കേരളത്തില്‍ മാത്രമല്ല 'ലൂക്ക് ആന്‍റണി' തരംഗം; 'റോഷാക്ക്' ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്
സൗദി, യുകെ, യുഎസ് റിലീസ് വൈകാതെ
കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ ചില ചിത്രങ്ങള്‍ വീണ്ടും വന്നതോടെ അത്തരം ആശങ്കകള്‍ ആഹ്ലാദത്തിന് വഴിമാറി. ഭീഷ്മപര്‍വ്വം, തല്ലുമാല, ന്നാ താന്‍ കേസ് കൊട് എന്നിവയൊക്കെ അക്കൂട്ടത്തില്‍ പെട്ട ചിത്രങ്ങളാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആണ് ആ ചിത്രം. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. ആദ്യ വാരാന്ത്യത്തില്‍ നിറയെ ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ആഘോഷിച്ച ചിത്രം ഓപണിംഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്.
വെള്ളിയാഴ്ച (7) തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണെന്ന് ആന്‍റോ ജോസഫ് അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് റിലീസ് ചെയ്‍ത മറ്റ് സെന്‍ററുകളും ചേര്‍ത്ത് ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് എത്രയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. കേരളത്തിന് പുറമെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ റിലീസും വെള്ളിയാഴ്ച തന്നെയായിരുന്നു. ഒപ്പം ജിസിസിയിലും അതേ ദിവസം തന്നെയാണ് എത്തിയത്. അവിടെയും മികച്ച സ്ക്രീന്‍ കൗണ്ട് ആയിരുന്നു ചിത്രത്തിന്.
യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലായിരുന്നു വെള്ളിലാഴ്ചത്തെ റിലീസ്. ഇത്രയും ഇടങ്ങളിലായി 109 സ്ക്രീനുകള്‍. ഈ മാര്‍ക്കറ്റുകളില്‍ നിന്നെല്ലാമായി ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 20 കോടി നേടിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്. ഈ മേഖലയിലെ പ്രമുഖരായ ശ്രീധര്‍ പിള്ള, ഗിരീഷ് ജോഹര്‍ എന്നിവരൊക്കെ ഈ സംഖ്യയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം മലയാള സിനിമയ്ക്ക് ഇപ്പോള്‍ സ്ഥിരം റിലീസ് ഉള്ള സൗദി, യുകെ, യുഎസ്, ഏഷ്യ പെസഫിക്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊന്നും ചിത്രം ഇതുവരെ എത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ വാരം ഇതില്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് ചിത്രം എത്തും. സോഷ്യല്‍ മീഡിയയിലൂടെ മികച്ച കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രത്തിന് ഇതോടെ കളക്ഷനില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ALSO READ : ഒടുവില്‍ തീരുമാനമായി, 'സാറ്റര്‍ഡേ നൈറ്റിന്‍റെ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.