ഇനി വേണ്ടത് 46 കോടി! കിട്ടിയാല്‍ ബോക്സ് ഓഫീസില്‍ നമ്പര്‍ 1; ചരിത്രം കുറിക്കുമോ ആ ചിത്രം?
ഓഗസ്റ്റ് 15 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്
മിനിമം ഗ്യാരന്‍റി കല്‍പ്പിക്കാവുന്ന സൂപ്പര്‍താരങ്ങള്‍ ഇന്ന് ഏത് സിനിമാ മേഖലയിലും കുറവാണ്. അത് ബോളിവുഡ് ആയാലും കോളിവുഡ് ആയാലും ഒക്കെ ശരി തന്നെ. താരമൂല്യത്തേക്കാള്‍ ചിത്രങ്ങളുടെ ഉള്ളടക്കത്തിനാണ് ഇന്നത്തെ പ്രേക്ഷകര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. വലിയ താരമൂല്യമില്ലാതെയെത്തി, എന്നാല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് വാല്യു കൊണ്ട് സൂപ്പര്‍താര ചിത്രങ്ങളെപ്പോലും വെല്ലുന്ന വിജയം നേടുന്ന ചിത്രങ്ങളുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ അത്തരം ഒരു ചിത്രം വിസ്മയ വിജയം കൊയ്യുകയാണ്.
രാജ്‍കുമാര്‍ റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമര്‍ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 എന്ന ചിത്രമാണ് ബോക്സ് ഓഫീസില്‍ തകര്‍പ്പന്‍ സംഖ്യകള്‍ നേടുന്നത്. ഓഗസ്റ്റ് 15 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. 28 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 536 കോടിയാണ്. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ ഇന്ത്യന്‍ കളക്ഷനില്‍ സ്ത്രീ 2 ന് മുന്നിലുള്ളത് ഒരേയൊരു ചിത്രമാണ്. ഷാരൂഖ് ഖാന്‍- ആറ്റ്ലി ചിത്രം ജവാന്‍ ആണ് അത്.
582 കോടി ആയിരുന്നു ജവാന്‍റെ ഇന്ത്യന്‍ ബോക്സ് ഓഫീസ് നേട്ടം. അതായത് 46 കോടി കൂടി കളക്റ്റ് ചെയ്താല്‍ ബോളിവുഡിലെ എക്കാലത്തെയും വലിയ ഇന്ത്യന്‍ കളക്ഷന്‍ സ്ത്രീ 2 ന്‍റെ പേരില്‍ ആവും. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 760 കോടി നേടിയിട്ടുണ്ട്. ആഗോള കളക്ഷനില്‍ ജവാനും (1100 കോടി) പഠാനുമടക്കം (1050 കോടി) നിരവധി ചിത്രങള്‍ സ്ത്രീ 2 ന് മുന്നില്‍ ഉണ്ട്.