നാലാം വാരവും തിയറ്റര്‍ വിടാതെ 'വാഴ'; മൂന്നാഴ്ച കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

നാലാം വാരവും മികച്ച സ്ക്രീന്‍ കൗണ്ട്

vaazha malayalam movie three week box office vipin das Anand Menen

പുതുതലമുറ പ്രേക്ഷകര്‍ക്ക് അടുപ്പമുള്ള ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തിയ ചിത്രമാണ് വാഴ. ജയ ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രം എന്നതായിരുന്നു ഈ ചിത്രത്തിന്‍റെ മറ്റൊരു യുഎസ്‍‍പി. വലിയ പ്രീ റിലീസ് ബഹളങ്ങളൊന്നുമില്ലാതെയാണ് വന്നതെങ്കിലും നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ടോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ മൂന്ന് ആഴ്ചകളിലെ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് മാത്രം ചിത്രം 28 കോടി ഇതിനകം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മറ്റിടങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമായി നേടിയത് മറ്റൊരു 12 കോടി. അങ്ങനെ 40 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. താരതമ്യേന ചെറിയ കാന്‍വാസില്‍ എത്തിയ ചിത്രത്തെ സംബന്ധിച്ച് മികച്ച വിജയമാണ് ഇത്. നീരജ് മാധവ് നായകനായ ഗൗതമൻ്റെ രഥം എന്ന ചിത്രത്തിന് ശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. വാഴ: ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ പേര്. ഓഗസ്റ്റ് 15 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്.  

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്,  നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങൾ. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ : ലൈഫ് ടൈം അവാര്‍ഡ് ഏറ്റുവാങ്ങി ജഗദീഷ്; ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ് വേദിയില്‍ നിറസാന്നിധ്യമായി സുരേഷ് ഗോപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios