അന്നത്തേക്കാൾ 225 ശതമാനം അധികം! 6 വര്‍ഷത്തിന് ശേഷമുള്ള റീ റിലീസ്, ബോക്സ് ഓഫീസിൽ അമ്പരപ്പിച്ച് ആ ചിത്രം
2018 ല്‍ പുറത്തെത്തിയ ഫോക്ക് ഹൊറര്‍ ചിത്രം
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ട്രെന്‍ഡ് ആയ റീ റിലീസിന്‍റെ ഭാഗമായി രണ്ട് തരത്തിലുള്ള സിനിമകളാണ് പ്രധാനമായും എത്തുന്നത്. ഒന്ന് ഒറിജിനല്‍ റിലീസിന്‍റെ സമയത്തുതന്നെ വലിയ വിജയം നേടിയ സിനിമകള്‍, രണ്ട് ആദ്യ റിലീസിന്‍റെ സമയത്ത് തിയറ്ററുകളില്‍ പരാജയപ്പെടുകയും എന്നാല്‍ പിന്നീട് പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്ത ചിത്രങ്ങള്‍. എന്നാല്‍ ബോളിവുഡില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഒരു റീ റിലീസ് മൂന്നാമതൊരു ഗണത്തില്‍ പെടുന്നതാണ്. ഒറിജിനല്‍ റിലീസ് സമയത്ത് വിജയം വരിക്കുകയും എന്നാല്‍ പിന്നീട് പ്രേക്ഷകര്‍ക്കിടയില്‍ കള്‍ട്ട് പദവി നേടുകയും ചെയ്ത ഒരു ചിത്രം. സ്വാഭാവികമായും കൂടുതല്‍ മെച്ചപ്പെട്ട വിജയം നിര്‍മ്മാതാക്കള്‍ ആഗ്രഹിച്ച ചിത്രം. അതെ തുമ്പാഡിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
2018 ല്‍ പുറത്തെത്തിയ ഈ ഫോക്ക് ഹൊറര്‍ ചിത്രത്തിന്‍റെ സംവിധാനം രാഹി അനില്‍ ബാര്‍വെ ആണ്. 5 കോടി ബജറ്റില്‍ എത്തിയ ഈ വിസ്മയ ചിത്രം ഒറിജിനല്‍ റിലീസിന്‍റെ സമയത്തേ 15 കോടി നേടിയിരുന്നു. 2018 ഒക്ടോബര്‍ 12 നായിരുന്നു ഒറിജിനല്‍ റിലീസ്. ഇപ്പോഴിതാ സെപ്റ്റംബര്‍ 13 ന് തിയറ്ററുകളില്‍ റീ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം ഒറിജിനല്‍ റിലീസ് സമയത്തെ കളക്ഷനെ വെല്ലുന്ന പ്രകടനമാണ് നടത്തുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ആദ്യ വീക്കെന്‍ഡില്‍ ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍ 7.25 കോടി ആണ്. ഒറിജിനല്‍ റിലീസിന്‍റെ സമയത്തേക്കാള്‍ 225 ശതമാനം കൂടുതല്‍ ആണ് ഇത്! 2018 ല്‍ എത്തിയപ്പോള്‍ ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേടിയത് 3.25 കോടി മാത്രമായിരുന്നു. റീ റിലീസില്‍ ആദ്യദിനം 1.60 കോടി നേടിയ ചിത്രം ശനിയാഴ്ച 2.60 കോടിയും ഞായറാഴ്ച 3.05 കോടിയും നേടി. ആകെ കളക്ഷനില്‍ ചിത്രം തീര്‍ച്ചയായും ഒറിജിനല്‍ റിലീസ് സമയത്തെ കളക്ഷനെ മറികടക്കുമെന്നാണഅ വിലയിരുത്തല്‍. ഒറിജിനല്‍ കോണ്ടെന്‍റ് വന്നാല്‍ പുതിയ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിന് തെളിവാകുകയാണ് ഈ റീ റിലീസ്.
ALSO READ : 10 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കോമ്പോ വീണ്ടും? ഔദ്യോഗിക പ്രഖ്യാപനം കാത്ത് ആരാധകര്‍