല്‍ ചിത്രത്തിന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ചത് കേരളത്തിലാണ്
ഇന്ത്യന്‍ സിനിമയിലെതന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് കമല്‍ ഹാസനെ (Kamal Haasan) ടൈറ്റില്‍ കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത വിക്രം (Vikram). കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ അണിനിരന്ന ചിത്രം റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി എഴുതിച്ചേര്‍ത്തിരിക്കുകയാണ് വിക്രം.
ഗള്‍ഫ് കളക്ഷന്‍ സംബന്ധിച്ചാണ് അത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയര്‍ന്ന കളക്ഷനാണ് കമല്‍ ഹാസന്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 4.35 മില്യണ്‍ ഡോളര്‍ (33.9 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. രജനീകാന്ത് നായകനായ ഷങ്കര്‍ ചിത്രം 2.0 യെയാണ് വിക്രം പിന്നിലാക്കിയത്. 4.31 മില്യണ്‍ ഡോളര്‍ ആണ് 2.0യുടെ ആജീവനാന്ത ഗള്‍ഫ് ബോക്സ് ഓഫീസ്. കബാലി (3.2 മില്യണ്‍), ബിഗില്‍ (2.7 മില്യണ്‍), മാസ്റ്റര്‍ (2.53 മില്യണ്‍) എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങള്‍.
തമിഴ്നാട് കഴിഞ്ഞാല്‍ ചിത്രത്തിന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ചത് കേരളത്തിലാണ്. ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി സംവിധായകന്‍ ലോകേഷ് കനകരാജും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ഇന്നലെ കേരളത്തില്‍ എത്തിയിരുന്നു. ചിത്രത്തിന് കേരളത്തില്‍ ഏറ്റവുമധികം ഗ്രോസ് ലഭിച്ച സിംഗിള്‍ സ്ക്രീന്‍ തിയറ്ററായ തൃശൂര്‍ രാഗവും ഇരുവരും സന്ദര്‍ശിച്ചിരുന്നു.
ALSO READ : മമ്മൂട്ടിയുടെയും ലാൽ മീഡിയയുടെയും പേരിൽ തട്ടിപ്പ്