ബോക്സ് ഓഫീസില്‍ ഫുള്‍ സ്റ്റോപ്പ് ഇല്ലാതെ 'രോമാഞ്ചം'; ഒരു മാസം കൊണ്ട് നേടിയത്
ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമ
മലയാള സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ആണ് രോമാഞ്ചം. ഫെബ്രുവരി 3 ന് കേരളത്തിലെ 144 സ്ക്രീനുകളോടെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ആദ്യദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി പ്രവഹിക്കാന്‍ തുടങ്ങി. ആബാലവൃദ്ധം പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടര്‍ വാരങ്ങളില്‍ തിയറ്ററുകളില്‍ കാണാന്‍ സാധിച്ചത്. നാലാം വാരത്തില്‍ എത്തിയപ്പോള്‍ കേരളത്തില്‍ 197 സ്ക്രീനുകളാണ് രോമാഞ്ചത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ മുന്നോട്ടുവെക്കുന്ന കണക്കുകള്‍ പ്രകാരം 34 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 62 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് 38 കോടി നേടിയ ചിത്രം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 3.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.15 കോടിയും നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളുടെ നിരയിലേക്ക് ചിത്രം എത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ 23 ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എല്ലാം മറന്ന് ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സൌബിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, തുടങ്ങി അഭിനയിച്ചവരുടെ മികവുറ്റ പ്രകടങ്ങളും കൈയടി നേടിക്കൊടുത്ത ഘടകമാണ്.
അതേസമയം ചിത്രത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്‍റും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.
ALSO READ : 'തുറമുഖ'ത്തില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം? നിവിന്‍ പോളി പറയുന്നു