ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം

തമിഴിലെ സൂപ്പര്‍താര ചിത്രങ്ങളില്‍ മിക്കതും ഇന്ന് ഒരേ സമയത്ത് തെലുങ്ക് പതിപ്പായും പുറത്തിറങ്ങാറുണ്ട്. അതില്‍ ചിലത് മികച്ച പ്രതികരണം നേടാറുള്ളപ്പോള്‍ മറ്റ് ചിലത് പ്രേക്ഷകരിലും ബോക്സ് ഓഫീസിലും സ്വാധീനമൊന്നും ഉണ്ടാക്കാതെ പോവാറുണ്ട്. രണ്ടാമത്തെ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് അജിത്ത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചി. പട്ടുദല എന്ന പേരിലാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് എത്തിയത്. തമിഴ് പതിപ്പ് എത്തിയ അതേദിവസം തന്നെയാണ് തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനമായ വ്യാഴാഴ്ച 50 ലക്ഷമാണ് ചിത്രം നേടിയത്. വെള്ളിയാഴ്ച ഇത് 40 ലക്ഷമായും ശനിയാഴ്ച 30 ലക്ഷമായും കുറഞ്ഞു. ഞായറാഴ്ച അതിലും കുറവാണ് ചിത്രം നേടിയത്. വെറും 19 ലക്ഷമാണ് പട്ടുദല ഞായറാഴ്ച നേടിയത്. അങ്ങനെ ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ചിത്രം ആകെ നേടിയിരിക്കുന്നത് 1.39 കോടിയാണെന്ന് സാക്നില്‍ക് പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. നിര്‍മ്മാതാക്കളെയും വിതരണക്കാരെയും നിരാശപ്പെടുത്തുന്ന കണക്കുകളാണ് ഇത്.

മ​ഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ഒന്നാണ്. 1997 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിന്‍റെ റീമേക്കുമാണ് ഇത്. രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ആദ്യ ദിനം തന്നെ സമ്മിശ്ര അഭിപ്രായം ലഭിച്ചത് ബോക്സ് ഓഫീസ് കളക്ഷനെ ബാധിച്ചു.

ALSO READ : നായകന്‍ ശ്രീനാഥ് ഭാസി; 'പൊങ്കാല' ഫൈനല്‍ ഷെഡ്യൂളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം