മികച്ച അഭിപ്രായം, കളക്ഷന്‍ എത്ര? 'റൈഫിള്‍ ക്ലബ്ബ്' 6 ദിവസം കൊണ്ട് നേടിയത്

ക്രിസ്‍മ്സ് റിലീസ് ആയി 19 ന് എത്തിയ ചിത്രം

rifle club malayalam movie 6 days box office collection aashiq abu

പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ച റൈഫിള്‍ ക്ലബ്ബ്. ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 

ക്രിസ്മസ് റിലീസ് ആയി ഈ മാസം 19 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇന്ത്യ ഓപണിംഗ് നെറ്റ് കളക്ഷന്‍ 1.15 കോടി ആയിരുന്നു. നാലാം ദിനമായ ആദ്യ ഞായറാഴ്ചയാണ് ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തത്. 1.78 കോടി ആയിരുന്നു അത്. ചൊവ്വാഴ്ച വരെയുള്ള കണക്ക് ആനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 7.05 കോടിയാണ്. ചൊവ്വാഴ്ചത്തെ സംഖ്യയില്‍ ഇനിയും വ്യത്യാസം വരാം. നെറ്റ് കളക്ഷനാണ് ഇത്. ഗ്രോസ് ഇതിലും ഉയരും.

ഒരു കുടുംബത്തിലെ പല തലമുറകളുടെ തുപ്പാക്കി ചരിതത്തിൻ്റെ കഥയുമായി എത്തിയിരിക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്. ബോളിവുഡിൽ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളിൽ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. ദയാനന്ദ് ബാരെ എന്നാണ് അനുരാഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കൂടാതെ ഇട്ടിയാനമായി വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന സെക്രട്ടറി അവറാന്‍, വിജയരാഘവൻ അവതരിപ്പിക്കുന്ന കുഴിവേലി ലോനപ്പൻ, സുരേഷ് കൃഷ്ണയുടെ ഡോ. ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, വിഷ്ണു ആഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ റൊമാന്‍റിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ, ദർശന രാജേന്ദ്രൻ അവതരിപ്പിക്കുന്ന കുഞ്ഞുമോൾ തുടങ്ങി ഒട്ടനവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അടങ്ങിയ ചിത്രമാണിത്. 

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റാഫി, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 

റൈഫിൾ ക്ലബ്ബിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. 

ALSO READ : ജോജുവിനൊപ്പം സുരാജ്, അലന്‍സിയര്‍; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios