സിങ്കം എഗെയിന്‍, ഭൂൽ ഭുലയ്യ 3, അമരൻ എന്നീ ചിത്രങ്ങള്‍ സൗദിയിൽ പ്രദര്‍ശിപ്പിക്കില്ല; കാരണം ഇതാണ് !
സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3, അമരൻ എന്നീ ദീപാവലി ചിത്രങ്ങൾ സൗദി അറേബ്യയിൽ റിലീസ് ചെയ്യില്ല.
ദില്ലി: ഇന്ത്യന്‍ ബോക്സോഫീസിലെ ഏറ്റവും വലിയ ആഘോഷ റിലീസ് സമയമാണ് ദീപാവലി. ഹിന്ദിയിലും തെന്നിന്ത്യയിലും ഒരുപോലെ വന്‍ ചിത്രങ്ങള്‍ എത്തുന്ന സമയം. ഇത്തവണ ബോളിവുഡില്‍ വന്‍ ക്ലാഷാണ് നടക്കുന്നത് മള്‍ട്ടിസ്റ്റാര്‍ കോപ്പ് യൂണിവേഴ്സ് ചിത്രം സിങ്കം എഗെയ്നും, ഹൊറര്‍ കോമഡി ചിത്രം ഭൂൽ ഭുലയ്യ 3യും. തമിഴില്‍ അമരന്‍ അടക്കം ചിത്രങ്ങളും റിലീസ് ചെയ്യുന്നു.
എന്നാല്‍ ദീപാവലി ചിത്രങ്ങളായ സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3, അമരൻ എന്നിവ സൗദി അറേബ്യയിൽ റിലീസ് ചെയ്യില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുഎഇ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ട്.
സിനിമ സെന്‍സര്‍ സംബന്ധിച്ച് കര്‍ശനമായ നിലപാടാണ് സൗദിയില്‍. ദേശീയതയോ മതപരമോ ലൈംഗികമോ ആയ ഉള്ളടക്കമുള്ള സിനിമകള്‍ സെന്‍സറിംഗ് കര്‍ശമനമാണ്. മുന്‍പും പല ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യൻ സിനിമകൾക്ക് പ്രദര്‍ശന വിലക്ക് വന്നിട്ടുണ്ട്.
സൗദി അറേബ്യൻ പ്രദര്‍ശന അനുമതി തേടുന്ന ചിത്രങ്ങളുടെ ഉള്ളടക്കം അവലോകനം ചെയ്യുകയും സൗദിയുടെ നിലപാടിന് വിരുദ്ധമായ മതപരമായ കാര്യങ്ങൾ, ലൈംഗികത, രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിവ ഉൾക്കൊള്ളുന്നവയാണെങ്കില്‍ സെൻസർ ചെയ്യുകയോ പ്രദര്‍ശനം നിരോധിക്കുകയോ ചെയ്യാറുണ്ട്. ഈ സമീപനം ഇന്ത്യൻ സിനിമകളിൽ മാത്രമല്ല വന്‍കിട ഹോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും ബാധകമാണ്. ചില സിനിമകൾ സൗദിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രത്യേകം എഡിറ്റ് ചെയ്ത് പ്രദര്‍ശനത്തിന് എത്തിക്കാറുണ്ട്.
ദീപാവലി ചിത്രങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ വഴി തേടുമോ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. അതേ സമയം ഇന്ത്യന്‍ ബോക്സോഫീസില്‍ കടുത്ത പോരാട്ടമാണ് നടക്കുക. ബോളിവുഡില്‍ സിങ്കം എഗെയ്നും ഹൊറര്‍ കോമഡി ചിത്രം ഭൂൽ ഭുലയ്യ 3 തമ്മിലുള്ള ക്ലാഷില്‍ ആര് ജയിക്കും എന്ന ചോദ്യമാണ് ഉയരുന്നത്. അതേ സമയം അമരന്‍ ശിവകാര്‍ത്തികേയന് കോളിവുഡില്‍ ഏറ്റവും വലിയ ഓപ്പണിംഗ് നല്‍കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
അതേ സമയം കാവിൻ നായകനായ ബ്ലഡി ബെഗ്ഗര്‍, ജയം രവിയുടെ ബ്രദര്‍ എന്നീ ചിത്രങ്ങളും ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് ചിത്രങ്ങളായ കെഎ, ലക്കി ബാസ്ഖർ എന്നിവയും അതേ തീയതിയിലാണ് റിലീസ് ചെയ്തത്. കന്നഡ ചിത്രം ബഗീരയും എത്തുന്നുണ്ട്.
150 കോടി ബജറ്റ്, ബോളിവുഡിന്റെ തലവരമാറുമോ ? ഭൂൽ ഭൂലയ്യ 3യിൽ പ്രതീക്ഷയോടെ ഹിന്ദി സിനിമാ ലോകം