വര്‍ഷം തുടങ്ങിയിട്ട് 38 ദിവസം; രണ്ട് 300 കോടി ക്ലബ്ബ് ചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമ!
ബോക്സ് ഓഫീസില്‍ ഒരേ സംഖ്യയാണ് മറികടന്നതെങ്കിലും ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കളെ സംബന്ധിച്ച് അതിന് വലിയ അന്തരമുണ്ട്
ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2023. 94 കോടി ടിക്കറ്റുകളാണ് ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകള്‍ ചേര്‍ന്ന് പോയ വര്‍ഷം വിറ്റതെന്നാണ് കണക്ക്. ഇതിലൂടെ നേടിയ കളക്ഷന്‍ 12,226 കോടിയും! കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സിനിമാ വ്യവസായം പൂര്‍ണ്ണമായും ഉയര്‍ത്തെഴുത്തേറ്റ വര്‍ഷം. ബോളിവുഡിന്‍റെ തിരിച്ചുവരവായിരുന്നു അതില്‍ ശ്രദ്ധേയം. രണ്ട് 1000 കോടി ചിത്രങ്ങളുമായി ഷാരൂഖ് ഖാന്‍ ആയിരുന്നു അത് മുന്നില്‍ നിന്ന് നയിച്ചത്. 2023 ലെ കുതിപ്പ് ഇന്ത്യന്‍ ബോക്സ് ഓഫീസ് പുതുവര്‍ഷത്തിലും തുടരുമോ? ആദ്യ സൂചനകള്‍ ഇങ്ങനെയാണ്.
പുതുവര്‍ഷം ഒരു മാസവും ഏതാനും ദിവസങ്ങളും മാത്രം പിന്നിട്ടപ്പോള്‍ കളക്ഷനില്‍ 300 കോടി പിന്നിട്ട രണ്ട് ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഉണ്ട്. അതും രണ്ട് ഭാഷകളില്‍ നിന്ന് ഉള്ളവയാണ്. ബോളിവുഡില്‍ നിന്ന് പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിന്‍റെ ഹൃത്വിക് റോഷന്‍- ദീപിക പദുകോണ്‍ ചിത്രം ഫൈറ്ററും തെലുങ്കില്‍ നിന്ന് പ്രശാന്ത് വര്‍മ്മയുടെ സംവിധാനത്തില്‍ തേജ സജ്ജ നായകനായ ഹനു മാനും. ഇതില്‍ ഫൈറ്റര്‍ ആണ് ബോക്സ് ഓഫീസിലെ ഈ നാഴികക്കല്ല് ആദ്യം പിന്നിട്ടത്. ഫെബ്രുവരി 5 നാണ് ചിത്രം 300 കോടി ക്ലബ്ബില്‍ എത്തിയതായി ചിത്രത്തിന്‍റെ അണിയറക്കാര്‍ അറിയിച്ചത്. തങ്ങളുടെ ചിത്രം 300 കോടി കടന്നതായി ഫെബ്രുവരി 6 ന് ഹനു മാന്‍ അണിയറക്കാരും അറിയിച്ചു.
അതേസമയം ബോക്സ് ഓഫീസില്‍ ഒരേ സംഖ്യയാണ് മറികടന്നതെങ്കിലും ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കളെ സംബന്ധിച്ച് അതിന് വലിയ അന്തരമുണ്ട്. ഹനു മാന്‍റെ ബജറ്റ് 25 കോടിയും ഫൈറ്ററിന്‍റേത് 250 കോടിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതനുസരിച്ച് ഹനു മാന്‍ ഇതിനകം തന്നെ വലിയ വിജയമാണെങ്കില്‍ ഫൈറ്റര്‍ നിര്‍മ്മാതാവിനെ സംബന്ധിച്ച് ലാഭമാവണമെങ്കില്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം