ബജറ്റ് 75 കോടി, കരിയറിലെ ഏറ്റവും വലിയ പടം; 'തണ്ടേൽ' നാഗചൈതന്യയുടെ കരിയര്‍ മാറ്റുമോ? റിലീസ് ദിനത്തിൽ നേടിയത്

ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം

thandel movie opening box office collection Naga Chaitanya geetha arts

അഭിനേതാക്കള്‍ കരിയറില്‍ ലഭിക്കുന്ന ചില സിനിമകളെ വലിയ പ്രാധാന്യത്തോടെ കാണാറുണ്ട്. മികച്ച കഥാപാത്രവും വലിയ കാന്‍വാസുമൊക്കെയുള്ള ചിത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി എത്ര അധ്വാനിക്കാനും മടിയില്ലാത്ത താരങ്ങളുണ്ട്. ഇപ്പോഴിതാ തെലുങ്ക് താരം നാഗചൈതന്യയെ സംബന്ധിച്ച് ഇതുവരെയുള്ള കരിയറില്‍ അദ്ദേഹം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒരു ചിത്രം ഇന്നലെ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച തണ്ടേല്‍ എന്ന ചിത്രമാണ് ഇത്. 

റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തീരദേശവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രമാണ്. മത്സ്യത്തൊഴിലാളിയായ രാജു എന്ന കഥാപാത്രമായാണ് നാഗചൈതന്യ സ്ക്രീനില്‍ എത്തുന്നത്. നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. സായ് പല്ലവിയാണ് നായിക. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോഴും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.

നിര്‍മ്മാതാക്കളായ ഗീത ആര്‍ട്സ് പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 21.27 കോടിയാണ്. നാഗചൈനത്യയുടെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. മികച്ച മൌത്ത് പബ്ലിസിറ്റി നേടാന്‍ കഴിഞ്ഞതോടെ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷനിലും ചിത്രം മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.

അതേസമയം പ്രീ റിലീസ് ബിസിനസിലൂടെ മികച്ച നേട്ടമുണ്ടാക്കിയ ചിത്രവുമാണ് ഇത്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തുതന്നെ ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വിറ്റുപോയിരുന്നു. 40 കോടിയാണ് ഈ ഇനത്തില്‍ മാത്രം നിര്‍മ്മാതാക്കള്‍ നേടിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പോസിറ്റീവ് അഭിപ്രായം കൂടി വരുന്നതോടെ ഗീത ആര്‍ട്സിന് നേട്ടമാവുന്ന ചിത്രമായിരിക്കും ഇത്. 

ALSO READ : നടന്‍ ജയശങ്കർ കാരിമുട്ടം നായകനിരയിലേക്ക്; 'മറുവശം' ഈ മാസം തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios