തിയറ്ററിലെ ആവേശം കളക്ഷനില്‍ പ്രതിഫലിച്ചോ? 'വിടാമുയര്‍ച്ചി' ആദ്യ ദിനം നേടിയത്
തുനിവ് ആണ് അജിത്തിന്‍റെ കഴിഞ്ഞ റിലീസ്
![Vidaamuyarchi opening box office ajith kumar Magizh Thirumeni Vidaamuyarchi opening box office ajith kumar Magizh Thirumeni](https://static-gi.asianetnews.com/images/01jkf4dsy5g7s4mxb3dv4gnvtc/fotojet--3-_363x203xt.jpg)
രണ്ട് വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്നതായിരുന്നു തമിഴ് ചിത്രം വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ യുഎസ്‍പി. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. 1997 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിന്‍റെ റീമേക്കുമാണ് ഇത്. രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ വമ്പന്‍ പ്രീ റിലീസ് ബുക്കിംഗ് ആണ് ചിത്രത്തിന് മിക്ക മാര്‍ക്കറ്റുകളിലും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓണിംഗ് കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ ചിത്രം ആദ്യ ദിനം 22 മുതല്‍ 24 കോടി വരെയാവും നേടുകയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഓഫ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയുടെ കണക്കുകള്‍ കൂടി എത്തുമ്പോള്‍ തമിഴ്നാട് കളക്ഷന്‍ ഇനിയും വര്‍ധിക്കാം. തമിഴ്നാടിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം ആദ്യ ദിനം 6- 7 കോടി നേടുമെന്നാണ് സാക്നില്‍കിന്‍റെ വിലയിരുത്തല്‍. അങ്ങനെ ഇന്ത്യയില്‍ നിന്നുള്ള വിടാമുയര്‍ച്ചിയുടെ ആദ്യ ദിന ബോക്സ് ഓഫീസ് 28 കോടിക്ക് മുകളില്‍ ആയിരിക്കുമെന്ന് ഇവര്‍ പറയുന്നു. മികച്ച ഓപണിംഗ് ആണ് ഇത്.
അതേസമയം ആദ്യ ദിനത്തിലേക്ക് മാത്രമല്ല, വാരാന്ത്യത്തിലെ തുടര്‍ ദിനങ്ങളിലേക്കും ചിത്രത്തിന് മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിച്ചിരുന്നു. ചിത്രത്തിന് ആദ്യ ദിനം ലഭിച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലേക്ക് ഇനി വരാനുള്ള ബുക്കിംഗിനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അര്‍ജുന്‍ സര്‍ജ, തൃഷ കൃഷ്ണന്‍, റെജിന കസാന്‍ഡ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ : നടന്‍ ജയശങ്കർ കാരിമുട്ടം നായകനിരയിലേക്ക്; 'മറുവശം' ഈ മാസം തിയറ്ററുകളില്‍