'രായന്‍' തൊട്ടുപിന്നില്‍! തമിഴ്നാട്ടില്‍ ഈ വര്‍ഷം 'മഞ്ഞുമ്മലി'നെ മറികടന്നത് മറ്റൊരു ചിത്രം മാത്രം

ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായുമെത്തിയ ചിത്രം ജൂലൈ 26 നാണ് തിയറ്ററുകളില്‍ എത്തിയത്

raayan is third behind manjummel boys and aranmanai 4 in tamil nadu collections this year

തമിഴ് സിനിമയെ സംബന്ധിച്ച് അത്ര നല്ലതായിരുന്നില്ല ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതി. വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതിന്‍റെയും റിലീസ് വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ആയതും കോളിവുഡ് പ്രതീക്ഷ പുലര്‍ത്തിയ ചില ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതുമായിരുന്നു ഇതിന് കാരണം. എന്നാല്‍ തമിഴ് സിനിമ അതിന്‍റെ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അരണ്‍മനൈ 4, മഹാരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ മികച്ച സംഖ്യ നേടുകയാണ് ഇപ്പോള്‍.

ധനുഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായുമെത്തിയ ചിത്രം ജൂലൈ 26 നാണ് തിയറ്ററുകളില്‍ എത്തിയത്. ആക്ഷന്‍ ക്രൈം ചിത്രം ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടിയതോടെ മികച്ച ബോക്സ് ഓഫീസ് പ്രതികരണവും വന്നുതുടങ്ങി. ഇപ്പോഴിതാ തമിഴ്നാട് കളക്ഷനില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്കും എത്തിയിരിക്കുകയാണ് ചിത്രം. 

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് രായന്‍ തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 കോടിയാണ്. രണ്ടാം സ്ഥാനത്ത് തമിഴ്നാട്ടില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണെന്നതാണ് കൗതുകകരമായ കാര്യം. 63.5 കോടിയാണ് മഞ്ഞുമ്മലിന്‍റെ തമിഴ്നാട്ടിലെ ലൈഫ് ടൈം കളക്ഷന്‍. ഒരേയൊരു ചിത്രം മാത്രമാണ് ഈ വര്‍ഷം തമിഴ്നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തമിഴ്നാട്ടിലെ കളക്ഷനെ മറികടന്നത്. അരണ്‍മനൈ 4 ആണ് അത്. 67 കോടിയാണ് ഈ ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടിയത്. എന്നാല്‍ ഏതാനും ദിവസം കൊണ്ട് രായന്‍ ആദ്യ സ്ഥാനത്ത് എത്തുമെന്ന് ഉറപ്പാണ്. 

അതേസമയം ധനുഷിന്‍റെ 50-ാം ചിത്രം കൂടിയായിരുന്ന രായന്‍ വെറും 6 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഏറ്റവും വേ​ഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ധനുഷ് ചിത്രം കൂടിയാണ് രായന്‍.

ALSO READ : നിര്‍മ്മാണം ടൊവിനോ, ബേസില്‍ നായകന്‍; 'മരണമാസ്' ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios