ബോളിവുഡില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സൃഷ്ടിക്കുമോ രാജ്കുമാര്‍ റാവു; 'വിക്കി വിദ്യ വീഡിയോയുടെ' അവസ്ഥ !
വിക്കി വിദ്യാ കാ വോ വാല വീഡിയോ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്ത്യയിൽ മികച്ച കളക്ഷനാണ് നാല് ദിവസത്തില്‍ ചിത്രം നേടിയത്.
മുംബൈ: വിക്കി വിദ്യാ കാ വോ വാല വീഡിയോ ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്ത്രീ 2 എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിന് ശേഷം ഇറങ്ങിയ രാജ്കുമാർ റാവു ചിത്രമാണ് വിക്കി വിദ്യാ കാ വോ വാല വീഡിയോ. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. ആദ്യ തിങ്കളാഴ്ച ബോക്‌സ് ഓഫീസിൽ ചിത്രത്തിന്‍റെ കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ചിത്രം ബോക്സോഫീസില്‍ മികച്ച രീതിയില്‍ പ്രകടനം നടത്തുന്നുണ്ട്.
ട്രേഡ് സൈറ്റ് സാക്നില്‍ക്.കോം കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയിൽ 21 കോടിയിലധികം നേടിയിട്ടുണ്ട്. ഒക്‌ടോബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആലിയ ഭട്ട് നായികയായ ജിഗ്രയെക്കാള്‍ കളക്ഷനില്‍ ഏറെ മുന്നിലാണ്.
സാക്നില്‍ക്.കോം റിപ്പോർട്ട് പ്രകാരം കോമഡി ചിത്രമായ വിക്കി വിദ്യാ കാ വോ വാല വീഡിയോ ആദ്യ ദിവസം 5.5 കോടിയും രണ്ടാം ദിവസം 6.9 കോടിയും മൂന്നാം ദിവസം 6.4 കോടിയും നേടി. ആദ്യ കണക്കുകൾ പ്രകാരം ചിത്രം നാലാം ദിവസം ഇന്ത്യയിൽ 2.25 കോടി രൂപ നേടി. ഇതുവരെ 21.05 കോടി രൂപയാണ് കളക്ഷനായി ചിത്രം നേടിയിരിക്കുന്നത്. വിക്കി വിദ്യാ കാ വോ വാല വീഡിയോയ്ക്ക് തിങ്കളാഴ്ച 10.96% ഹിന്ദി തീയറ്റര്‍ ഒക്യുപെന്‍സി ഉണ്ടായിരുന്നത്.
രാജ് ഷാൻഡില്‍ സംവിധാനം ചെയ്ത ചിത്രം 90-കളിലെ നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്‌സ് ടേപ്പിനെക്കുറിച്ചുള്ള അന്വേഷണവും രസകരമായ കാര്യങ്ങളുമാണ് പറയുന്നത്. രാജ്കുമാറിനെയും തൃപ്തിയുടെ ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ മല്ലിക ഷെരാവത്, വിജയ് റാസ്, രാകേഷ് ബേദി, അർച്ചന പുരൺ സിംഗ്, ടിക്കു തൽസാനിയ, മുകേഷ് തിവാരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം വലിയ ഹിറ്റാണ്. ചിത്രത്തിലെ ഗാനമായ മേരെ മെഹബൂബ് ഇറങ്ങിയപ്പോള്‍ അത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഗാനത്തിലെ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ അശ്ലീലമാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വന്നത്. ഇതിന്‍റെ പേരില്‍ നായിക തൃപ്തി ദിമ്രിക്കെതിരെ സൈബര്‍ ട്രോളുകളും വന്നിരുന്നു. മേരെ മെഹബൂബ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയും ആലപിച്ചിരിക്കുന്നത് ശിൽപ റാവുവുമാണ്.