'ദൃശ്യ'ത്തെ മറികടന്നു? മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം
ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെയായിരുന്നു ചിത്രത്തിന്‍റെ ഇനിഷ്യല്‍ റിലീസ്
കാര്യമായ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നും കൂടാതെ തിയറ്ററുകളിലേക്കെത്തുന്ന ചില ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയെ അത്ഭുതപ്പെടുത്തുന്ന സര്‍പ്രൈസ് ഹിറ്റുകള്‍ ആവാറുണ്ട്. എല്ലാ ഭാഷാ സിനിമാ വ്യവസായങ്ങളെയുംപോലെ മലയാളത്തിലും സംഭവിക്കാറുണ്ട് എത്തരം ചിത്രങ്ങള്‍. മോളിവുഡില്‍ അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് രോമാഞ്ചം. കൂടുതല്‍ കഥാപാത്രങ്ങളെയും പുതുമുഖങ്ങള്‍ അവതരിപ്പിച്ച, പുതുമുഖ സംവിധായകന്‍ ഒരുക്കിയ ഈ ഹൊറര്‍ കോമഡി ചിത്രം ആദ്യ കാഴ്ചയില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെയായിരുന്നു ചിത്രത്തിന്‍റെ ഇനിഷ്യല്‍ റിലീസ്. കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മറ്റ് മാര്‍ക്കറ്റുകളിലും കാര്യമായി ആസ്വദിക്കപ്പെട്ടതോടെ ഈ വര്‍ഷം മലയാള സിനിമയിലെ ആദ്യ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു ചിത്രം. വാരാന്ത്യങ്ങളില്‍ നിരവധി എണ്ണമറ്റ ഹൌസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ലഭിച്ച ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ ചിത്രം ഇടംപിടിച്ചിട്ടുണ്ടെന്നതാണ് ഇത് സംബന്ധിച്ച പുതിയ വാര്‍ത്ത.
മലയാളത്തില്‍ ജനപ്രീതിയില്‍ നാഴികക്കല്ലായ ഒരു ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ രോമാഞ്ചം മറികടന്നിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ദൃശ്യത്തെ മറികടന്ന് മലയാളം ഹിറ്റുകളില്‍ രോമാഞ്ചം ഏഴാം സ്ഥാനത്ത് എത്തിയിരിക്കുകയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാരില്‍ പലരും പറയുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 65 കോടിയിലധികം നേടിയെന്നാണ് വിവരം. കേരളത്തില്‍ നിന്ന് 40 കോടിയോളവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3.80 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 22 കോടിയുമാണ് ചിത്രം നേടിയത്.
എല്ലാം മറന്ന് ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളും കൈയടി നേടിക്കൊടുത്ത ഘടകമാണ്.
ALSO READ : പുതിയ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി ആസിഫ് അലി; വില ഒരു കോടിയിലേറെ