മോഹൻലാലിന്റെ 'നേര്', 100 കോടി നേടിയോ ? വാസ്തവം എന്ത് ?
2023 ഡിസംബർ 23നാണ് നേര് റിലീസ് ചെയ്തത്.
ഇടക്കാലത്തെ പരാജയങ്ങൾക്ക് ശേഷം മോഹൻലാൽ വൻ തിരിച്ചുവരവ് നടത്തിയൊരു സിനിമയാണ് നേര്. അതുതന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങളിൽ ഒന്ന്. ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് വൻ ചലച്ചിത്രാനുഭവം സമ്മാനിച്ച ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ചതും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയ്ക്ക് ഒപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ നേരിന്റെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ട്വീറ്റുകളും വൈറൽ ആകുകയാണ്.
നേര് ബോക്സ് ഓഫീസിൽ നൂറ് കോടി നേടി എന്നതാണ് വാർത്ത. മോഹൻലാലിന്റെ വിവിധ ഫാൻ പേജുകളിലും പുതിയ വാൾ പോസ്റ്ററിലും ഇത്തരത്തിൽ കുറിച്ചിട്ടുണ്ട്. നേരിന്റെ വേൾഡ് വൈഡ് കളക്ഷൻ നൂറ് കോടിയാണെന്നാണ് കുറിച്ചിരിക്കുന്നത്. നേരിന്റെ ഗ്രോസ് കളക്ഷനല്ല ബിസിനസ് ആണ് നൂറ് കോടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ കുറിക്കുന്നു. അതായത് തിയറ്റർ, നോൺ തിയറ്റർ കളഷനുകൾ ചേർത്താണിത്. ഓഡിയോ, മ്യൂസിക്, ഒടിടി ബിസിനസുകള്‍ ഇവയില്‍പ്പെടുന്നു.
എന്നാൽ ബിസിനസ് ആയിലും അല്ലാതെയായലും നേര് 100കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നേര് അൻപത് കോടി നേടിയപ്പോൾ മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചിരുന്നു. ഇതുവരെ 100കോടി നേടിയ കാര്യം അദ്ദേഹം അറിയിച്ചിട്ടുമില്ല. എന്തായാലും നേര് 100കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ വൈകാതെ ഔദ്യോദിക വിശദീകരണം വരുമെന്നാണ് കരുതപ്പെടുന്നത്.
2023 ഡിസംബർ 23നാണ് നേര് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടിയ ചിത്രം മലയാളത്തിൽ മികച്ച കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, പ്രിയാമണി തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..