ഈ സൗഹൃദക്കൂട്ടം ബോക്സ് ഓഫീസ് മിന്നിക്കുമോ? 'വര്‍ഷങ്ങള്‍ക്കു ശേഷം' അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയത്
വന്‍ താരനിര അണിനിരക്കുന്ന ചിത്രം
തന്‍റേതായ ഫാന്‍ ബേസ് സൃഷ്ടിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് വിനീത് ശ്രീനിവാസന്‍. താരങ്ങള്‍ ആരൊക്കെയായാലും അദ്ദേഹത്തിന്‍റെ സിനിമയ്ക്ക് ഒരു മിനിമം ഓപണിംഗ് അതിനാല്‍ത്തന്നെയുണ്ട്. ആദ്യചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് മുതല്‍ അവസാന ചിത്രമായ ഹൃദയം വരെ ആദ്യദിനം കാണാന്‍ പ്രേക്ഷകര്‍ ഇരച്ചെത്തിയിട്ടുണ്ട്. വിനീതിന്‍റെ കരിയറിലെതന്നെ ഏറ്റവുമധികം താരസമ്പന്നമായ ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം. വിഷു, ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 1.43 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. ഇന്നത്തെ ദിവസം മറ്റ് പ്രധാന റിലീസുകള്‍ ഉള്ളതും ആടുജീവിതം ഇപ്പോഴും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതുമായ സാഹചര്യം പരിഗണിക്കുമ്പോള്‍ മികച്ച പ്രീ സെയില്‍ ആണ് ഇത്. പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും കല്യാണി പ്രിയദര്‍ശനുമടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ആദ്യാഭിപ്രായങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‍മാന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മാണം. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.