ലിയോ, കെജിഎഫ്, ഒടിയന്‍ എല്ലാവരും വീഴുമോ? കേരളത്തില്‍ ഫസ്റ്റ് ഡേ റെക്കോര്‍ഡ് ലക്ഷ്യമിട്ട് 'ഗോട്ട്'
ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്
കേരളത്തില്‍ ഏറ്റവും ആരാധകരുള്ള ഇതരഭാഷാ താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. വിജയ് എന്നാണ് അത്. നിലവില്‍ കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡും വിജയ്‍യുടെ പേരിലാണ്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ലിയോ ആണ് കേരളത്തില്‍ റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം. വമ്പന്‍ ഹൈപ്പുമായി എത്തിയ ചിത്രം ആദ്യദിനം ഇവിടെനിന്ന് 12 കോടിയാണ് നേടിയത്. ഇപ്പോഴിതാ മറ്റൊരു വിജയ് ചിത്രം തിയറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ റെക്കോര്‍ഡ് തകരുമോ എന്ന ചോദ്യവും ഉയരുകയാണ്.
പ്രമുഖ നിര്‍മ്മാതാക്കളും വിതരണക്കാരുമായ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. നേരത്തെ ലിയോ, ജയിലര്‍ അടക്കം കേരളത്തില്‍ വന്‍ വിജയം നേടിയ പല മറുഭാഷാ ചിത്രങ്ങളും വിതരണത്തിനെത്തിച്ചത് ഗോകുലം ആയിരുന്നു. വന്‍ സ്ക്രീന്‍ കൗണ്ടോടെയാണ് ഗോട്ട് കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. 700 ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. ആദ്യദിനം കേരളത്തില്‍ മാത്രം 4000 പ്രദര്‍ശനങ്ങളാണ് നടക്കാനിരിക്കുന്നത്.
സമീപകാലത്തിലൊക്കെ നടന്നതുപോലെ തമിഴ്നാടിനേക്കാള്‍ ആദ്യം ചിത്രം പ്രദര്‍ശനമാരംഭിക്കുക കേരളത്തിലാണ്. പുലര്‍ച്ചെ 4 മണിക്കാണ് കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍. ആദ്യ ഷോകളില്‍ പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ഈ ചിത്രം കേരളത്തിലെ ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ആ സാധ്യത ആദ്യ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ ഉറപ്പിക്കാനാവൂ. സംവിധായകന്‍ വെങ്കട് പ്രഭു ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ വലിയ ആത്മവിശ്വാസമാണ് പ്രൊമോഷന്‍ വേദികളില്‍ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ലിയോ കഴിഞ്ഞാല്‍ ആദ്യദിനം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം കെജിഎഫ് 2 ആണ്. 7.25 കോടിയാണ് കെജിഎഫ് 2 നേടിയത്. മൂന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ആണ്. 6.76 കോടിയാണ് ഒടിയന്‍റെ കേരളത്തിലെ ഫസ്റ്റ് ഡേ ബോക്സ് ഓഫീസ്.