യുഎസില്‍ ചരിത്രം കുറിക്കാന്‍ വിജയ്; അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ഗോട്ട്' ഇതുവരെ നേടിയത്
റിലീസ് സെപ്റ്റംബര്‍ 5 ന്
പ്രഖ്യാപന സമയം മുതലേ ഹൈപ്പ് ഉള്ള ചിത്രമാണ് വിജയ്‍യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്). സജീവ രാഷ്ട്രീയ പ്രവേശനം കൂടി പ്രഖ്യാപിച്ചതോടെ ഉണ്ടായിരുന്ന ഹൈപ്പ് വീണ്ടും വര്‍ധിച്ചു. ഗോട്ടിന് ശേഷം ഒരേയൊരു ചിത്രത്തില്‍ മാത്രമാണ് വിജയ് അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഹൈപ്പ് ചിത്രത്തിന്‍റെ പ്രീ റിലീസ് ടിക്കറ്റ് സെയില്‍സിലും കാണാനാവുന്നുണ്ട്. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നുള്ള അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രീമിയര്‍ ഷോകള്‍ ആരംഭിക്കാന്‍ എട്ട് ദിവസം ശേഷിക്കെ ചിത്രം യുഎസില്‍ നിന്ന് ഇതുവരെ നേടിയത് 2.05 കോടി ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 292 ലൊക്കേഷനുകളിലായി 9500 ടിക്കറ്റുകളാണ് ചിത്രം വിറ്റത്. അവസാന 24 മണിക്കൂറില്‍ മാത്രം ചിത്രം നേടിയത് 1.75 കോടിയാണ്. പ്രേക്ഷകരുടെ താല്‍പര്യം കണ്ട് കൂടുതല്‍ തിയറ്ററുകാര്‍ ഗോട്ടിനായി എത്തുന്നുമുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഹിന്ദി, തെലുങ്ക് സിനിമകളാണ് യുഎസ് തിയറ്ററുകളില്‍ ഏറ്റവും നന്നായി പോവാറ്. എന്നാല്‍ ഗോട്ടിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍ തിയറ്റര്‍ ശൃംഖലകള്‍ക്ക് കൌതുകം പകരുന്നുണ്ട്.
വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 5 ന് ആണ്. തമിഴ്നാട്ടിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് വിതരണക്കാരുടെ തീരുമാനം. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് വിജയ് എത്തുക. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
ALSO READ : അശോകൻ ഇനി 'ശിവദാസൻ'; 'കിഷ്‍കിന്ധാ കാണ്ഡം' ക്യാരക്ടർ പോസ്റ്റർ എത്തി